KeralaLatest NewsNews

പദയാത്രികർക്കൊപ്പം സാലഡ്, ചോദ്യങ്ങൾ ചോദിച്ചും സംവദിച്ചും രാഹുല്‍ 

 

കൊല്ലം: ഭാരത് ജോഡോ യാത്ര നയിച്ചെത്തിയ രാഹുൽ ഗാന്ധി വ്യാഴാഴ്ച പകൽമുഴുവൻ കൊല്ലത്ത് തങ്ങി. പള്ളിമുക്ക് യൂനുസ് കോളേജ് ഓഫ് എൻജിനീയറിങ് വളപ്പിലെ കണ്ടെയ്നറിൽ ഉച്ചവരെ മുറിയിൽത്തന്നെയായിരുന്നു. പ്രഭാതഭക്ഷണശേഷം പത്രവായനയും കഴിഞ്ഞ് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായി ഫോണിലൂടെയും വീഡിയോ കോൺഫറൻസിലൂടെയും അദ്ദേഹം സംവദിച്ചു.

ഉച്ചയ്ക്ക് രണ്ടുമണിയോടെ കണ്ടെയ്നറിൽനിന്നു പുറത്തിറങ്ങിയ രാഹുൽ ഗാന്ധി സ്ഥിരം യാത്രാസംഘങ്ങളുടെ ഭക്ഷണശാലയിലേക്ക് നടന്നു. പിന്നീട്, പദയാത്രികർക്കൊപ്പം സാലഡ് കഴിച്ചു. ശേഷം, ബിഹാറിൽ നിന്നുള്ള ഒൻപതംഗ പദയാത്രാ സംഘവുമായുള്ള സംവാദം. ഏഴു ദിവസത്തെ യാത്ര നൽകിയ അനുഭവങ്ങൾ, കേരളം എങ്ങനെയുണ്ട്, ബിഹാറുമായുള്ള വ്യത്യാസം എന്താണ്… രാഹുൽ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. ‘വഴിവക്കിൽ ഒട്ടേറെ സ്കൂളുകൾ കണ്ടു’- അവർ മറുപടി പറഞ്ഞു. കേരളത്തിലെ കയറ്റിറക്കങ്ങളുള്ള റോഡുകളെപ്പറ്റിയും കയറ്റങ്ങൾ നടന്നു കയറാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ചും അവർ പറഞ്ഞു. പലർക്കും ഏഴു ദിവസത്തെ തുടർച്ചയായ നടത്തം ചെറിയ ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു.

യാത്രയ്ക്കിടെ ലഭിച്ച നിവേദനങ്ങൾ, പ്രാദേശിക പ്രശ്നങ്ങൾ എന്നിവയുടെ പരിഹാരമാർഗങ്ങളെപ്പറ്റിയിരുന്നു ബിഹാർ സംഘത്തിന്റെ ചോദ്യം. ‘പ്രാദേശിക പ്രശ്നങ്ങളുടെ പരിഹാരത്തിനും ചർച്ചകൾക്കും അതത് പി.സി.സികളെയും ഡി.സി.സികളെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിഭജിച്ചു ഭരിക്കുന്നവർക്കെതിരേ ഐക്യത്തിന്റെ സന്ദേശമാണ് യാത്രയുടെ ഒരേയൊരു ലക്ഷ്യം, ആ ലക്ഷ്യം മാത്രമേയുള്ളൂ എന്നും രാഹുൽ മറുപടി പറഞ്ഞു.

നേരത്തേ തന്നെയുള്ള കാൽ മുട്ടുവേദന ഏഴു ദിവസത്തെ കാൽനട യാത്രയോടെ വീണ്ടും തുടങ്ങി. ഇതോടെ, വിശ്രമദിനമായ വ്യാഴാഴ്ച വൈകീട്ട് താമസസ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ പഞ്ചകർമ ചികിത്സാകേന്ദ്രത്തിൽ രാഹുലിന് ചികിത്സ തുടങ്ങി.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കടന്നുപോകുന്നതിനാൽ പോളയത്തോടുമുതൽ കരുനാഗപ്പള്ളിവരെയുള്ള ഭാഗങ്ങളിൽ വെള്ളിയാഴ്ച ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ജാഥ കടന്നുപോയശേഷം നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കും.

രാവിലെ ആറരയ്ക്ക് പോളയത്തോടുനിന്നാണ് ജാഥ ആരംഭിക്കുന്നത്. ഈ സമയത്ത് തിരുവനന്തപുരത്തുനിന്ന് കരുനാഗപ്പള്ളിഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ മേവറം-കല്ലുംതാഴം-കാവനാട്-ആൽത്തറമൂട് വഴി കടന്നുപോകണം. ആലപ്പുഴഭാഗത്തു നിന്നുള്ള വാഹനങ്ങളും ഇതേ വഴിതന്നെയാണ് ഉപയോഗിക്കേണ്ടത്. പദയാത്ര കളക്ടറേറ്റ്, രാമൻകുളങ്ങരഭാഗത്ത് എത്തുമ്പോൾ കരുനാഗപ്പള്ളിയിൽനിന്നുള്ള വാഹനങ്ങൾ ചവറ-ടൈറ്റാനിയം-ശാസ്താംകോട്ട-ഭരണിക്കാവ് വഴി തിരിച്ചുവിടും.

കൊട്ടിയം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കണ്ണനല്ലൂർ-കുണ്ടറ-ഭരണിക്കാവ് വഴിയാണ് പോകേണ്ടത്. കൊല്ലം നഗരത്തിൽ ജാഥ ചിന്നക്കട മേൽപ്പാലം കടന്നുവരുമ്പോൾ കപ്പലണ്ടിമുക്കിൽനിന്നുള്ള വാഹനങ്ങൾ റെയിൽവേ ഓവർബ്രിഡ്ജ്-കൊച്ചുപിലാംമൂട്-തങ്കശ്ശേരി-വെള്ളയിട്ടമ്പലം വഴി തിരിച്ചുവിടും. കാവനാട് ഭാഗത്തുനിന്ന് വരുന്ന ചെറുവാഹനങ്ങൾ വെള്ളയിട്ടമ്പലം-തെക്കേ കച്ചേരി-മൂതാക്കര-തീരദേശറോഡ് വഴിയാണ് പോകണം. അഞ്ചാലുംമൂട് ഭാഗത്തുനിന്ന് വരുന്നവ ബൈപ്പാസ് കല്ലുംതാഴംവഴി കൊല്ലത്ത് എത്തണം. ഹൈസ്കൂൾ ജങ്ഷൻ വഴി ജാഥ കടന്നുപോകുന്ന സമയത്ത് ഗതാഗതം അനുവദിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button