KeralaLatest NewsNews

‘ഗോമാതാ ഫ്രൈ’ ചതിച്ചാശാനേ: രഹ്ന ഫാത്തിമയ്ക്ക് എതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. യൂട്യൂബ് ചാനലിലെ കുക്കറി ഷോയില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കേസ് സ്റ്റേ ചെയ്യണമെന്ന രഹ്ന ഫാത്തിമയുടെ ഹർജി ഹൈക്കോടതി തള്ളി. ചാനലില്‍ ‘ഗോമാതാ ഫ്രൈ’ എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു.

മനപൂര്‍വ്വം മതസ്പര്‍ദ്ധ ഉണ്ടാക്കാനാണ് ഇത്തരം പരാമര്‍ശമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് സുനില്‍ തോമസായിന്റെ ബെഞ്ച് നേരത്തെ രഹ്നയ്ക്ക് വിലക്കേർപ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിനായിരുന്നു വിലക്ക്. രണ്ട് കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടും ജോലി നഷ്ടപ്പെട്ടിട്ടും രഹ്നയുടെ സ്വഭാവത്തില്‍ മാറ്റം വന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇനിയെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങള്‍ മാനിക്കുമെന്ന് കരുതുന്നു എന്ന് പറഞ്ഞാണ് സാമൂഹ്യ മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും അഭിപ്രായ പ്രകടനം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

ശബരിമലയില്‍ മത വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന കേസില്‍ രഹ്ന ഫാത്തിമയെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി നേതാവായ ബി രാധാകൃഷ്ണ മേനോന്‍ ആയിരുന്നു അന്ന് പരാതിക്കാരന്‍. ശബരിമല വിവാദത്തിന്റെ തുടക്കത്തില്‍ കറുപ്പുടുത്തുളള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതായിരുന്നു ആദ്യത്തെ അറസ്റ്റിന് വഴിവച്ചത്. അതിന് ശേഷം സ്വന്തം ശരീരത്തില്‍ കുട്ടികളെ കൊണ്ട് ബോഡി പെയിന്റിങ് നടത്തിച്ച് അതിന്റെ വീഡിയോ പ്രചരിപ്പിച്ചു എന്ന സംഭവത്തിലും രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസ്.

ശബരിമല വിവാദത്തെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിനൊടുവില്‍ കുറ്റക്കാരിയെന്ന് കണ്ട് സര്‍വ്വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അടുത്തിടെ രഹ്ന ഫാത്തിമയും ജീവിത പങ്കാളിയായ മനോജ് കെ ശ്രീധറും വേര്‍പിരിയുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button