KeralaLatest News

സ്വന്തം നിലപാടുകൾ കൊണ്ട് ജനപിന്തുണ നേടിയ ജനകീയ സൂര്യൻ, പുന്നപ്ര-വയലാർ സമര നേതാവ് വി എസ് അച്യുതാനന്ദൻ 99 ന്റെ നിറവിൽ

വി എസ് എന്ന് മലയാള നാട് ചുരുക്കി വിളിക്കുന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിപ്ലവ നേതാവ് അക്ഷരാർത്ഥത്തിൽ പ്രായം തളർത്താത്ത പോരാളി തന്നെയാണ്. അദ്ദേഹം ഇന്ന് 99 ന്റെ നിറവിൽ ജന്മദിനം ആഘോഷിക്കുകയാണ്. ഇപ്പോൾ പരിപൂർണ്ണ വിശ്രമത്തിലാണ് അദ്ദേഹം ഉള്ളത്. ഇന്നും നിലപാടുകൾ വിളിച്ചുപറയുമ്പോഴും വാക്കുകളുടെ ചാട്ടുളി രാഷ്ട്രീയ എതിരാളികൾക്ക് നേർക്കെറിയുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഇപ്പോഴും ഒരു വ്യക്തതക്കുറവും വരാറില്ല.

കൊടിയ ദുഷ് പ്രഭുത്വത്തിൻ മുമ്പിൽ തലകുനിക്കാത്തതാണെന്റെ യൗവ്വനമെന്ന് വിളിച്ചുപറഞ്ഞ അദ്ദേഹം തല നരച്ചിട്ടും യുവത്വം മാറാത്ത ചോരത്തിളപ്പുള്ള വിപ്ലവ നേതാവ് തന്നെയാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ആദ്യം വി.എസിന് സീറ്റ് നിഷേധിച്ചെങ്കിലും അപ്രതീക്ഷിതമായി വി.എസ്. വീണ്ടും സ്ഥാനാർഥിയായെത്തിയത് അക്ഷരാർഥത്തിൽ നടുക്കിയത് പ്രതിപക്ഷത്തെയാണ്. ഇതിനെ പ്രതിരോധിക്കാൻ വിഎസിന്റെ പ്രായമാണ് പ്രതിപക്ഷം ആയുധമാക്കിയത്.

അങ്ങനെയിരിക്കെയാണ് എഐസിസി പ്രസിഡന്റ് സോണിയാഗാന്ധിയും മകനും എഐസിസി ജനറൽ സെക്രട്ടറിയുമായ രാഹുൽ ഗാന്ധിയും തന്നെ നേരിട്ട് ഹെലികോപ്റ്ററിൽ പ്രചരണത്തിനായി ഓരോ ജില്ലയിലുമെത്തിയത്. കോഴിക്കോട്ടെ റാലിയിൽ രാഹുൽ വി.എസിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിൽ പ്രസംഗിച്ചു. ഇവിടെ മുഖ്യമന്ത്രിയാവാൻ വീണ്ടും മത്സരിക്കുന്നയാൾക്ക് അപ്പോഴേക്കും 95 വയസ്സാകുമെന്നടക്കമുള്ള വാക്കുകൾ.. ദൃശ്യ മാധ്യമങ്ങളിലെല്ലാം കളിയാക്കൽപോലെ അത് നിറഞ്ഞു.

പിറ്റേന്ന് പത്രങ്ങളിലും വലിയ വാർത്തയായി.രാഹുലിന്റെ വാക്കുകൾക്കെതിരെ ചുട്ടമറുപടി കൊടുക്കണമെന്ന് പാർട്ടിക്കുള്ളിൽ നിന്നും വി.എസിനെ സ്നേഹിക്കുന്നവരും ആവശ്യമുന്നയിച്ചു. ഇതോടെ തിരുമുമ്പിന്റെ കവിതയുമായി വി.എസിന്റെ രം​ഗപ്രവേശം. വി.എസ്സിന് മുൻപേ അറിയാമായിരുന്ന വരികളാണത്. ആ വരികളടങ്ങിയ കടലാസ്
അദ്ദേഹത്തിന്റെ പി.എ ആയിരുന്ന സുരേഷ് കൈമാറിയപ്പോൾ വി.എസ്. പൊട്ടിച്ചിരിച്ചു. പലതവണ വായിച്ച് തലകുലുക്കി… സ്വീകരണകേന്ദ്രത്തിൽ ചാനലുകൾ വളഞ്ഞപ്പോൾ ആ കടലാസ് കയ്യിൽപ്പിടിച്ചുതന്നെ വി.എസ്. ഉറക്കെ പാടി…

” തല നരക്കുവതല്ലെന്റെ വൃദ്ധത്വം
തല നരയ്ക്കാത്തതല്ലെന്റെ യുവത്വവും
പിറവി തൊട്ടുനാളെത്രയെന്നെണ്ണുമ-
പ്പതിവുകൊണ്ടല്ലളപ്പതെൻ യൗവനം
കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ
തലകുനിക്കാത്ത ശീലമെൻ യൗവനം.
ധനികധിക്കൃതിതൻ കണ്ണുരുട്ടലിൽ
പനിപിടിക്കാത്ത ശീലമെൻ യൗവനം”

സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമുള്ള തന്നെ ആക്ഷേപിക്കാൻ വെറും അമൂൽ ബേബിയായ രാഹുലാരാണ് എന്ന ചോദ്യംകൂടിയായതോടെ കുറിക്കുകൊണ്ടു. അത് തരംഗമാകുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button