KeralaLatest NewsNews

ചിതയ്ക്ക് തീകൊളുത്തിയത് കുഞ്ഞനുജൻ: അഭിരാമിക്ക് കണ്ണീരോടെ വിട നൽകി നാട്

പത്തനംതിട്ട: തെരുവുനായ കടിച്ചതിനെത്തുടർന്നു പേവിഷബാധയേറ്റു മരിച്ച 12 വയസ്സുകാരി അഭിരാമിയുടെ മൃതദേഹം സംസ്കരിച്ചു. കുഞ്ഞനുജൻ കാശിനാഥാണ് ചിതയ്ക്ക് തീകൊളുത്തിയത്. അഭിരാമിക്ക് വീടും നാടും വിട നൽകി. കോരിച്ചൊരിയുന്ന മഴയിലും അവസാനമായി അഭിരാമിയെ ഒന്ന് കാണാൻ മന്ദപ്പുഴ ചേർത്തലപ്പടിയിലെ ഷീനാ ഭവനിലേക്ക് നൂറ് കണക്കിന് പേരാണ് ഒഴുകിയെത്തിയത്. അഭിരാമിയുടെ അമ്മയെയും അച്ഛനെയും ആശ്വസിപ്പിക്കാൻ കുടുംബം ഏറെ പാടുപെട്ടു.

ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് റാന്നി മാർത്തോമ്മാ ആശുപത്രിയിലെ മോർച്ചറിയിൽനിന്ന് അഭിരാമിയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. കനത്ത മഴയെയും അവഗണിച്ചാണ് അഭിരാമിയെ അവസാനമായി ഒരുനോക്ക് കാണാൻ ആളുകൾ എത്തിയത്. പത്തനംതിട്ട മൈലപ്ര എസ്എച്ച് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അഭിരാമിയെ ഓഗസ്റ്റ് 13ന് രാവിലെ 7ന് പാലു വാങ്ങാൻ പോയപ്പോൾ റോഡിൽ വച്ചാണ് നായ കടിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. പേവിഷ ബാധയ്ക്കെതിരെ മൂന്ന് ഡോസ് വാക്സിൻ എടുത്തിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് അവിടെ നിന്നാണ് ആദ്യത്തെ വാക്‌സിന്‍ എടുക്കുന്നത്. രണ്ട് വാക്‌സിന്‍ പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് സ്വീകരിച്ചത്. നാലാമത്തെ വാക്‌സിന്‍ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചിരുന്നു. എന്നാല്‍, വെള്ളിയാഴ്ച്ച വൈകിട്ടോടെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button