KeralaLatest NewsNews

80 ലക്ഷം കൊടുത്ത് കേസ് ഒതുക്കിയെങ്കിലും, തീർത്ത് രക്ഷപ്പെട്ടെന്ന് കരുതാനാകില്ല: കേസ് വീണ്ടും തലവേദന ആകുമെന്ന് സൂചന

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗക്കേസ് അവസാനിപ്പിച്ചെങ്കിലും തലവേദന പൂർണമായും ഒഴിഞ്ഞെന്ന് പറയാനാകില്ല. 80 ലക്ഷം നൽകി ഒത്തുതീർപ്പാക്കിയെങ്കിലും ഭാവിയിൽ ഈ കേസ് വീണ്ടും ഉയർന്നുവരാമെന്നാണ് നിയമവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ഒത്തുതീർപ്പ് കരാറിൽ ബിനോയ് കുട്ടിയുടെ പിതൃത്വം നിഷേധിച്ചിട്ടില്ല. കുട്ടിയെ കുറിച്ച് കരാറിൽ ഒന്നും പറയുന്നില്ല. കരാർ ബീഹാർ യുവതിയും ബിനോയിയും തമ്മിലാണ്. നിലവിൽ കുട്ടി മൈനർ ആണ്. കുട്ടി പ്രായപൂർത്തിയാകുന്ന സമയം കേസ് ഉയർന്നുവരാൻ സാധ്യതയുണ്ട്.

യുവതിക്ക് 80 ലക്ഷം രൂപ നൽകിയാണ് ബിനോയ് കേസ് ഒത്തുതീർപ്പിലാക്കിയത് എന്നാണ് റിപ്പോർട്ട്. എന്നാൽ, യഥാർത്ഥത്തിൽ ഇതിലധികം നൽകിയിട്ടുണ്ടെന്നാണ് സൂചന. ഇരുവരും നൽകിയ ഒത്തുതീർപ്പുവ്യവസ്ഥ ഹൈക്കോടതി അംഗീകരിച്ചതോടെയാണ് കേസിന് അവസാനമായത്. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി ബിനോയ് യുവതിക്ക് 80 ലക്ഷം രൂപ കൈമാറിയെന്ന് ഒത്തുതീർപ്പ് കരാറിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Also Read:വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഇന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും

കുട്ടിയുടെ അച്ഛൻ ആരെന്ന് കണ്ടെത്താൻ നടത്തിയ ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വരും മുൻപെയാണ് കേസ് ഒത്ത് തീർപ്പിലായത്. നിയമ നടപടികൾ മതിയാക്കാൻ ഇരുകൂട്ടരും സന്നദ്ധരാവുകയായിരുന്നു. കേസ് അവസാനിപ്പിക്കാൻ ഇരുകൂട്ടരും നേരത്തെ തന്നെ തയ്യാറായിരുന്നു. എന്നാൽ, വ്യവസ്ഥകളിലുള്ള തർക്കമാണ് കാര്യങ്ങൾ ഇത്രകാലം നീട്ടിയത്. പണം നൽകിയെങ്കിലും, കുഞ്ഞിന്‍റെ പിതൃത്വത്തെ കുറിച്ച് കരാറിൽ ഒന്നും പറയുന്നില്ല. എല്ലാ കേസുകളും പിൻവലിച്ചതായി യുവതി അറിയിച്ചിട്ടുണ്ട്.

2019ലാണ് ബീഹാർ സ്വദേശിനിയായ യുവതി ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. പരാതി വ്യാജമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നുമായിരുന്നു അന്ന് ബിനോയ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ, ഡിഎൻഎ പരിശോധന നടത്താൻ ഹൈക്കോടതി ആവശ്യപ്പെട്ടു. രണ്ട് വർഷത്തിലേറെയായി പരിശോധനാ ഫലം സീൽ ചെയ്ത കവറിൽ ഹൈക്കോടതിയിൽ കിടപ്പുണ്ട്. ഇത് തുറന്ന് പരിശോധിക്കണമെന്ന ആവശ്യവുമായി ഈ വർഷം ആദ്യം യുവതി കോടതിയെ സമീപിച്ചു. തുടർന്നാണ് ഒത്ത് തീർപ്പിലേക്ക് കാര്യങ്ങൾ വേഗം നീങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button