KeralaLatest NewsNews

നാല് വർഷത്തിനകം അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം: തൊഴിൽമന്ത്രി

കൊച്ചി: നാല് വർഷത്തിനകം അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്. ഇതിന് മാറ്റം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കെ ഡിസ്‌ക് കുടുംബശ്രീയുമായി ചേർന്ന് ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ സർവ്വേയിൽ 53 ലക്ഷം തൊഴിൽ അന്വേഷകർ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ലിസ്റ്റിൽ നിന്നും 22 – 40 വയസിനിടയിലുള്ള 29 ലക്ഷത്തോളം പേരെ കെ ഡിസ്‌ക് തയ്യാറാക്കിയിട്ടുള്ള ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് രജിസ്റ്റർ ചെയ്യും. ഇതിൽനിന്നും 20 ലക്ഷം പേരെ ആവശ്യമായ പരിശീലനം നൽകി തൊഴിലിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന അദ്ദേഹം അറിയിച്ചു. മുഴുവൻ തൊഴിലന്വേഷകർക്കും യോജിച്ച തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന തൊഴിൽ സഭ മേഖലാതല പരിശീലക ശില്പശാല കളമശേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാനൊരുങ്ങി കോടിയേരി: വിഷയം പി.ബി ചര്‍ച്ച ചെയ്യും

കൂടാതെ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകുന്ന പ്രവർത്തനവും പ്രാദേശിക സാമ്പത്തിക വികസന പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തിവരുന്നുണ്ട്. തൊഴിൽ അന്വേഷിക്കുന്ന എല്ലാവർക്കും അനുയോജ്യമായ തൊഴിലുകൾ കേരളത്തിനകത്തും, പുറത്തും, വീടിനകത്തും, വീടിനടുത്തും ലഭ്യമാക്കുന്നതിന് ആഗോളതലത്തിലുള്ള വൈവിധ്യമാർന്ന തൊഴിൽ വിപണിയെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച് സുസ്ഥിര സാമ്പത്തിക വികസന ലക്ഷ്യത്തിലേക്ക് എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.

തൊഴിൽ സഭകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകൾ ‘ഷി സ്റ്റാർട്ട്’ ഗ്രൂപ്പുകളാക്കും. നിലവിൽ 19,555 ഓക്‌സിലറി ഗ്രൂപ്പുകളാണ് ‘ഷി സ്റ്റാർട്ട്’ ഗ്രൂപ്പുകളാക്കുന്നത്. കുടുംബശ്രീയുടെ സർവേയിൽ കണ്ടെത്തിയ 53 ലക്ഷം തൊഴിലന്വേഷകരെയും തൊഴിൽ സഭകളിൽ അംഗമാക്കുകയും പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ തലങ്ങളിൽ തൊഴിലന്വേഷകരുടെ എണ്ണത്തിനനുസരിച്ച് സഭ രൂപീകരിക്കുകയും ചെയ്യും. ഒരു തൊഴിൽസഭയിൽ പരമാവധി 250 അംഗങ്ങളെ ഉൾപ്പെടുത്തും. ഇവർക്ക് വ്യക്തമായ പരിശീലനം നൽകും. തൊഴിൽസഭ ഒരിക്കൽ ചേർന്ന് പിരിയുകയല്ല ചെയ്യുന്നത്, മറിച്ച് അതിൽ പങ്കെടുക്കുന്നവർക്ക് വരുന്ന കാലത്ത് തൊഴിൽ ലഭിക്കുന്നത് വരെ പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

തൊഴിൽ സഭയോടൊപ്പം വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഒരു വർഷം ഒരു ലക്ഷം സംരംഭകർ പദ്ധതി കൂടി ഉൾപ്പെടുത്തും. ഈ പദ്ധതിയിൽ ഇതുവരെ അര ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തദ്ദേശസ്വയംഭരണ അടിസ്ഥാനത്തിൽ നടത്തിവരുന്ന ഈ പദ്ധതിയിൽ ഒരു പഞ്ചായത്തിൽ 20 വനിതാ സംരംഭങ്ങളെങ്കിലും ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി വിജയകരമായാൽ കേരളത്തിന്റെ ടൂറിസം രംഗം ആകർഷണീയമായ രീതിയിൽ മെച്ചപ്പെടുത്താം. മാത്രമല്ല കുടുംബശ്രീ പ്രവർത്തകർ വഴി മായമില്ലാത്ത ഉത്പന്നങ്ങൾ ബ്രാൻഡിങ് ചെയ്ത് വിപണിയിൽ എത്തിക്കാം. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലൂടെ സംഘടിതരും അസംഘടിതരുമായ പാവപ്പെട്ടവർക്ക് ഗുണമേന്മയോടെ ജീവിക്കാൻ കഴിയുന്ന നാടായി കേരളം മാറും. നവ കേരള കർമ്മ പദ്ധതി വഴി 20 വർഷത്തിനു ശേഷം കേരളം ലോകത്തിന് മുന്നിൽ തന്നെ വികസിത നാടായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘കുടുംബവും രാഷ്ട്രീയവുമൊക്കെ ഓരോരുത്തരുടെയും സംസാരത്തിൽ വരും’: വി.വി. രാജേഷിനെതിരെ ആര്യ രാജേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button