ഇന്തോനേഷ്യയിലെ ഗ്രാൻഡ് മോസ്‌ക്കിന്റെ താഴികക്കുടം തകർന്നു വീഴുന്ന ദൃശ്യങ്ങൾ: ദുരൂഹമായി കാരണം, 2002 ലും സംഭവിച്ചു!

ജക്കാർത്ത: ഇന്തോനേഷ്യയിലെ നോർത്ത് ജക്കാർത്തയിലെ ജാമി മസ്ജിദിന്റെ കൂറ്റൻ താഴികക്കുടം തീപിടിച്ച് തകർന്നു. താഴികക്കുടം തകർന്ന് താഴെ വീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നവീകരണ പ്രവർത്തനങ്ങൾക്കിടെ ബുധനാഴ്ചയാണ് താസികക്കുടം തീപിടിച്ച് തകർന്നത്. ജക്കാർത്ത ഇസ്ലാമിക് സെന്ററിന്റെ കെട്ടിട സമുച്ചയത്തിലാണ് മുസ്ലീം പള്ളി സ്ഥിതി ചെയ്യുന്നത്.

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും മസ്ജിദ് നവീകരിക്കാൻ ചുമതലപ്പെടുത്തിയ കോൺട്രാക്ടർ കമ്പനിയിലെ നാല് തൊഴിലാളികളെ ചോദ്യം ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രാദേശിക സമയം 3 മണിക്ക് ശേഷം സംഭവത്തെക്കുറിച്ച് അഗ്നിശമന സേനാംഗങ്ങൾക്ക് വിവരം ലഭിക്കുകയായിരുന്നു. ഇവരെത്തിയെങ്കിലും തീയണയ്ക്കാൻ സാധിച്ചില്ല. ഇതോടെ പത്ത് ഫയർ എഞ്ചിനുകൾ ആണ് വിളിച്ച് വരുത്തിയത്.

തീയുടെ ഉത്ഭവം ഇപ്പോഴും അജ്ഞാതമാണ്. ഇസ്‌ലാമിക് സെന്റർ സമുച്ചയത്തിൽ പള്ളിക്ക് പുറമെ വാണിജ്യ, ഗവേഷണ, വിദ്യാഭ്യാസ സൗകര്യങ്ങളും ഉൾപ്പെടുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് നവീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് മസ്ജിദിന്റെ താഴികക്കുടം അവസാനമായി തീപിടിച്ചത്. 2002 ഒക്ടോബറിൽ തീ പിടിച്ചപ്പോൾ ഇത് അണയ്ക്കാൻ അഞ്ച് മണിക്കൂർ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അക്കാലത്ത് നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നതിനാൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് മസ്ജിദിൽ തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. ഇതും അതുതന്നെയാകുമോ കാരണമെന്ന് വ്യക്തമല്ല.

Share
Leave a Comment