Devotional

ശിവക്ഷേത്ര ദര്‍ശനത്തിന് പാലിക്കേണ്ട ചിട്ടകള്‍

ഏറ്റവും കൂടുതല്‍ ശ്രദ്ധയും, ചിട്ടയും വേണ്ടത് ശിവക്ഷേത്ര ദര്‍ശനത്തിനാണ്. ശിവക്ഷേത്ര ദര്‍ശനം പലര്‍ക്കും ശരിയാംവണ്ണം അറിയില്ല. ഭഗവാന് മൂന്ന് പ്രദക്ഷിണമാണ്. ഏത് ക്ഷേത്ര ദര്‍ശനവും, ചിട്ടകളും തുടങ്ങുന്നത് ദര്‍ശനത്തിനായി പോകുന്നതിന് നാം കുളിക്കുന്ന സമയം മുതലാണ്. നാം കുളിക്കുന്ന സമയത്ത് ഭഗവാന്റെ കല്‍പ്പന പ്രകാരം ഭൂതഗണങ്ങള്‍ നമ്മുടെ സമീപത്ത് എത്തുന്നുണ്ട്. ദര്‍ശനത്തിന് നാം ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടുന്നത് മുതല്‍ തൊഴുത് മടങ്ങുമ്പോള്‍ തിരികെ കൊണ്ട് ചെന്ന് ആക്കണം. ഇതാണ് ശിവഭഗവാന്‍ ഭൂതഗണങ്ങള്‍ക്ക് കൊടുത്തിട്ടുള്ള കല്‍പ്പന. അത്രയ്ക്കും ശ്രദ്ധയോടെ, കണ്ണിലെ ക്യഷ്ണമണി പോലെയാണ് ഭഗവാന്‍ ഭക്തരെ കാത്ത് സൂക്ഷിക്കുന്നത്.

ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തില്‍ ഛണ്ഡന്‍, പ്രഛണ്ഡന്‍ എന്നീ ദ്വാരപാലകര്‍ ക്ഷേത്രം സൂക്ഷിപ്പുകാരായുണ്ട്. ഇവരെ മനസ്സില്‍ സങ്കല്പിച്ച് ഇടം വലം നോക്കി തൊഴുത് അനുവാദം വാങ്ങി വേണം അകത്ത് പ്രവേശിക്കുവാന്‍. അകത്തെത്തിച്ചേര്‍ന്നാല്‍ ആദ്യം തൊഴേണ്ടത് ഭഗവാന് മുന്നില്‍ പ്രതിഷ്ഠിച്ചിട്ടുള്ള നന്തികേശനെയാണ്. നന്തികേശന്റെ വലതു വശത്തുനിന്നു നന്തികേശനെ തൊഴണം.അതിനു ശേഷം മുന്നോട്ട് നടന്ന് ശ്രീകോവിലിന്റെ വാതിലിന്റെ ഇടത് ഭാഗത്തുനിന്ന് ശിവഭഗവാനെ തൊഴണം. ഭഗവാനെ തൊഴുമ്പോള്‍ കൈകൂപ്പി ശിരസ്സില്‍ നിന്നും അരയടിയില്‍ അധികം കൃത്യമായി പറഞ്ഞാല്‍ 36 സെന്റീമീറ്റര്‍ ഉയരത്തില്‍ പിടിച്ചു വേണം തൊഴാന്‍.

അതിനു ശേഷം തിരിഞ്ഞ് നടന്ന് നന്തിയുടെ വലതുവശത്ത് വന്ന് നിന്നു നന്തിയെ തൊഴുത് നന്തിയുടെ പിന്നിലൂടെ ഓവുചാലിന് അടുത്തെത്തി നില്‍ക്കണം. അവിടെ നിന്ന് ശ്രീകോവിലിന്റെ താഴികക്കുടം നോക്കി കൂപ്പിയ കൈകള്‍ മൃദുവായി മൂന്ന് പ്രാവശ്യം കൊട്ടി തൊഴുത് തിരിഞ്ഞ് നടന്ന് നന്തിയുടെ പിന്നിലൂടെ നന്തിയുടെ വലതുവശത്ത് വന്ന് നിന്ന് നന്തിയെ തൊഴുത് ശ്രീകോവിലിനടുത്ത് ചെന്ന് ഭഗവാനെ തൊഴണം. അവിടെ നിന്ന് വലത്തോട്ട് നടന്ന് ഓവിന് അടുത്തെത്തി നിന്ന് താഴികക്കുടം നോക്കി കൂപ്പിയ കൈകള്‍ മൃദുവായി തൊഴുത് കൊട്ടി തിരിഞ്ഞ് നടന്ന് ശ്രീകോവിലിന് മുന്നിലെത്തി ഭഗവാനെ തൊഴുത് തിരിഞ്ഞ് നടന്നു നന്തികേശന്റെ വലത് വശത്ത് വന്ന് നിന്നു നന്തികേശനെ തൊഴണം. ഇത്രയും ചെയ്യുമ്പോഴാണ് ശിവക്ഷേത്രത്തില്‍ ഒരു പ്രക്ഷിണം പൂര്‍ത്തിയാകുന്നത്. ഇങ്ങനെ മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കുമ്പോള്‍ മൂന്ന് പ്രദക്ഷിണമായി. ഒരു പ്രദക്ഷിണത്തില്‍ നന്തി കേശനെ നാല് പ്രാവശ്യവും, ഭഗവാനെ മൂന്ന് പ്രാവശ്യവും തൊഴണം.ഭക്തര്‍ ഒരു കാരണവശാലും അറിഞ്ഞോ, അറിയാതെയോ ശിവക്ഷേത്രത്തിലെ ഓവ് മുറിച്ച് കടക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button