KeralaLatest NewsNews

‘ദീപം തെളിച്ച് വെച്ചതുകൊണ്ട് ആരും ലഹരി ഉപയോഗിക്കാതിരിക്കില്ല’: സർക്കാരിന്റെ ദീപം തെളിയ്ക്കലിനെതിരെ എസ്.എസ്.എഫ്

തൃശൂര്‍: അനിയന്ത്രിതമായ വ്യക്തി സ്വാതന്ത്ര്യത്തിലേക്കും അനാര്‍ക്കിസത്തിലേക്കും ഒരു തലമുറയെ വഴിനടത്തി നിങ്ങള്‍ക്കെന്തുമാകാം എന്ന് ബോധ്യപ്പെടുത്തിയതിനു ശേഷം അവരോട് ലഹരി ഉപയോഗിക്കരുതെന്ന് പറഞ്ഞാല്‍ അതിന് ഫലപ്രാപ്തിയുണ്ടാകില്ലെന്ന് എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജാഫർ. സമൂഹം ലഹരിയെ ഏറ്റവും വലിയ വിപത്തായി കാണുമ്പോഴും അതിന്റെ വ്യാപനത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി തൃശൂരില്‍ സംഘടിപ്പിച്ച സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘ലഹരിക്കെതിരെ ഉപരിപ്ലവമായ കാമ്പയിനുകള്‍ കൊണ്ട് കാര്യമില്ല. ദീപം തെളിച്ചു വെച്ചതു കൊണ്ട് ലഹരി ഉല്‍പാദകരോ ഉപയോഗിക്കുന്നവരോ അവ ഉപേക്ഷിക്കുമെന്ന് കരുതാനാവില്ല. സമൂഹത്തെ വഴി നടത്തുന്ന സാമൂഹിക സ്ഥാപനങ്ങളെ ഭീഷണിയായി അവതരിപ്പിക്കുകയും അവയെ തച്ചുതകര്‍ക്കുകയും ലിബറല്‍ അജണ്ടകള്‍ സ്ഥാപിച്ച് അരാജകത്വത്തിന് അവസരമൊരുക്കുകയും ചെയ്തതിനു ശേഷം ലഹരി പോലുള്ള വിപത്തുകളെ കുറിച്ച് ആകുലപ്പെട്ടിട്ട് കാര്യമില്ല, ധാര്‍മിക സദാചാര ബോധത്തിലേക്ക് പുതു തലമുറയെ നയിക്കാന്‍ കഴിയണം’, ജാഫർ പറഞ്ഞു.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്‍റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനത്തെ വീടുകളിലും സ്ഥാപനങ്ങളിലും എം.എൽ.എ മാരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ദീപം തെളിയിച്ചിരുന്നു. സര്‍ക്കാറിന്റെ ആഹ്വാന പ്രകാരമായിരുന്നു ഇത്. ലഹരിക്കെതിരെ വീടുകളില്‍ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം. സി.പി.എം എം.എൽ.എമാരുടെ നേതൃത്വത്തിൽ മിക്കയിടങ്ങളിലും ദീപം തെളിയിച്ചു. മയക്കുമരുന്നിനെതിരെയുള്ള ജനകീയ പ്രതിരോധത്തിനായി ഒക്ടോബര്‍ ആറിന് ആരംഭിച്ച ക്യാമ്പയിന്‍റെ ആദ്യഘട്ടം നവംബര്‍ ഒന്നിന് അവസാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button