Latest NewsKeralaNews

ഇരുളിന്റെ സ്പർശമേൽക്കാത്ത സൂര്യവെളിച്ചമാണ് ഗുരുവും അദ്ദേഹത്തിന്റെ ആശയങ്ങളും: മുഖ്യമന്ത്രി

തിരുവനന്തപുരം: സന്ദേശം കൊണ്ടുമാത്രമല്ല, പ്രവൃത്തി കൊണ്ടും ശ്രീനാരായണ ഗുരു വഴികാട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനിച്ച് ഒന്നര നൂറ്റാണ്ട് കഴിഞ്ഞ ശേഷവും ജീവിതഘട്ടത്തിലുണ്ടായിരുന്നതിനെക്കാൾ കൂടുതൽ ആളുകളുടെ മനസ്സിൽ ജീവിക്കാൻ കഴിയുക എന്നത് അളവില്ലാത്ത മഹത്വമുള്ളവർക്കു മാത്രം സാധ്യമാവുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു ജനിച്ച മണ്ണാണിത്. ഇവിടേക്കു വരിക എന്നത് പുരോഗമന ചിന്തയുൾക്കൊള്ളുന്ന ഏതൊരാൾക്കും മഹത്വപൂർണമായ അനുഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെമ്പഴന്തിയിൽ 168ാമത് ശ്രീനാരായണഗുരുദവേ ജയന്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: ഇനി ചരക്കുനീക്കം കൂടുതൽ സുഗമമാകും: ഇത്തിഹാദ് റെയിലിനെ ഫ്രൈറ്റ് ടെർമിനലുമായി ബന്ധിപ്പിച്ചു

മനുഷ്യത്വം പാടേ അസ്തമിച്ച ഒരു ചരിത്ര ഘട്ടത്തിൽ, എല്ലാം മനുഷ്യവിരുദ്ധമായ ഘട്ടത്തിൽ, ഉയർന്നുവന്ന മാനവികതയുടെ വിസ്മയ പ്രതിഭാസമാണ് ശ്രീനാരായണ ഗുരു. അദ്ദേഹവും ടാഗോറും കണ്ടുമുട്ടിയതിന്റെ ശതാബ്ദി വർഷം കൂടിയാണിത്. കണ്ണുകളുണ്ടായിട്ടും കാണാതിരിക്കുകയും കാതുകളുണ്ടായിട്ടും കേൾക്കാതിരിക്കുകയും ചെയ്യുന്ന സമൂഹത്തെക്കുറിച്ചുള്ള ആശങ്കകളാണ് അന്നവർ പങ്കുവച്ചത്. അതുകഴിഞ്ഞ് ഒരു നൂറ്റാണ്ടു പിന്നിടുമ്പോഴും ആ കൂടിക്കാഴ്ചയിൽ ഉയർന്നുവന്ന ചർച്ചകൾ പ്രസക്തമാണ്. നരനും നരനും തമ്മിൽ ഭേദമില്ലാതെയാവണം എന്നും, അതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ വഴികളിലുണ്ടാവുന്ന വിഘ്‌നങ്ങൾ ഇല്ലാതെയാവണമെന്നും ഗുരു ചിന്തിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൃഗത്തിനു മൃഗത്വം ജാതി. മനുഷ്യന് മനുഷ്യത്വം ജാതി. ഇതിനപ്പുറം ഒരു ജാതിവേർതിരിവില്ല എന്ന് ഉത്‌ബോധിപ്പിച്ചു. ജാതിഭേദവും മതദ്വേഷവും ഇല്ലാത്തതും സർവജനങ്ങളും സോദരരായി കഴിയുന്നതുമായ ഒരു ഇടത്തെ, ഒരു കാലത്തെ, ഒരു ലോകത്തെ ഗുരു സങ്കൽപ്പിച്ചു. എല്ലാവരുമേകോദര സഹോദരരാണെന്ന് അദ്ദേഹം പറഞ്ഞു. എത്ര മനോഹരമാണ് ആ ചിന്തകൾ. ഗുരുവിന്റെ തത്വങ്ങൾ, ചിന്തകൾ, ആശയങ്ങൾ ഒക്കെ സദാ വെളിച്ചം പടർത്തിക്കൊണ്ടേയിരിക്കുന്നു. ഇരുളിന്റെ സ്പർശമേൽക്കാത്ത സൂര്യവെളിച്ചം എന്നു പറയണം ഗുരുവിനെയും ഗുരുവിന്റെ ആശയങ്ങളെയുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഗുരു ജീവിച്ചിരുന്ന ഘട്ടത്തിൽ അദ്ദേഹത്തിന്റെ സന്ദേശം ദേശത്തിന്റെയും രാജ്യത്തിന്റെയും അതിരുകൾ കടന്നു പോയിട്ടുണ്ട്. എന്നാൽ പിൽക്കാലത്ത് ആ സന്ദേശം ലോകത്താകെ പ്രചരിപ്പിക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ടോയെന്ന് വിമർശനാത്മകമായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി വംശത്തിന്റെ പേരിലടക്കം, മതങ്ങളുടെ പേരിലടക്കം എത്ര വലിയ രക്തച്ചൊരിച്ചിലാണു നടക്കുന്നത്. എല്ലാവരും ആത്മസഹോദരർ എന്ന ഗുരുവാക്യത്തിന്റെ സത്തയുൾക്കൊണ്ടു കഴിഞ്ഞാൽ പിന്നെ എവിടെയാണ് ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ പേരിലുള്ള സംഘർഷത്തിനും കൂട്ടക്കൊലയ്ക്കും ഇടം. അതുകൊണ്ട് ലോകമാകെ പ്രചരിപ്പിക്കപ്പെടേണ്ടതുണ്ട് ഗുരുവിന്റെ മഹത്തായ മനുഷ്യത്വ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കെ മുരളീധരൻ എം.പി., സ്വാമി ശുഭാംഗാനന്ദ, ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ശ്രീമദ് സൂക്ഷ്മാനന്ദ സ്വാമികൾ, ഗോകുലം ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു

Read Also: രാഹുല്‍ ഗാന്ധിയുടെ കൂട്ടുകെട്ട് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരുമായി: സ്മൃതി ഇറാനി

shortlink

Related Articles

Post Your Comments

Related Articles


Back to top button