KeralaLatest NewsNews

‘ഭരിക്കുന്ന കാലം വരെ എല്ലാവരെയും കൊല്ലുമെന്ന് പറഞ്ഞു’: യുവാവിന്റെ മരണത്തിൽ ഡി.വൈ.എഫ്.ഐക്കെതിരെ പരാതി

ആലപ്പുഴ: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡി.വൈ.എഫ്.ഐക്കെതിരെ പരാതിയുമായി കുടുംബം. ആലപ്പുഴ പുന്നപ്ര സ്വദേശി നന്ദു(19)വിന്റെ മരണത്തിലാണ് പിതാവും സഹോദരിയും ഡി.വൈ.എഫ്.ഐക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദനവും ഭീഷണിയുമാണ് നന്ദുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഇവർ ആരോപിക്കുന്നു.

പ്രദേശത്തെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും നേരത്തെ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഡി.വൈ.എഫ്.ഐക്കാർ പിന്തുടർന്നപ്പോഴാണ് നന്ദു ട്രെയിനിന് മുന്നിലേക്ക് ചാടിയതെന്നും ഇവർ ആരോപിക്കുന്നു. ആത്മഹത്യക്ക് തൊട്ടുമുൻപ് സഹോദരിയുമായി നന്ദു നടത്തിയ ഫോൺസംഭാഷണം ഇതിനിടെ പുറത്തുവന്നിരുന്നു. ഇതിൽ, മുന്ന, ഫൈസല്‍ എന്നിവര്‍ തന്നെ മര്‍ദിച്ചതായും താന്‍ തീവണ്ടിക്ക് മുന്നില്‍ ചാടാന്‍ പോവുകയാണെന്നും നന്ദു സഹോദരിയോട് പറയുന്നത് വ്യക്തമാണ്.

‘നന്ദുവിനെ അവർ കുറേ ഉപദ്രവിച്ചു. അതിന് ശേഷം ഇവിടെ വന്ന് ഭീഷണിപ്പെടുത്തി. നന്ദുവിനെ കൊല്ലും, ഇനി അഞ്ചുപേരെ കൊല്ലാനുണ്ട് എന്നൊക്കെയാണ് പറഞ്ഞിരുന്നത്. അവര്‍ ഭരിക്കുന്ന കാലം വരെ അവര്‍ എല്ലാവരെയും കൊല്ലുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഫൈസലും മുന്നയുമാണ് നന്ദുവിനെ മര്‍ദിച്ചത്. നിതിന്‍, കുട്ടച്ചന്‍, സുമേഷ്, വിഷ്ണു, ഇക്രു എന്നിവരടങ്ങിയ ഡി.വൈ.എഫ്‌.ഐ സംഘമാണ് വാളുമായി വന്ന് വീട്ടിലെത്തി വെല്ലുവിളിച്ചത്. സീവാള്‍ ബോയ്‌സ് എന്ന പേരിലുള്ള ക്ലബിലുള്ളതെല്ലാം ഡി.വൈ.എഫ്‌.ഐയുടെ തലപ്പത്തിരിക്കുന്നവരാണ്. അവരെല്ലാം കഞ്ചാവടിച്ച് നടക്കുന്ന പിള്ളേരാണ്’, സഹോദരി ആരോപിക്കുന്നു.

മരിക്കുന്നതിന് മുന്നേ സഹോദരിയുമായി നന്ദു നടത്തിയ ഫോൺ സംഭാഷണം ഇങ്ങനെ:

സഹോദരി: എവിടേയാടാ…

നന്ദു: ഞാന്‍ ദേ പറവൂര്..

സഹോദരി: നീ കുറേനേരമായി പറവൂരാണെന്ന് പറയന്നുണ്ടല്ലോ, നീ വീട്ടില്‍ വരാത്തത് എന്താടാ

നന്ദു: എന്തായാലും നാളെ രാവിലെ അറിയാം.

സഹോദരി: എന്ത് അറിയാന്ന്…

നന്ദു: എനിക്കിട്ട് ഇടിച്ചവന്മാര് നാളെ രാവിലെ വീട്ടില്‍ വരും.

സഹോദരി: നിനക്കിട്ട് ഇടിച്ചവന്മാരോ, ആര് ഇടിച്ച് നിന്നെ?

നന്ദു: മുന്നയും ഇടിച്ച് ഫൈസലാപ്പയും ഇടിച്ച്

സഹോദരി: നിന്നെ മുന്നയും ഫൈസലാപ്പയും ഇടിച്ചോ, അവന്മാരുള്ളതിന് നീ പൊയ്ക്കളഞ്ഞിട്ട് കാര്യമെന്താ

നന്ദു: ശരി എന്നാ ബൈ

സഹോദരി: എടാ നന്ദൂ, നീ ഇങ്ങോട്ട് വാ നന്ദൂ..

നന്ദു: ദേ ഞാന്‍ പറവൂരുണ്ടന്നേ, നാളെ രാവിലെ വരാന്നേ. ഞാന്‍ കറക്ടായി പറഞ്ഞാല്‍ വണ്ടാനത്തുണ്ട്. ട്രെയിന്‍ വരുന്നുണ്ട്, ശരി എന്നാല്‍…
സഹോദരി: നിന്റെ കൂടെ ആരൊക്കെയുണ്ട്

നന്ദു: ഞാന്‍ ഒറ്റയ്ക്കുള്ളൂ..

സഹോദരി: എടാ നന്ദൂ നീ ഇങ്ങോട്ട് വാടാ, ഞാനല്ലേ വിളിക്കുന്നേ

നന്ദു: എനിക്ക് വരണമെന്ന് ആഗ്രഹമുണ്ട്, ഇവന്മാരുടെ കൈ മേത്ത് വെച്ചുപോയി. ശരി എന്നാ, ദേ ട്രെയിന്‍ വന്നു. ചാടട്ടെ…ശരി അക്കെ ബൈ…

 

shortlink

Related Articles

Post Your Comments


Back to top button