KeralaLatest NewsNews

സിയാല്‍ മാതൃകയില്‍ കാര്‍ഷികോത്പന്ന വിപണന കമ്പനി തുടങ്ങും: മന്ത്രി പി. പ്രസാദ്

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റേയും കര്‍ഷകരുടേയും പങ്കാളിത്തത്തോടെ സിയാല്‍ മാതൃകയില്‍ കാപ്‌കോ എന്ന പേരില്‍ കാര്‍ഷികോത്പന്ന വിപണന കമ്പനി രണ്ടു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ കൃഷി വിളവെടുപ്പ് ഉദ്ഘാടനം, ഞങ്ങളും കൃഷിയിലേക്ക് നാലാംഘട്ടം- ആരോഗ്യ അടുക്കള തോട്ടങ്ങളുടെ ഉദ്ഘാടനം, തട്ട ബ്രാന്‍ഡ് കേരഗ്രാമം വെളിച്ചെണ്ണ, മാവര റൈസ് രണ്ടാം ബാച്ച് ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നം അവര്‍ക്ക് ലാഭകരമാകുന്ന രീതിയില്‍ വിപണനം ചെയ്യാനും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റാനുമാണ് പുതിയ കമ്പനിക്ക് രൂപം നല്‍കുന്നത്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ കര്‍ഷകരുടെ ജീവിതനിലവാരത്തില്‍ വലിയ മാറ്റമുണ്ടാകും. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നടത്തുന്ന തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമാണ്. ഈ പദ്ധതി എത്രത്തോളം വിജയകരമാക്കാന്‍ സാധിക്കുമെന്ന് സംശയിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ പഞ്ചായത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. അയല്‍ക്കൂട്ടങ്ങള്‍ പോലെ കൃഷിക്കൂട്ടങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചപ്പോഴും സംസ്ഥാന സര്‍ക്കാരിനേയും കൃഷി വകുപ്പിനേയും ഞെട്ടിച്ചാണ് 25642 കൃഷിക്കൂട്ടങ്ങള്‍ കേരളത്തില്‍ ഉടനീളമുണ്ടായത്.

എന്നാല്‍, രണ്ടു മണിക്കൂര്‍ കൊണ്ട് 2000 അടുക്കളത്തോട്ടങ്ങള്‍ നിര്‍മിച്ചുകൊണ്ട് പന്തളം തെക്കേക്കര അവിടെയും ചരിത്രം സൃഷ്ടിച്ചു.

ഈ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയ പഞ്ചായത്താണ് പന്തളം തെക്കേക്കര. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ രംഗത്തിറങ്ങിയാണ് ഈ പദ്ധതിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്. അതുപോലെ തന്നെ പന്തളം തെക്കേക്കരയുടെ വികസന നേട്ടത്തിലിടം പിടിക്കുകയാണ് കേരഗ്രാമം വെളിച്ചെണ്ണയും, മാവര റൈസും. കേരഗ്രാമം വെളിച്ചെണ്ണ കൂടാതെ തേങ്ങപ്പാല്‍ നേര്‍പ്പിച്ച് വിപണിയില്‍ വിതരണം ചെയ്യുന്ന പദ്ധതി പഞ്ചായത്ത് നടപ്പാക്കണമെന്നും അതിനുള്ള സാങ്കേതിക വിദ്യ പഠിപ്പിക്കുന്നതിന് കൃഷി വകുപ്പ് മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മായമില്ലാത്ത ഭക്ഷണം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തിനൊപ്പം ഓരോ പഞ്ചായത്തും ഇത്തരത്തില്‍ മുന്നിട്ടിറങ്ങിയാല്‍ കേരളം ഭക്ഷ്യഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കും. നാടന്‍ പച്ചക്കറികള്‍ക്ക് വില കൂടുതല്‍ എന്നു വിലപിക്കുന്നവര്‍ ചിന്തിക്കേണ്ടത് വില കൊടുത്ത് രോഗം വാങ്ങണോ, നല്ല ആരോഗ്യം ഉറപ്പാക്കണോയെന്നാണ്. ഓരോ കൃഷി ഭവനും ഏറ്റവും കുറഞ്ഞത് ഒരു മൂല്യവര്‍ധിത ഉത്പന്നം നിര്‍മിക്കണമെന്നും ഇതിന് വേണ്ടി ലോകബാങ്കിന്റെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മികച്ച രീതിയില്‍ പഞ്ചായത്തില്‍ കൃഷി ചെയ്ത കര്‍ഷകരെ മന്ത്രി ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കും പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം നിന്ന് എല്ലാ പിന്തുണയും നിര്‍ദേശങ്ങളും കൃഷി വകുപ്പ് മന്ത്രി നല്‍കുന്നുണ്ടെന്ന് അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കേരഗ്രാമം വെളിച്ചെണ്ണ നിര്‍മാണം ആരംഭിക്കാന്‍ വേണ്ട എല്ലാ നിര്‍ദേശങ്ങളും നല്‍കി മന്ത്രി ഒപ്പമുണ്ടായിരുന്നു. മാത്രമല്ല, കേരഗ്രാമം വെളിച്ചെണ്ണയുടേയും മാവര റൈസിന്റേയും പായ്ക്കറ്റിന് പുറത്ത് സര്‍ക്കാരിന്റെ ചിഹ്നം കൂടി ആലേഖനം ചെയ്യണമെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button