KeralaLatest News

ചേർത്തലയിലെ ബിന്ദു പദ്മനാഭന്റെ അവസാനനാളുകളിൽ ഒപ്പമുണ്ടായിരുന്ന അജ്ഞാതൻ ഷാഫി? മിസ്സിംഗ് കേസിൽ സംശയവുമായി ബന്ധുക്കൾ

ചേർത്തല : സംസ്ഥാനത്തെ നടുക്കിയ നരബലിയുടെ സംശയങ്ങൾ ചേർത്തലയിലേക്കും. ഉത്തരമില്ലാതെ നീളുന്ന ബിന്ദുപദ്മനാഭൻ തിരോധാനത്തിനുപിന്നിൽ നരബലിയുടെ സൂത്രധാരൻ മുഹമ്മദ് ഷാഫി ആണോ എന്ന് സംശയം. 2013-ൽ കാണാതായ ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ ബിന്ദുപദ്മനാഭന് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ല.

പോലീസും പ്രത്യേക അന്വേഷണസംഘങ്ങളും പിന്നീട്‌, ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ബിന്ദു ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്നു വ്യക്തമായിട്ടില്ല. അവസാന നാളുകളിൽ ബിന്ദുവിനു എറണാകുളത്തുണ്ടായിരുന്ന ബന്ധങ്ങൾ പലരും ചോദ്യംചെയ്യലിൽ പറഞ്ഞിരുന്നു. അമ്മയുടെ മരണസമയത്തും സ്ഥലമിടപാടുകളിലും ബിന്ദുവിനൊപ്പമെത്തിയിരുന്ന എറണാകുളം ജില്ലക്കാരനായ അജ്ഞാതനെക്കുറിച്ചാണ് ഇപ്പോൾ സംശയം.

ഷാഫിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വന്നതോടെയാണു പലരും സംശയങ്ങളുയർത്തിയത്.. അച്ഛനു പിന്നാലെ അമ്മ മരിക്കുകയും സഹോദരനുമായി അകലുകയും ചെയ്ത ബിന്ദു ഏറെക്കാലം ഒറ്റയ്ക്കായിരുന്നു ജീവിച്ചിരുന്നത്. 2017-ലാണ് ബിന്ദുവിനെ കാണാനില്ലെന്നുകാട്ടി സഹോദരൻ പ്രവീൺ സംസ്ഥാന അഭ്യന്തരവകുപ്പുസെക്രട്ടറിക്കു പരാതിനൽകിയത്.

2013-നു ശേഷം വിവരമില്ലെന്നായിരുന്നു പരാതിയിൽ. എന്നാൽ, അതിനു ശേഷവും ബിന്ദുവിനെ കണ്ടതായി വസ്തു ഇടനിലക്കാരനും പോലീസ് രജിസ്റ്റർചെയ്ത കേസിലെ പ്രതിയുമായ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യൻ മൊഴിനൽകിയിരുന്നു. എന്നാൽ ഇതിന് തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല. കോടികളുടെ സ്വത്തുക്കളുണ്ടായിരുന്ന ബിന്ദുവിന്റെ സ്വത്തുക്കളെല്ലാം പലരുടെ കൈകളിലാകുകയും ഇവരെപ്പറ്റി വിവരങ്ങളില്ലായിരിക്കുമ്പോഴും ഇവരുടെപേരില്‍ രജിസ്ട്രേഷനടക്കം നടന്നതായ വിവരങ്ങളുമാണ് സംശയങ്ങളുയര്‍ത്തിയത്.

ഇതോടെയാണ് സഹോദരന്‍ നാട്ടിലെത്തി പരാതി നല്‍കിയത്. ഇതില്‍ ഇടപ്പള്ളിയിലുള്ള ഭൂമിയിടപാടാണ് ഏറെ കോളിളക്കമുണ്ടാക്കിയത്. ഇടപ്പള്ളിയില്‍ കോടികളുടെ വിലവരുന്ന ബിന്ദുവിന്റെ പേരിലുള്ള ഭൂമി സെബാസ്റ്റ്യനു മുക്ത്യാര്‍ നല്‍കി വിറ്റതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. മുക്ത്യാര്‍ വ്യാജമായുണ്ടാക്കിയെന്നാണു പോലീസ് കണ്ടെത്തിയത്. ബിന്ദുവിന്റെ ഫോട്ടോയ്ക്കുപകരം ചേര്‍ത്തല മാടയ്ക്കല്‍ സ്വദേശിനിയായ മിനി(ജയ)യുടെ ഫോട്ടോയും വ്യാജ ഒപ്പുമായാണ് ഇടപാടുകള്‍. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഇന്നു നിലനില്‍ക്കുന്നുണ്ട്. ഇതിലും നടപടികള്‍ പൂര്‍ണമായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button