KeralaLatest NewsNews

‘നിർഭയത്വത്തിന്റെയും ദേശസ്നേഹത്തിന്റെയും പര്യായമായിരുന്നു’: ഇന്ദിരാ ഗാന്ധി മുതൽ സാക്കിർ ഹുസൈൻ വരെ,സവർക്കറെ പുകഴ്ത്തിയവർ

ഭാരത് ജോഡോ യാത്രയിലെ ബാനറിൽ സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ സംഭവം വിവാദമായതോടെ ബാനറിൽ നിന്നും അദ്ദേഹത്തിന്റെ ചിത്രം കോൺഗ്രസ് മറച്ചിരുന്നു. നേതാക്കൾക്ക് പറ്റിയ അബദ്ധമാണെന്നായിരുന്നു കോൺഗ്രസ് വിശദീകരിച്ചത്. എന്നാൽ, സവർക്കർ എന്നു മുതൽക്കാണ് കോൺഗ്രസ്സിന് അനഭിമതൻ ആയതെന്ന ചോദ്യം ഉന്നയിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഇന്ദിരാ ഗാന്ധി മുതൽ സാക്കിർ ഹുസൈൻ വരെയുള്ളവർ സവർക്കർ പ്രശംസിച്ച് പറഞ്ഞ പ്രസ്താവനകളൊക്കെ കോൺഗ്രസ് തള്ളുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

സവർക്കർ എന്നു മുതൽക്കാണ് കോൺഗ്രസ്സിന് അനഭിമതൻ ആയതെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് കോൺഗ്രസുകാർക്കോ അനുഭാവികൾക്കോ സവർക്കർ മരിച്ച് മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും അദ്ദേഹത്തോട് വിരോധം ഇല്ലാതിരുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? ഭാരത് ജോഡോ യാത്രയിലെ സവർക്കറുടെ ചിത്രം മായ്ക്കുന്നവർ താഴെപ്പറയുന്ന പ്രസ്താവനകളെയും തള്ളുമോ?

“രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്ഥിരതയോടും ദൃഢതയോടും നിലകൊണ്ട പ്രവർത്തകൻ ആയിരുന്നു സവർക്കർ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ഐതിഹാസികമാണ്.” — എസ് രാധാകൃഷ്ണൻ, മുൻ രാഷ്ട്രപതി.

“മഹാനായ വിപ്ലവകാരിയായിരുന്ന സവർക്കർ നമ്മുടെ രാജ്യത്തെ സ്വതന്ത്രമാക്കുന്നതിനായി പ്രവർത്തിക്കാൻ നിരവധി ചെറുപ്പക്കാർക്ക് പ്രചോദനമായി.” — സാക്കിർ ഹുസൈൻ, മുൻ രാഷ്ട്രപതി.

“ദേശഭക്തിയും ദേശപ്രേമവും കൊണ്ട് ശോഭിക്കുന്ന നിർഭയനായ ഒരു സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയും മാത്രമായിരുന്നില്ല, ഒരു ചിന്തകനും എഴുത്തുകാരനും പ്രഗത്ഭനായ ഒരു സമൂഹ്യ പരിഷ്കർത്താവും കൂടിയായിരുന്നു വീർ സവർക്കർ. തൊട്ടുകൂടായ്മ, ജാതിവ്യവസ്ഥ എന്നീ സാമൂഹ്യ തിന്മകൾക്കെതിരെ വീറോടും നിശ്ചയദാർഢ്യത്തോടും അദ്ദേഹം പൊരുതി. ആ മഹാനായകൻ പ്രദർശിപ്പിച്ച ദേശസ്നേഹത്തിന്റെയും സാമൂഹ്യ പരിഷ്കരണത്തിന്റെയും സ്ഫുരണങ്ങൾ നമ്മുടെ ജീവിതത്തിലും പ്രവൃത്തിയിലും ആവാഹിക്കാൻ നമുക്ക് സാധിച്ചാൽ അദ്ദേഹത്തിന്റെ സ്മരണകൾ നമുക്ക് എന്നേയ്ക്കും നിലനിർത്താം.” — കെ ആർ നാരായണൻ, മുൻ രാഷ്ട്രപതി.

“നിർഭയത്വത്തിന്റെയും ദേശസ്നേഹത്തിന്റെയും പര്യായമായിരുന്നു സവർക്കർ. യഥാർത്ഥ വിപ്ലവകാരിയുടെ അച്ചിൽ വാർത്തെടുക്കപ്പെട്ട സവർക്കറിൽ നിന്നും അസംഖ്യം പേരാണ് പ്രചോദനം ഉൾക്കൊണ്ടത്. മരണം നമ്മുടെ ഇടയിൽ നിന്ന് ഇല്ലാതാക്കിയത് സമകാലിക ഭാരതത്തിലെ മഹത്തായ ഒരു വ്യക്തിത്വത്തെയാണ്.” — ഇന്ദിരാ ഗാന്ധി, മുൻ പ്രധാനമന്ത്രി.

“നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് വിപ്ലവവീര്യം നൽകിയ മഹാനായ ദേശസ്നേഹിയായിരുന്നു വീർ സവർക്കർ. അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ ദൃശ്യമാകുന്നത് സാമൂഹ്യ പരിഷ്കരണത്തോടുള്ള പ്രതിബദ്ധതയാണ്. ഇന്ന് നമ്മുടെ രാജ്യത്തിന്റെ ശക്തിക്കും അഭിവൃദ്ധിക്കും ആവശ്യമുള്ളത് അദ്ദേഹത്തെപ്പോലെ ക്രിയാത്മകമായി ഊർജ്ജം ചെലവഴിക്കാൻ കഴിയുന്ന യുവത്വത്തെയാണ്.” — പി വി നരസിംഹ റാവു, മുൻ പ്രധാനമന്ത്രി.

“സവർക്കറുടെ മരണത്തോടെ രാജ്യത്തിനു നഷ്ടപ്പെട്ടത് ബ്രിട്ടീഷുകാർക്കെതിരെ പോരാടുകയും രാജ്യത്തിനു വേണ്ടി മഹത്തായ ത്യാഗം ചെയ്യുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനിയെയാണ്.” — വൈ ബി ചവാൻ, മുൻ ഉപപ്രധാനമന്ത്രി.

“ബ്രിട്ടീഷ് ഭരണത്തിനെതിരെ ധീരോദാത്തവും ത്യാഗോജ്വലവുമായി പൊരുതിയ വിപ്ലവകാരികളുടെ തലമുറയുടെ പ്രതീകമായിരുന്നു സവർക്കർ.” — വസന്ത് റാവു നായിക്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി.

“വീർ സവർക്കറെ പോലുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ അശ്രാന്തപരിശ്രമങ്ങളും ത്യാഗങ്ങളും മൂലമാണ് അധിനിവേശ ഭരണാധികാരികളിൽ നിന്ന് നാം സ്വാതന്ത്ര്യം നേടിയത്.” — കെ വിജയ ഭാസ്കര റെഡ്ഡി, ആന്ധാപ്രദേശ് മുൻ മുഖ്യമന്ത്രി.

“കോൺഗ്രസിനോട് കടുത്ത എതിർപ്പിൽ ആയിരുന്നെങ്കിലും സവർക്കറുടെ ദേശാഭിമാനവും ദേശപ്രേമവും സംശയാതീതമായിരുന്നു. തന്റേതായുള്ളതെല്ലാം അദ്ദേഹം രാജ്യത്തിനു വേണ്ടി ത്യജിച്ചു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മഹത്തായ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.” — ബി എ ഖിംജി, മുൻ അധ്യക്ഷൻ, ബോംബെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി.

ഇവർ ആരുംതന്നെ സവർക്കറുടെ രാഷ്ട്രീയത്തെ അംഗീകരിച്ചിരുന്നവരല്ല. എന്നാൽ അദ്ദേഹത്തെ ആക്ഷേപിച്ചിരുന്നവരും അല്ല. കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങളുടെ കൂട്ടത്തിൽ നിന്നും സവർക്കറെ ഒഴിവാക്കുന്നെങ്കിൽ അത് ന്യായം. എന്നാൽ സവർക്കർ നീക്കം ചെയ്യപ്പെട്ട ബാനറിൽ ഉണ്ടായിരുന്നത് കോൺഗ്രസ് നേതാക്കൾ ആയിരുന്നില്ല; സ്വാതന്ത്ര്യസമര നേതാക്കൾ ആയിരുന്നു. സവർക്കറുടെ തൊട്ടടുത്ത് കണ്ട ചിത്രത്തിലെ ചന്ദ്രശേഖർ ആസാദ് കോൺഗ്രസ് നേതാവ് ആയിരുന്നില്ലല്ലോ. കോൺഗ്രസിനു സവർക്കർ എങ്ങനെയാണോ ഏതാണ്ട് സമാനമാണ് ബിജെപിക്ക് നെഹ്രു. സവർക്കറുടെയോ നെഹ്രുവിന്റേയോ ആശയങ്ങളോട് യോജിപ്പുള്ള ആളല്ല ഞാൻ. ഇരുവരെയും ആശയപരമായി എതിർക്കാം, നിശിതമായി വിമർശിക്കാം, രാഷ്ട്രീയമായി പ്രതിരോധിക്കാം. എന്നാൽ ഇവർ ദേശസ്നേഹികളോ സ്വാതന്ത്ര്യസമര സേനാനികളോ ആയിരുന്നില്ലെന്ന വാദം അപനിർമ്മിതിയാണ്, ചരിത്രത്തോടുള്ള അനാദരവാണ്‌.

shortlink

Related Articles

Post Your Comments


Back to top button