PathanamthittaLatest NewsKeralaNattuvarthaNews

പുരയിടത്തില്‍ നിന്നും പുരുഷന്‍റെ അസ്ഥികൂടം കണ്ടെത്തി : സംഭവം റാന്നിയിൽ

പുതുശ്ശേരിമല പള്ളിക്കമുരുപ്പ് ആനന്ദന്‍റെ പുരയിടത്തില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്

പത്തനംതിട്ട: റാന്നിയില്‍ പുരയിടത്തില്‍ നിന്നും പുരുഷന്‍റെ അസ്ഥികൂടം കണ്ടെത്തി. പുതുശ്ശേരിമല പള്ളിക്കമുരുപ്പ് ആനന്ദന്‍റെ പുരയിടത്തില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കാട് വൃത്തിയാക്കാനെത്തിയ സ്‌ത്രീകളാണ് അസ്ഥികൂടം ആദ്യം കണ്ടത്. അവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്, റാന്നി പൊലീസ് സ്ഥലത്തെത്തി.

Read Also : അമ്മയേയും സഹോദരനേയും മുറിയില്‍ പൂട്ടിയിട്ടു, 16കാരിയെ മണിക്കൂറുകളോളം ബലാത്സംഗം ചെയ്ത് യുവാവ്

അതേസമയം, ജൂലൈ 6-ന് കാണാതായ വടശ്ശേരിക്കര പള്ളിക്കമുരുപ്പ് കിഴക്കേചരുവില്‍ സുധാകരന്‍റേതാണ് അസ്ഥികൂടമെന്ന് ബന്ധുക്കള്‍ പറയുന്നു. സമീപത്തു കാണപ്പെട്ട വസ്ത്രാവശിഷ്‌ടങ്ങളും മൊബൈല്‍ ഫോണും ആശുപത്രിരേഖയും ചെരുപ്പും കുടയും തിരിച്ചറിഞ്ഞാണ് 61കാരനായ സുധാകരന്‍റെ അസ്ഥികൂടമാണെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ എത്തിയത്. അസ്ഥികൂടത്തിനരികില്‍ കവറില്‍ സൂക്ഷിച്ച നിലയില്‍ രണ്ട് ഷര്‍ട്ടുകള്‍, കാവിനിറമുള്ള കൈലി, വെട്ടുകത്തി എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

സുധാകരനെ കാണാനില്ലെന്ന കുടുംബത്തിന്‍റെ പരാതിയില്‍ റാന്നി പൊലീസ് ജൂലൈ 7ന് കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. ജൂലൈ 6-ന് രാവിലെ 8 മണിക്ക് ഇടക്കുളത്ത് പണിയുണ്ടെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയത്. വീട്ടിൽ തിരിച്ചെത്താതിരുന്ന ഇയാളെ കണ്ടെത്തുന്നതിന് റാന്നി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അസ്ഥികൂടം ലഭിച്ചത്.

കാണാതായ സുധാകരന്‍റെ അസ്ഥികൂടമാണോ ഇതെന്ന് കണ്ടെത്തുന്നതിനായി തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ ഡി എന്‍ എ പരിശോധന നടത്തും. അസ്ഥികൂടം ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം, പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button