Latest NewsKeralaNews

കുട്ടികളിലെ പനിയും ചുമയും: ആശങ്ക വേണ്ട, ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികൾക്ക് വീണ്ടും അവ വരുന്നതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എങ്കിലും കുട്ടികളായതിനാൽ ശ്രദ്ധ വേണം. നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ഏതെങ്കിലും ജില്ലയിലോ പ്രദേശത്തോ രോഗത്തിന്റെ വർദ്ധനവുണ്ടായാൽ റിപ്പോർട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകൾ വഴി അവബോധം നൽകാനും ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ആ വൈറൽ ചിത്രം ഫോട്ടോഷോപ്പ് ചെയ്തത്, നിർമ്മല സീതാരാമനെതിരെ നടന്ന വ്യാജ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ്

കുട്ടികൾക്കുണ്ടാകേണ്ട പ്രതിരോധ ശേഷിയിൽ കോവിഡ് കാലത്ത് ഏറ്റക്കുറച്ചിലുകളുണ്ടാകാൻ സാധ്യതയുണ്ട്. ഇമ്മ്യൂണിറ്റി ഡെബ്റ്റ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ആഗോളതലത്തിൽ തന്നെ ഈയൊരു ഇമ്മ്യൂണിറ്റി ഡെബ്റ്റ് കാണപ്പെടുന്നുണ്ട്. കുട്ടികളിൽ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വർധന ലോകത്തെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ഇവിടേയുമുണ്ടായത്. സ്‌കൂളുകൾ അടഞ്ഞു കിടന്ന സമയത്ത് കുട്ടികൾക്ക് മറ്റുള്ളവരുമായി സമ്പർക്കമില്ലാത്തതിനാൽ പൊതുവേ അസുഖം കുറവായിരുന്നു. അതിനാൽ രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധശേഷിയും കുറഞ്ഞു. എന്നാൽ അങ്കണവാടികളും സ്‌കൂളുകളും തുറന്നപ്പോൾ വീണ്ടും അണുക്കളുമായി കൂടുതൽ സമ്പർക്കം വരാം. ഒരു കുട്ടിയ്ക്ക് അസുഖം വന്നാൽ മറ്റുള്ളവരിലേക്ക് പകരാൻ വളരെ എളുപ്പമാണ്. വളരെ ചെറുതായി അസുഖം വന്നാലും കൂടാനും നീണ്ടുനിൽക്കാനും സാധ്യതയുണ്ട്. ശ്വാസകോശ അണുബാധ ശരിയായ വിധത്തിൽ ചികിത്സിച്ചില്ലെങ്കിൽ കുട്ടികൾക്ക് ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാൽ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

അപായ സൂചനകൾ

ശ്വാസംമുട്ടൽ, കഫത്തിൽ രക്തം, അസാധാരണ മയക്കം, തളർച്ച, നാക്കിലോ ചുണ്ടിലോ നഖത്തിലോ നീലനിറം, ശക്തിയായ പനി, അതിയായ തണുപ്പ്, ജെന്നി, ക്രമത്തിൽ കൂടുതൽ വേഗതയിലുള്ള ശ്വാസമെടുപ്പ് എന്നീ അപായ സൂചനകൾ കണ്ടാൽ ഉടൻതന്നെ കുട്ടിയ്ക്ക് ചികിത്സ ഉറപ്പാക്കേണ്ടതാണ്.

ശ്വാസമെടുപ്പ് ശ്രദ്ധിക്കണം

ശ്വാസമെടുപ്പിലൂടെയും അപായ സൂചന കണ്ടെത്താം. രണ്ട് മാസത്തിന് താഴെയുള്ള കുട്ടികൾക്ക് 60ന് മുകളിലും, 2 മാസം മുതൽ 1 വയസുവരെ 50ന് മുകളിലും 1 വയസുമുതൽ 5 വയസുവരെ 40ന് മുകളിലും 5 വയസുമുതലുള്ള കുട്ടികൾ 30ന് മുകളിലും ഒരു മിനറ്റിൽ ശ്വാസമെടുക്കുന്നതു കണ്ടാൽ ഡോക്ടറെ കാണിക്കേണ്ടതാണ്. കുട്ടി ഉറങ്ങുമ്പോഴോ, സ്വസ്ഥമായി ഇരിക്കുമ്പോഴോ ആണ് ഇതു നോക്കേണ്ടത്.

കുട്ടികൾ ശ്രദ്ധിക്കേണ്ടത്

മാസ്‌ക് കൃത്യമായി ധരിക്കണം. ചുമ, തുമ്മൽ ഉണ്ടെങ്കിൽ തൂവാല ഉപയോഗിക്കണം. കൈ കഴുകുന്നത് ശീലമാക്കണം.

രക്ഷിതാക്കൾ അറിയേണ്ടത്

രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുട്ടികളെ സ്‌കൂളിൽ വിടരുത്. കുട്ടികൾക്ക് ഇഷ്ടമുള്ള പോഷകാഹാരം, പാനീയം എന്നിവ നൽകണം. തണുത്ത ആഹാരമോ പാനീയമോ നൽകരുത്. ആഹാരം അളവ് കുറച്ച് കൂടുതൽ തവണ നൽകുക. പോഷണഗുണമുള്ള ചൂടുപാനീയങ്ങൾ നൽകണം (ഉദാ: ചൂട് കഞ്ഞിവെള്ളത്തിൽ ചെറുനാരങ്ങ, ഉപ്പ് എന്നിവ ചേർത്ത് നൽകാം). പപ്പായ, മാങ്ങ തുടങ്ങി ലഭ്യമായ പഴങ്ങൾ നൽകണം. രോഗലക്ഷണങ്ങൾ നിരീക്ഷിക്കണം. അപായ സൂചനകൾ കണ്ടാൽ ഡോക്ടറെ കാണണം. കൃത്യമായി മരുന്ന് നൽകണം.

Read Also: കണ്ണൂരില്‍ എട്ടുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു : നായ ചത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button