KeralaLatest NewsIndia

കൊല്ലത്തെ പോലീസ് മർദനത്തില്‍ സൈന്യം ഇടപെടുന്നു: ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി

കൊല്ലം: കിളികൊല്ലൂരിലെ പോലീസ് മര്‍ദനത്തില്‍ സൈന്യം ഇടപെടുന്നു. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പോലീസിന് വീഴ്ചപറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇടപെടല്‍. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടിയിട്ടുണ്ട്. സൈനികന്‍ വിഷ്ണുവിനെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചുവെന്ന് കാണിച്ച് അമ്മ സലില പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന് പരാതി നല്‍കും.

ആരോപണവിധേയരായ പോലീസുകാര്‍ക്കെതിരെ പൂര്‍ണമായി നടപടിയെടുത്തിട്ടില്ല. ഒന്‍പത് പേര്‍ക്കെതിരെ പരാതി നല്‍കിയതില്‍ വെറും നാല് പോലീസുകാര്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഒരു സൈനികന്‍ അവധിയിലാണെങ്കിലും അയാള്‍ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോള്‍ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്.

തുടര്‍ന്ന് മിലിട്ടറി പോലീസ് കേസ് ഏറ്റെടുക്കുക എന്നതാണ് സൈന്യത്തിലെ രീതി.ഇക്കാര്യം സൈന്യത്തെ അറിയിക്കുന്നതില്‍ പോലീസിന് വീഴ്ചപറ്റി. കേസില്‍ മര്‍ദനം ഉള്‍പ്പെടെയുണ്ടായ ശേഷമാണ് പാങ്ങോട് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല, കേസ് പരിഗണിക്കേണ്ടത് ജില്ലാ കോടതിയിലാണ്. ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥനാണോ പ്രതിയാകുന്നത്, അതിന് മുകളിലെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കാര്യങ്ങള്‍ അറിയിക്കുകയെന്നതാണ് നിയമം. കേസില്‍ ഒരു ഭാഗത്ത് പോലീസ് ആയതിനാല്‍ മറ്റേതെങ്കിലും ഒരു ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷണം നടത്തുകയെന്ന സാധ്യതയും സൈന്യം പരിഗണിക്കുന്നുണ്ട്.

രാജ്യത്തെ സേവിക്കുന്ന സൈനികനായ തന്റെ മകനെ ക്രൂര മര്‍ദനത്തിനിരയാക്കിയെന്നും കള്ളക്കേസില്‍ കുടുക്കിയെന്നും കാണിച്ചാണ് അമ്മ പരാതി നല്‍കുക. എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ കത്തോടെയാകും പ്രതിരോധ മന്ത്രിക്ക് പരാതി നല്‍കുക. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികനെയും സഹോദരനെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാണ്. പോലീസിന്റെ ക്രൂരത വാര്‍ത്തയായതോടെ പേരൂർ ഇന്ദീവരം വീട്ടിലേക്ക് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും സൈനികരും വിമുക്തഭടന്മാരും ഉള്‍പ്പെടെ നിരവധിയാളുകളെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button