KeralaLatest News

കുടയത്തൂരിലെ ഉരുൾപൊട്ടൽ: ഒരു കുടുംബത്തിലെ അഞ്ചുപേരും മരിച്ചു, മൃതദേഹങ്ങൾ കണ്ടെത്തി

ഇടുക്കി: തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ വീട്ടിലെ അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ നിമ, നിമയുടെ മകന്‍ ദേവാനന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സോമന്റെ അമ്മ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്.

പിന്നീട് നടന്ന തെരച്ചിലില്‍ ബാക്കിയുള്ളവരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തുകയായിരുന്നു. വീട് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് താഴെയായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇന്ന് പുലര്‍ച്ചെ സംഗമം കവലയ്ക്ക് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നായിരുന്നു രക്ഷാ പ്രവര്‍ത്തനം. റവന്യൂവകുപ്പും സ്ഥലത്തുണ്ട്. ജില്ലാ കളക്ടറും, എസ്പി യും ഉള്‍പ്പെടെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

പ്രദേശത്ത് വീണ്ടും മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സമീപ വാസികളെ കുടയത്തൂര്‍ തകിടിയില്‍ എല്‍പി സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായി. അഞ്ച് മണിക്കൂർ നീണ്ട തിരിച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button