Latest NewsKeralaNews

‘ലോകത്ത് സമ്പത്ത് രൂപപ്പെട്ടത് ആഭിചാരക്രിയകളിലൂടെയല്ല’: നരബലിയെ അപലപിച്ച് സി.പി.ഐ.എം

കണ്ണൂർ: മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിയെ അപലപിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളത്തില്‍ ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് ആരും ചിന്തിക്കാനിടയില്ലെന്നും, ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് സമൂഹത്തിനൊരു പാഠമായി അന്വേഷണത്തെ മാറ്റേണ്ടതുണ്ടെന്നും സി.പി.ഐ.എം പ്രസ്താവനയിൽ അറിയിച്ചു. മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെ കേവലം നിയമം കൊണ്ട് മാത്രം പ്രതിരോധിക്കാനാകില്ലെന്നും, അതിനായി നിയമത്തിലെ പഴുതുകളടച്ച് ഇടപെടുമ്പോള്‍ തന്നെ വിശാലമായ ബഹുജന മുന്നേറ്റവും, ബോധവല്‍ക്കരണവും ഉയര്‍ന്നുവരേണ്ടതുണ്ടെന്നും സിപിഐഎം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സിപിഐഎം സെക്രട്ടേറിയറ്റ് പ്രസ്താവന:

ഇലന്തൂരില്‍ നടന്ന ആഭിചാരക്കൊല കേരളത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളുടേയും, അനാചാരങ്ങളുടേയും തീവ്രത തുറന്നുകാട്ടുന്നതും, അതിനെതിരായി ശക്തമായ പോരാട്ടത്തിന്റെ ആവശ്യകത വ്യക്തമാക്കുന്നതുമാണ്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം മാത്രം അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട് 73 കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് നാഷണല്‍ ക്രൈം ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടാകുമെന്ന് ആരും ചിന്തിക്കാനിടയില്ല. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് സമൂഹത്തിനൊരു പാഠമായി ഈ അന്വേഷണത്തെ മാറ്റേണ്ടതുണ്ട്.

കേസിന്റെ അന്വേഷണത്തില്‍ ജാഗ്രതകാട്ടി നമ്മുടെ സമൂഹത്തെ ബാധിച്ച രോഗാവസ്ഥയെ തുറന്നുകാട്ടിയ കേരളാ പൊലീസിന്റെ ഇടപെടല്‍ ഏറെ ശ്ലാഘനീയമാണ്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ മഹത്തായ ഇടപെടലുകള്‍ അന്ധവിശ്വാസങ്ങളേയും, അനാചാരങ്ങളേയും കേരളീയ സമൂഹത്തില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള വലിയ പോരാട്ടമാണ് നടത്തിയത്. ദേശീയ പ്രസ്ഥാനവും ഇക്കാര്യത്തില്‍ ഏറെ പങ്ക് വഹിച്ചു. ഈ മുന്നേറ്റത്തെ കൂടുതല്‍ കരുത്തോടുകൂടി കര്‍ഷക തൊഴിലാളി പ്രസ്ഥാനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി. ഇത്തരം ഇടപെടലുകളുടെ കൂടി ഫലമായാണ് ഇടതുപക്ഷ മനസ്സ് കേരളത്തില്‍ രൂപീകരിക്കപ്പെട്ടത്. ആധുനീക കേരളീയ സമൂഹത്തിന്റെ വികാസത്തിന്റെ അടിസ്ഥാനം ഇതായിരുന്നു.സമൂഹ്യപരിഷ്‌കരണത്തിന്റെ മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഓരോ ഘട്ടത്തിലും കേരളത്തില്‍ ഉയര്‍ന്നുവന്നിരുന്നു. അതിനെ തട്ടിമാറ്റിക്കൊണ്ടാണ് കേരളീയ സമൂഹം വികസിച്ചത്. ഫ്യൂഡല്‍ മൂല്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹമെന്ന നിലയില്‍ അന്ധവിശ്വാസങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കും ഒളിത്താവളങ്ങള്‍ സ്വാഭാവികമായി ഉണ്ടാകും.

മുതലാളിത്ത മൂല്യങ്ങളാവട്ടെ പണം എല്ലാറ്റിനും മുകളിലാണെന്ന കാഴ്ചപ്പാടും മുന്നോട്ടുവെക്കുന്നു. ആഗോളവല്‍ക്കരണ നയങ്ങള്‍ മുന്നോട്ടുവെക്കുന്ന സാംസ്‌കാരിക മൂല്യങ്ങളാവട്ടെ എന്ത് ചെയ്തും പെട്ടന്ന് സമ്പത്ത് കുന്നുകൂട്ടാനുള്ള പ്രവണതകളെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. ഇതിനായി ഏറെ സ്വകാര്യമായ ഇടം പ്രധാനം ചെയ്യുന്ന നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണ്. ഇതിലൂടെ ദുര്‍ബല മനസ്സുകള്‍ ഇത്തരം വഴികളിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു.ലോകത്ത് സമ്പത്ത് രൂപപ്പെട്ടത് ആഭിചാരക്രിയകളിലൂടെയല്ല. ശാസ്ത്രീയമായ ചിന്തകളെ ഉല്‍പാദന രംഗത്ത് പ്രയോഗിച്ചതുകൊണ്ടാണ്. ജീവന്റെ ഉത്ഭവത്തേയും പരിണാമത്തേയും സംബന്ധിച്ചെല്ലാം ശരിയായ ധാരണകള്‍ കൂടുതല്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടംകൂടിയാണിത്.

ജീവി വര്‍ഗ്ഗങ്ങളെത്തന്നെ സൃഷ്ടിക്കാന്‍ കഴിയാവുന്ന വിധം അത് വികസിച്ചുവരികയുമാണ്. ഈ ഘട്ടത്തിലാണ് പ്രാകൃതമായ വിശ്വാസങ്ങള്‍ക്ക് പിന്നില്‍ പോലും ശാസ്ത്രീയ സത്യമുണ്ടെന്നും അതുകൊണ്ട് രാജ്യം ലോകത്തിന് മാതൃകയാണെന്നുമുള്ള പ്രചരണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇത്തരം കാഴ്ചപ്പാടുകളെ പ്രതിരോധിച്ച് മുന്നോട്ടുപോകാനും കഴിയേണ്ടതുണ്ട്. ശാസ്ത്രീയമായ അറിവുകള്‍ ഏറെയുള്ളതാണ് നമ്മുടെ നാട്. ആ ശാസ്ത്ര ചിന്തകളെ ജീവിത വീക്ഷണമായി രൂപപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ വികസിക്കേണ്ടതുണ്ടെന്ന് ഈ സംഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കി കേരളത്തിന്റെ സാംസ്‌കാരിക ഔന്നിത്യം കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് മലയാളികളാകെ ഒന്നിച്ച് നില്‍ക്കേണ്ട ഘട്ടം കൂടിയാണിത്.നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ ആവശ്യമെങ്കില്‍ പുതിയ നിയമനിര്‍മ്മാണമുള്‍പ്പെടെ ആലോചിക്കേണ്ടതാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇത്തരം സംഭവത്തെ കേവലം നിയമംകൊണ്ട് മാത്രം പ്രതിരോധിക്കാനാകില്ല. അതിനായി നിയമത്തിലെ പഴുതുകളടച്ച് ഇടപെടുമ്പോള്‍ തന്നെ വിശാലമായ ബഹുജന മുന്നേറ്റവും, ബോധവല്‍ക്കരണവും ഉയര്‍ന്നുവരേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button