KeralaLatest News

അച്ഛനും അമ്മയ്ക്കും നിരന്തരം പാരസെറ്റമോൾ കലക്കി ആഹാരം കൊടുത്തു, സോപ്പ് ലായനിയിലൂടെ ഭക്ഷ്യ വിഷബാധയാക്കാനും ശ്രമം

കുന്നംകുളം: കിഴൂരിൽ ഭക്ഷണത്തിൽ വിഷം കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ ചോഴിയാട്ടിൽ വീട്ടിൽ ഇന്ദുലേഖ (39) യെ റിമാൻഡ് ചെയ്തു. സാമ്പത്തിക പ്രതിസന്ധി തീർക്കാൻ സ്വത്ത് തട്ടിയെടുക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ചായയിൽ എലിവിഷം കലർത്തി നൽകിയതാണ് രുക്മിണിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.

കിഴൂർ കാക്കത്തിരുത്ത് റോഡിൽ ചോഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുക്മിണി (58) യാണ് കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കിഴൂരിൽ 13.5 സെന്റ് സ്ഥലവും വീടുമാണ് ഇവർക്കുണ്ടായിരുന്നത്. മാതാപിതാക്കളുടെ കാലശേഷം ഇത് ഇന്ദുലേഖയ്ക്ക് എഴുതിവെച്ചിരുന്നു. മകൾക്ക് എട്ട് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു.

വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി സ്വർണാഭരണങ്ങൾ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വെച്ചാണ് ഇത്രയും ബാധ്യതയുണ്ടായതെന്നാണ് ഇന്ദുലേഖ പോലീസിനോട് പറഞ്ഞത്. വിദേശത്തുള്ള ഭർത്താവിന് ബാധ്യതകൾ അറിയാമായിരുന്നില്ല. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് ഭർത്താവ് നാട്ടിലെത്തിയിരുന്നു. ഇതോടെ സ്വർണാഭരണങ്ങൾ തിരിച്ചെടുക്കേണ്ടിയിരുന്നു. സ്ഥലം പണയം വെച്ച് തുക കണ്ടെത്തുന്നതിന് രുക്മിണി സമ്മതിച്ചില്ല.

ഒരു മാസമായി പനിയുടെ ഗുളികകൾ ഭക്ഷണത്തിൽ കലർത്തി അമ്മയ്ക്കും അച്ഛനും ഇന്ദുലേഖ നൽകിയിരുന്നു. കറിയിൽ ചേർത്താണ് ഇവ നൽകിയിരുന്നത്. കരൾരോഗ ബാധിതരാക്കി ആർക്കും സംശയമില്ലാത്ത രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇത് ഫലവത്തായില്ല. ഭർത്താവിനെ വിമാനത്താവളത്തിൽനിന്ന് കൊണ്ടുവന്നതിന് ശേഷമാണ് അമ്മയ്ക്ക് ചായയിൽ എലിവിഷം കലർത്തി നൽകിയത്. ആസ്ത്മയുടെ അസ്വസ്ഥതകളുള്ളതിനാൽ രുക്മിണിക്ക് രുചിവ്യത്യാസം തിരിച്ചറിയാനായില്ല.

ഭർത്താവിനും അച്ഛനും ചായയിൽ സോപ്പുലായനി കലർത്തി നൽകിയതായും മൊഴി നൽകിയിട്ടുണ്ട്. കൃത്രിമമായി ഭക്ഷ്യവിഷബാധയുണ്ടാക്കാനായിരുന്നു ശ്രമം. ഒരു മാസം മുമ്പും അച്ഛനെ സമാന രീതിയിൽ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ചികിത്സയ്ക്കിടെ ഡോക്ടർമാർക്ക് ഉണ്ടായ സംശയമാണ് കൊലപാതകം തെളിയാൻ കാരണമായത്. ഇന്ദുലേഖയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ വിഷത്തിന്റെ കുപ്പിയും മരുന്നുകളുടെ സ്ട്രിപ്പുകളും ലഭിച്ചു.

ഫോറൻസിക് വിദഗ്ധരും വീട്ടിൽ പരിശോധിച്ച് തെളിവുകൾ ലഭ്യമാക്കി. മൊബൈൽഫോൺ വിശദമായ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. അമ്മയ്ക്ക് ശേഷം അച്ഛനെ കൊലപ്പെടുത്തിയോ ശാരീരികമായി അവശനിലയിലാക്കിയോ സ്വത്ത് കൈവശപ്പെടുത്താനാണ് ലക്ഷ്യമാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാഭ്യാസമാണ് ഇന്ദുലേഖയ്ക്കുള്ളത്. വിദ്യാർഥികളായ രണ്ട് മക്കളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button