KeralaLatest NewsNewsIndia

സിദ്ദിഖ് കാപ്പന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യമായെന്ന് ഭാര്യ റെയ്ഹാനത്ത്

ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് യു.പി ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യത്തിൽ പ്രതികരിച്ച് ഭാര്യ റെയ്ഹാനത്ത്. കാപ്പന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യമായെന്ന് പറഞ്ഞ റെയ്ഹാനത്ത്, സുപ്രീം കോടതിക്ക് നന്ദി അറിയിക്കുകയും ചെയ്തു. രണ്ട് വർഷമായി നടത്തുന്ന പോരാട്ടത്തിനൊടുവിലാണ് ആശ്വാസം ലഭിക്കുന്നതെന്നും, രണ്ട് വർഷം ജയിലിൽ കഴിയുന്നത് നിസ്സാര കാര്യമല്ലെന്നും റെയ്ഹാനത്ത് പറഞ്ഞു. മാനസികമായും സാമ്പത്തികമായും ഏറെ സമ്മർദ്ദങ്ങൾ സഹിച്ച കാലമാണ് കടന്ന് പോയതെന്നും, കുറ്റപ്പെടുത്തലുകൾ ഒക്കെ അവഗണിച്ചുവെന്നും റെയ്ഹാനത്ത് കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു റെയ്ഹാനത്തിന്റെ പ്രതികരണം.

അതേസമയം, യു.എ.പി.എ കേസിൽ സുപ്രീം കോടതിയാണ് കാപ്പന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. ആറാഴ്ച ഡൽഹി വിട്ട് പോകരുതെന്നാണ് നിർദ്ദേശം. ആറാഴ്ചകൾക്ക് ശേഷം കാപ്പന് കേരളത്തിലേക്ക് വരാൻ കഴിയും. കേരളത്തിൽ വന്നാൽ ലോക്കൽ പോലീസിൽ റിപ്പോർട്ട് ചെയ്യണം. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം, ജാമ്യം കിട്ടിയെങ്കിലും സിദ്ദിഖ് കാപ്പന് ജയിൽ മോചിതനാകാൻ കഴിയില്ല. ഇ.ഡിയുടെ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ ജയിൽ മോചിതനാകാൻ സാധിക്കുകയുള്ളൂ.

മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം നൽകാതെ ഹർജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ്, ജാമ്യം തേടി കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹാഥ്‍റാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്‍റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു അലഹാബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

ഹാഥ്റാസിൽ സമാധാനം തകര്‍ക്കാൻ എത്തി എന്നാരോപിച്ചാണ് 2022 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 22 മാസമാണ് ജയിലില്‍ കഴിഞ്ഞത്. കാപ്പന് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളുടെ ജീവന് ഭീഷണിയാണെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാംങ്മൂലത്തില്‍ യു.പി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button