Latest NewsKeralaIndia

വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ, സ്വാഗതം ചെയ്ത് പ്രതിപക്ഷം : 10.30 ന് മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർ സർക്കാർ പോരിൽ ഇന്ന് നിർണായക ദിനം. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെ വൈസ് ചാൻസലർമാർ ഇന്ന് രാവിലെ 11.30 നകം രാജിവയ്ക്കണമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നിർദേശം. പതിനൊന്നരയ്ക്ക് മുമ്പ് രാജി നൽകാത്ത വിസിമാരെ പുറത്താക്കി താൽക്കാലിക വിസിമാരെ നിശ്ചയിച്ച് ഉടൻ വിജ്ഞാപനം ഇറക്കാൻ ആണ് രാജ്ഭവന്റെ തീരുമാനം. പുതിയ വിസിമാർ ചുമതല ഏറ്റെടുക്കാൻ വരുമ്പോൾ ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ പൊലീസ് സംരക്ഷണവും രാജ്ഭവൻ തേടി.

എന്നാൽ വിസിമാർ രാജിവയ്‌ക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. പത്തരയ്ക്ക് പാലക്കാട് മാധ്യമങ്ങളെ കാണുന്ന മുഖ്യമന്ത്രി ഗവർണർക്ക് മറുപടി പറയുമെന്നാണ് കരുതുന്നത്. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല,ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെ ഗവർണറുടെ സെക്രട്ടറി ഫോണിൽ വിളിച്ചു രാജി ആവശ്യപ്പെട്ടു. ഒമ്പതു പേരും രാജിവയ്ക്കില്ലെന്ന നിലപാട് അറിയിച്ചു. അതേസമയം, ഒമ്പത് വൈസ്‌ ചാന്‍സിലര്‍മാർ രാജി വെക്കണമെന്നുള്ള ഗവര്‍ണറുടെ അന്ത്യശാസനം സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യു ജി സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റിൽപ്പറത്തി വൈസ് ചാൻസിലർമാരെ നിയമിച്ച സർക്കാർ നടപടിക്കുള്ള തിരിച്ചടിയാണ് ഗവർണറുടെ തീരുമാനമെന്ന് വിഡി സതീശൻ പറഞ്ഞു.

പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസിലർമാരാക്കിയത്. സർക്കാരിന്‍റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണർ ചെയ്ത തെറ്റ് ഇപ്പോൾ തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നതായി വിഡി സതീശൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button