KeralaLatest News

നാടുവിട്ട വ്യവസായി ദമ്പതികളുടെ സ്ഥാപനം തുറന്നു, തലശ്ശേരി നഗരസഭാ അധികൃതര്‍ നേരിട്ടെത്തി ഉത്തരവ് കൈമാറി

കണ്ണൂര്‍: തലശ്ശേരി നഗരസഭ അടച്ചുപൂട്ടിയ വ്യവസായി പുരസ്‌കാര ജേതാക്കളായ ദമ്പതികളുടെ സ്ഥാപനം തുറന്നു. നഗരസഭാ അധികൃതര്‍ സ്ഥാപനത്തില്‍ നേരിട്ടെത്തി തുറക്കുന്നതിനുള്ള ഉത്തരവ് കൈമാറി. മന്ത്രിയുടെ അടക്കം ഇടപെടല്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് നടപടി. ഫര്‍ണിച്ചര്‍ ഫാക്ടറിക്ക് നഗരസഭ പൂട്ടിട്ടതോടെയാണ് ദമ്പതികളായ പാനൂര്‍ താഴെവീട്ടില്‍ രാജ്‌കബീര്‍ (58) ഭാര്യ ശ്രീദിവ്യ (48) എന്നിവര്‍ നാടുവിട്ടത്. ഇത് വലിയ വിവാദമായിരുന്നു.

ഇവരെ കോയമ്പത്തൂരില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തി പൊലീസ് നാട്ടിലെത്തിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. ക്രൂരമായ നടപടി താങ്ങാനാവില്ലെന്നും തങ്ങള്‍ പോവുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ശേഷമാണ് ദമ്പതികള്‍ നാടുവിട്ടത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കോയമ്പത്തൂരിലുണ്ടെന്ന സൂചന ലഭിച്ചതാണ് ഇവരെ കണ്ടെത്താന്‍ സഹായകമായത്.

സ്ഥലം കയ്യേറിയെന്നാരോപിച്ചാണ് പത്ത് ജീവനക്കാരുള്ള ഫാക്‌ടറി നഗരസഭ പൂട്ടിച്ചത്. നാലുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ദമ്പതികളുടെ പരാതിയില്‍ തുക ഗഡുക്കളാക്കി അടയ്‌ക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവുമായെത്തിയ ദമ്പതികളെ ഉദ്യോഗസ്ഥരും നഗരസഭാ ഭരണാധികാരികളും അപമാനിച്ചുവെന്നും പരാതിയുയര്‍ന്നിരുന്നു. സ്ഥാപനം വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നതിനായി ഹൈക്കോടതി നിര്‍ദേശപ്രകാരം 41,000 രൂപയാണ് പിഴ അടക്കേണ്ടിവന്നത്.

36 ദിവസമായി അടഞ്ഞുകിടന്ന സ്ഥാപനം തുറക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് രാജ്‌കബീര്‍ പറഞ്ഞു. നഗരസഭയുമായി സംഘര്‍ഷത്തിനില്ല. സ്ഥാപനം തുറക്കാന്‍ അവസരമൊരുക്കിയതിന് ഹൈക്കോടതിയോടും നഗരസഭയോടും രാജ്‌കബീര്‍ നന്ദി രേഖപ്പെടുത്തി. സ്ഥാപനം ഇനി അടയ്ക്കുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് സംസാരിക്കാമെന്നാണ് നഗരസഭ അധികൃതര്‍ അറിയിച്ചതെന്നും രാജ്‌കബീര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button