Latest NewsKeralaNews

മയക്കുമരുന്നിനെ നേരിടാൻ സംസ്ഥാനങ്ങൾ നടപടി ശക്തിപ്പെടുത്തണം: അമിത് ഷാ

തിരുവനന്തപുരം: മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതയോടെയാണ് നേരിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങൾ നാർക്കോ കോ-ഓർഡിനേഷൻ സെന്റർ(എൻ.സി.ആർ.ഡി.) യോഗങ്ങൾ പതിവായി നടത്തുകയും അവയെ ജില്ലാതലത്തിൽവരെ എത്തിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് 30-ാമത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കോവളം റാവിസ് ഹോട്ടലിൽ നടന്ന യോഗത്തിൽ സംസ്ഥാനങ്ങൾ തമ്മിലും സംസ്ഥാനങ്ങളും കേന്ദ്രവുമായും ബന്ധപ്പെട്ട 26 വിഷയങ്ങൾ ചർച്ച ചെയ്തു. ഒമ്പത് എണ്ണം പരിഹരിക്കപ്പെട്ടു. 17 വിഷയങ്ങൾ കൂടുതൽ ചർച്ചകൾക്കായി മാറ്റിവച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: അത്യാധുനിക സൗകര്യങ്ങളോടെ 9 നിലകളിലായി ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സ്‌റ്റേഷന്‍ ഒരുങ്ങുന്നു

നദീജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ സംയുക്ത പരിഹാരമുണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമുദ്രോത്പന്ന വ്യാപാര, കയറ്റുമതി വ്യവസായത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു വലിയ സാധ്യതയാണുള്ളത്. രാജ്യത്തെ ആകെയുള്ള 7,500 കിലോമീറ്റർ കടൽത്തീരത്തിൽ 4,800 കിലോമീറ്ററും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. 12 വൻകിട തുറമുഖങ്ങളിൽ ഏഴെണ്ണവും ഈ മേഖലയിലാണ്. രാജ്യത്തെ 3,416 മത്സ്യബന്ധന ഗ്രാമങ്ങളിൽ 1763 എണ്ണവും സതേൺ സോണൽ കൗൺസിലിന്റെ പരിധിയിൽ വരുന്ന സംസ്ഥാനങ്ങളിലാണുള്ളത്. കേരളം, പുതുച്ചേരി, തമിഴ്‌നാട്, കർണാടക, തെലങ്കാന എന്നിവിടങ്ങളിലെ മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2015 മുതൽ 4,206 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലേയും ആന്ധ്രയിലേയും തുറമുഖ, മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 56 പദ്ധതികളിലൂടെ 2,711 കോടി രൂപ നീക്കിവച്ചു. സാഗർമാല പദ്ധതിക്കൊപ്പം തീരദേശ സംസ്ഥാനങ്ങളിലെ പ്രമുഖ തുറമുഖങ്ങളുടെ വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കിയത് പ്രധാനമന്ത്രിക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുള്ള താത്പര്യംകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ 12 കോടിയിലധികം മത്സ്യത്തൊഴിലാളികൾക്ക് ക്യുആർ അധിഷ്ഠിത പിവിസി ആധാർ കാർഡുകൾ നൽകിയിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ രേഖമാത്രമായല്ല, രാജ്യത്തിന്റെ സമുദ്ര സുരക്ഷ ശക്തിപ്പെടുത്തുന്നത് കൂടിയാണ്. ഫൊറൻസിക് സയൻസ് ലാബുകൾ സ്ഥാപിക്കുന്നതിനുള്ള ഒരു നയം കേന്ദ്രം തയാറാക്കി സംസ്ഥാനങ്ങൾക്ക് അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓരോ അഞ്ചു കിലോമീറ്ററിലും ഒരു ബാങ്ക് ശാഖ എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്കു വലിയ പങ്കുവഹിക്കാനുണ്ട്. ഗ്രാമങ്ങളിൽ അഞ്ചു കിലോമീറ്ററിനുള്ളിൽ ബാങ്കിങ് സൗകര്യമൊരുക്കുന്നതിനും പുതിയ ശാഖകൾ തുറക്കുന്നതിനും സഹകരണ ബാങ്കുകളെ പ്രോത്സാഹിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു.

30-ാമത് സതേൺ കൗൺസിൽ ചർച്ച ചെയ്ത പ്രധാന വിഷയങ്ങളിൽ ഒമ്പത് എണ്ണവും ആന്ധ്രപ്രദേശിന്റെ പുനഃസംഘടനയുമായി ബന്ധപ്പെട്ടതായിരുന്നു. ഇനിയും തീർപ്പാക്കാനുള്ള പ്രശ്‌നങ്ങളിൽ ഇരു സംസ്ഥാനങ്ങളും ഒന്നിച്ചു ചർച്ച ചെയ്തു പരിഹാരമുണ്ടാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി നിർദേശിച്ചു. 2014ന് ശേഷം സോണൽ കൗൺസിലുകൾ യോഗം ചേരുന്നതിന്റെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2014നു മുൻപ് വർഷത്തിൽ ശരാശരി രണ്ടു മീറ്റിങ്ങുകളായിരുന്നു ചേർന്നിരുന്നത്. 2014നു ശേഷം അത് 2.7 ആയി വർധിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളുടെ ശരാശരി 1.4 ആയിരുന്നു. ഇപ്പോൾ അത് 2.75 ആയി വർധിച്ചിരിക്കുന്നു. സോണൽ കൗൺസിലുകളിലൂടെയുള്ള പ്രശ്‌ന പരിഹാരത്തിന്റെ തോത് നേരത്തെ 43 ശതമാനം മാത്രമായിരുന്നു. ഇപ്പോൾ അത് 64 ആയി ഉയർന്നു. 2006നും 2013നും ഇടയ്ക്ക് ചേർന്ന സോണൽ കൗൺസിൽ യോഗങ്ങളിൽ 104 പ്രശ്‌നങ്ങൾക്കാണു പരിഹാരമുണ്ടാക്കിയത്. 2014നും 22നും ഇടയിൽ അത് 555 ആയെന്നും അദ്ദേഹം അറിയിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്രപ്രദേശ് ധനമന്ത്രി ബഗ്‌റ രാജേന്ദ്രനാഥ്, തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹ്മൂദ്, പുതുച്ചേരി ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടൽ, ആൻഡമാൻ നിക്കോബാർ ലഫ്. ഗവർണർ അഡ്മിറൽ ഡി.കെ. ജോഷി, കേന്ദ്ര സർക്കാരിലേയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Read Also: ഉംറ തീർത്ഥാടകരായെത്തുന്ന വിദേശികൾക്ക് രാജ്യത്ത് എല്ലാ വിമാനത്താവളങ്ങളിലൂടെയും പ്രവേശിക്കാം: അറിയിപ്പുമായി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button