KeralaLatest NewsNews

ഇന്ന് പൊന്നോണം: പ്രിയ വായനക്കാർക്ക് ഈസ്റ്റ്‌കോസ്റ്റ് ഡെയ്‌ലിയുടെ ഓണാശംസകൾ

തിരുവനന്തപുരം: മലയാളക്കര ഇന്ന് ഓണത്തെ വരവേൽക്കുകയാണ്. ഈ ഓണക്കാലം ജാഗ്രതയോടെ കൊണ്ടാടുമ്പോഴും നല്ല നാളെയുടെ പ്രതീക്ഷ കൂടി പങ്കുവെക്കുകയാണ് ഓരോരുത്തരും. കരുതല്‍ കൈവിടാതെ നല്ല നാളെയുടെ പ്രതീക്ഷ കൂടിയാകട്ടെ ഈ ഓണം. വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ പൊന്നോണം വരുന്ന മാസമാണ് ചിങ്ങമാസം. രണ്ട് വര്‍ഷം മഹാമാരി കാർന്നു തിന്ന ഓണം ഇത്തവണ മഴയുണ്ടെങ്കിലും ആഘോഷമാക്കുകയാണ് മലയാളികൾ. ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്.

നിറത്തിന്റെയും രുചികളുടെയും ഉത്സവമാണ് ഓണം. പാകം ചെയുന്ന വിഭവങ്ങള്‍ മുതല്‍ വിളമ്പുന്ന വാഴയിലയില്‍ വരെ നിരവധി ചിട്ടകളും ഐതീഹ്യങ്ങളും നിറഞ്ഞു നില്‍ക്കുന്ന വിഭവ സമൃദ്ധമായ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഉത്സവം. ഓണാഘോഷത്തിന്‍റെ ഭാഗമായി പല ഇടങ്ങളിലും വ്യത്യസ്ഥമായ ആചാരാനുഷ്‌ഠാനങ്ങളും ആഘോഷരീതികളും ഭക്ഷണക്രമങ്ങളുമാണ് കണ്ടുവരുന്നത്. ഓണം ശരിക്കും വ്യത്യസ്തമായ ഒരാഘോഷമാണ്. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ ജാതിമതഭേദമില്ലാതെ മുഴുവൻ മലയാളികളും ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒരു ആഘോഷം. മലയാളികളുടെ പുതുവർഷ മാസമായ പൊന്നിൻ ചിങ്ങത്തിലാണ് ഓണം വരുന്നത്.

ഓണക്കോടിപോലെത്തന്നെ കേമമാണ് ഓണസദ്യയും ഓണപ്പായസവും. കൈകൊട്ടിക്കളി, ഊഞ്ഞാലാട്ടം, തിരുവാതിരക്കളി, പുലിക്കളി, വള്ളംകളി, പന്തുകളി, ഓണത്തല്ല്, തുമ്പികളി അങ്ങിനെ നീളുന്നു ഓണവുമായി ബന്ധപ്പെട്ട പലവിധ ആചാരങ്ങളും വിനോദങ്ങളും. മഹാമാരിയുടെ പിടിയില്‍ നിന്ന് തിരിച്ചുവരുന്ന മലയാളിക്ക് അതിജീവനത്തിന്റേതാണ് ഈ തിരുവോണപ്പുലരി. കാലമെത്ര തന്നെ മാറിയാലും ഓണമുള്ളടത്തോളം മലയാളി മലയാളി തനിമ മറക്കില്ലെന്നുറപ്പാണ്. എല്ലാ പ്രിയ വായനക്കാർക്കും ഈസ്റ്റ്‌കോസ്റ്റ് ഡെയ്‌ലിയുടെ ഓണാശംസകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button