Latest NewsNewsIndia

നിസ്കാരം നിർബന്ധമല്ലെങ്കിൽ പിന്നെ ഹിജാബ് മാത്രം നിർബന്ധമാകുന്നത് എങ്ങനെ?: സുപ്രീം കോടതി

ന്യൂഡൽഹി: നിയമപരമായും ജുഡീഷ്യറിയിലും അംഗീകരിക്കപ്പെട്ട സിഖ് മതത്തിന്റെ അഞ്ച് വ്യവസ്ഥകളുമായി ഹിജാബ് ധരിക്കുന്നതിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി. കർണാടക ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട കേസുകളിൽ വാദം തുടരുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം. സംസ്ഥാനത്തെ ചില സ്‌കൂളുകളിലും കോളജുകളിലും മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് വിലക്കിയ കർണാടക ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ കോടതിയിൽ വാദം തുടരുന്നു.

ഹിജാബിന്റെ മതപരമായ പ്രാധാന്യം പ്രത്യേകം കാണേണ്ടതുണ്ടെന്നും സിഖ് മതത്തിന്റെ അഞ്ച് വ്യവസ്ഥകൾക്ക് സമാനമാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ലെന്നും ഹരജിക്കാർക്ക് വണ്ടി ഹാജരായ അഭിഭാഷകനോട് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.

ഇസ്‌ലാമും അറബിയും പഠിക്കുന്ന ഹർജിക്കാരിൽ ഒരാൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ നിസാമുദ്ദീൻ പാഷ, കിർപാനും തലപ്പാവിനും ഹിജാബുമായുള്ള സാമ്യം ‘വരുത്തിത്തീർക്കാൻ’ ശ്രമിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു ബെഞ്ച്. മുസ്ലീം പെൺകുട്ടികളുടെ മതപരമായ ആചാരത്തിന്റെ ഭാഗമാണ് ഹിജാബ് എന്ന് പറഞ്ഞ പാഷ, പെൺകുട്ടികൾ ഹിജാബ് ധരിച്ച് സ്കൂളിൽ വരുന്നത് തടയാൻ കഴിയുമോയെന്നും ചോദിച്ചു. സിഖ് വിദ്യാർത്ഥികൾ പോലും തലപ്പാവ് ധരിക്കാറുണ്ടെന്ന് അദ്ദേഹം വാദിച്ചു. സാംസ്കാരിക ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പാഷ ഊന്നിപ്പറഞ്ഞു.

Also Read:ഇക്കുറിയും പതിവ് തെറ്റിച്ചില്ല, കുടിച്ച് റെക്കോർഡിട്ട് മലയാളി: ഈ ഓണക്കാലത്ത് വിറ്റത് 624 കോടി രൂപയുടെ മദ്യം

ഇസ്‌ലാമിന്റെ അഞ്ച് പ്രധാന തത്വങ്ങളായ നമാസ്, ഹജ്, റോസ, സകാത്ത് എന്നിവ സമൂഹം പാലിക്കുന്നത് നിർബന്ധമല്ലെന്ന് ഹരജിക്കാർ വാദിക്കുമ്പോൾ, മുസ്‌ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് മാത്രം അനിവാര്യവും നിർബന്ധവുമാകുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചു. ഇസ്‌ലാമിന്റെ അഞ്ച് തത്ത്വങ്ങൾ പാലിക്കണമെന്ന് ഇസ്‌ലാമിൽ നിർബന്ധമില്ലെന്ന് ഹർജിക്കാരനായ ഫാത്മ ബുഷ്‌റയുടെ അഭിഭാഷകൻ മുഹമ്മദ് നിസാമുദ്ദീൻ പാഷ വിശദീകരിച്ചിരുന്നു. ഇതിനോടായിരുന്നു ബെഞ്ചിന്റെ ചോദ്യം.

സിഖ് മതത്തിന്റെ അഞ്ച് നിർബന്ധിത വ്യവസ്ഥകളിൽ കേശ്, കംഗ, കാര, കച്ചേര, കിർപാൻ എന്നിവ ഉൾപ്പെടുന്നുണ്ട്. ആർട്ടിക്കിൾ 25 പ്രകാരം കിർപാൻ ധരിക്കുന്നതും ധരിക്കുന്നത് സിഖ് മതത്തിൽ നിർബന്ധമാണ്. കിർപാൻ ധരിക്കുന്നത് ഭരണഘടന അംഗീകരിച്ചിട്ടുള്ളതിനാൽ സിഖുകാരുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് ഗുപ്ത പറഞ്ഞു.

‘സിഖ് മതത്തിന്റെ തത്വങ്ങളെ ഹിജാബുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇത് അംഗീകരിച്ചുകൊണ്ട് വിധിയുള്ളതാണ്. അതാണ് ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ളത്. ആർട്ടിക്കിൾ 25 കിർപാൻ ധരിക്കുന്നതിനെ കുറിച്ചും പറയുന്നു’, അഭിഭാഷകനായ നിസാം പാഷയോട് കോടതി പറഞ്ഞു.

ഫ്രാൻസ് പോലുള്ള വിദേശ രാജ്യങ്ങളുടെ ഉദാഹരണങ്ങൾ ഉദ്ധരിക്കാൻ പാഷ ശ്രമിച്ചു. ഇന്ത്യ ഫ്രാൻസും ഓസ്‌ട്രേലിയയും അല്ലെന്നായിരുന്നു ജസ്റ്റിസ് ഗുപ്ത ഇതിന് മറുപടി പറഞ്ഞത്.

അതേസമയം, വസ്ത്രം ധരിക്കാനുള്ള അവകാശത്തിൽ വസ്ത്രം അഴിക്കാനുള്ള അവകാശവും ഉൾപ്പെടുമോ എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. വാദം യുക്തിരഹിതമായ ലക്ഷ്യങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നും, വസ്ത്രം ധരിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് നിങ്ങൾ പറഞ്ഞാൽ വസ്ത്രം അഴിക്കാനുള്ള അവകാശവും മൗലികാവകാശമായി മാറുമെന്നുമായിരുന്നു ജസ്റ്റിസ് ഗുപ്ത കഴിഞ്ഞ ദിവസം നിരീക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button