Latest NewsKeralaNews

10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തി: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിന്റെ ഭാഗമായി 10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതി തുടങ്ങി രണ്ട് മാസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായതെന്ന് മന്ത്രി വ്യക്തമാക്കി. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും അനിവാര്യമായ കാര്യങ്ങളാണ്. ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കി രോഗം നിയന്ത്രിക്കുകയും വരാൻ സാധ്യതയുള്ളവർക്ക് (റിസ്‌ക് ഫാക്ടേഴ്‌സ് കണക്കാക്കി സാധ്യത നിർണയം) രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ പിന്തുണയും നൽകുക എന്നതാണ് ലക്ഷ്യമിടുന്നതെന്നും വീണാ ജോർജ് അറിയിച്ചു.

Read Also: മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ കാട്ടാനകളുടെ വിളയാട്ടം : തൊഴിലാളിയുടെ വീട് തകര്‍ത്തു

നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായുള്ള ആർദ്രം മിഷൻ വഴി ഈ സർക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഏറ്റവും പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണിത്. ഇതിനായി ശൈലി ആപ്പ് രൂപപ്പെടുത്തുന്ന വേളയിൽ ക്യാൻസർ രോഗ നിയന്ത്രണം, സാന്ത്വന പരിചരണം എന്നീ മേഖലകളെ കൂടി ഉൾപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാൻ മന്ത്രി നിർദ്ദേശം നൽകുകയും ഇവ ഉൾപ്പെടുത്തുകയും ചെയ്തു. ക്യാൻസർ കണ്ടെത്താൻ സ്‌ക്രീനിംഗിലൂടെ സാധ്യതയുള്ളവർക്ക് ക്യാമ്പ് നടത്തി സ്‌പെഷ്യലിസ്റ്റ് പരിശോധന നടത്തുന്നതാണ്. വയനാട്, പത്തനംതിട്ട ജില്ലകളിൽ ഇത്തരം ക്യാമ്പ് നടത്തി സ്‌പെഷ്യലിസ്റ്റ് പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് ഒരു മാസത്തിനകം 140 നിയോജക മണ്ഡലങ്ങളിൽ ലക്ഷ്യം വച്ച പഞ്ചായത്തുകളിൽ പൂർത്തിയാക്കും. ആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകൾ സ്‌ക്രീനിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. വയനാട് ജില്ലയിൽ 90 ശതമാനം സ്‌ക്രീനിംഗും പൂർത്തിയാക്കി. ബാക്കിയുള്ള പഞ്ചായത്തുകൾ ഒരു മാസത്തിനകം പൂർത്തിയാക്കും. അതുകഴിഞ്ഞ് എല്ലാ പഞ്ചായത്തുകളിലും സ്‌ക്രീനിംഗ് ആരംഭിക്കുന്നതാണ്. ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവർത്തകർ വീട്ടിൽ പോയി കണ്ട് സ്‌ക്രീനിഗ് നടത്തി രോഗസാധ്യത കണ്ടെത്തുന്നു. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കുന്നു. പദ്ധതി ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ സംസ്ഥാന വ്യാപകമായി 10,22,680 പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തി. അതിൽ 20.45 ശതമാനം പേർ (2,09,149) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്ന റിസ്‌ക് ഫാക്ടർ ഗ്രൂപ്പിൽ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണെന്ന് വീണാ ജോർജ് വിശദീകരിച്ചു.

സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ വലിയ മാറ്റത്തിനായിരിക്കും ഈ പദ്ധതിയിലൂടെ കഴിയുന്നത്. ജീവിതശൈലീ രോഗങ്ങളും ക്യാൻസറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീണമാകാതെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നു. വലിയൊരു ജനവിഭാഗത്തെ ഇത്തരം രോഗങ്ങളിൽ നിന്നും മുക്തരാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. സ്‌ക്രീനിംഗിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ആരോഗ്യ പ്രവർത്തകരേയും പഞ്ചായത്തുകളേയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

Read Also: അൻപത് കൊല്ലം മുമ്പ് കേരളത്തിലെ യുവതികളുടെ അന്തസ്സുള്ള വേഷം മുണ്ടും ബ്ലൗസും ആയിരുന്നു: ചിലരുടെ തുണി വികാരങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button