KeralaLatest News

മുട്ടത്തെ പപ്പട തല്ല്! ഓഡിറ്റോറിയം ഉടമയ്ക്ക് 14 സ്റ്റിച്ചും, ഒന്നര ലക്ഷം രൂപ നഷ്ടവും

ആലപ്പുഴ: കല്യാണസദ്യയിൽ രണ്ടാമത് പപ്പടം ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തല്ലില്‍ ഓഡിറ്റോറിയം ഉടമയ്ക്ക് നഷ്ടം ഒന്നര ലക്ഷം രൂപ. പപ്പട തല്ലില്‍ തനിക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഉടമ മുരളീധരന്‍ കരീലക്കുളങ്ങര പൊലീസില്‍ മൊഴി നല്‍കി. കസേര കൊണ്ടുള്ള ആക്രമണത്തില്‍ മുരളീധരന് 14 സ്റ്റിച്ചുണ്ട്.

ഓഡിറ്റോറിയത്തിലെ കസേരയും മേശയും മറ്റ് സാധന സാമഗ്രികളും നശിപ്പിച്ച വകയിലാണ് ഒന്നര ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചത്. ഹരിപ്പാട് മുട്ടത്താണ് സംഭവം നടന്നത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ ഓഡിറ്റോറിയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച്ചയാണ് പപ്പട തല്ലുണ്ടായത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

സംഭവത്തില്‍ ഓഡിറ്റോറിയം ഉടമ മുരളീധരന്‍, ജോഹന്‍, ഹരി എന്നിവര്‍ക്ക് പരുക്കേറ്റു. സദ്യയുടെ അവസാന പന്തിയിലുണ്ടായിരുന്ന എട്ടോളം ചെറുപ്പക്കാരാണ് സംഘര്‍ഷം സൃഷ്ടിച്ചതെന്നാണ് മുരളീധരന്‍ പറയുന്നത്. അതേസമയം വരന്റെ വീട്ടുകാര്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന നിലപാടിലാണ്. ഇതോടെ വധുവിന്റെ അച്ഛന്‍ പരാതി നല്‍കി. തുടര്‍ന്നാണ് കരിയിലകുളങ്ങര പൊലീസ് കേസെടുത്തത്.

 

shortlink

Related Articles

Post Your Comments


Back to top button