Latest NewsIndia

ഒരു മുസ്ലീമിനെയോ ക്രിസ്ത്യാനിയെയോ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ അനുവദിക്കുമോയെന്ന ട്വീറ്റ്, തരൂരിനെതിരെ സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതിൽ നിന്ന് ഇന്ത്യക്ക് പഠിക്കാൻ ഒരുപാട് പാഠങ്ങളുണ്ടെന്ന് ശശി തരൂർ എം പി. ഹിന്ദുവോ, സിഖോ, ബുദ്ധമോ, ജൈനനോ അല്ലാത്ത ഒരാൾക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ സാധിക്കുമോ എന്ന് ശശി തരൂർ ചോദിച്ചു. ഋഷി സുനക് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത് സംബന്ധിച്ച ട്വീറ്റ് വിവാദമായ സാഹചര്യത്തിൽ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യങ്ങൾ ഉന്നയിച്ചത്.

ന്യൂനപക്ഷങ്ങളെ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള തന്റെ വാദം ഉന്നയിച്ചുകൊണ്ടായിരുന്നു തരൂരിന്റെ ചോദ്യങ്ങൾ.ഒരു ക്രിസ്ത്യാനിയെയോ, മുസ്ലീമിനെയോ, രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ബിജെപി സ്വീകരിക്കുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജനിച്ച എല്ലാ മതങ്ങളെയും ഇൻഡിക് മതങ്ങളായാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം കാണുന്നത്.

എന്നാൽ, ഹിന്ദുത്വ അനുയായികൾ മറ്റുള്ളവരെ അതേ വിധം കാണുന്നില്ല. ഹിന്ദുത്വ അല്ലെങ്കിൽ “ഹിന്ദു ദേശീയത” പ്രത്യയശാസ്ത്രമായി ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിക്ക് ഒരു മുസ്ലീം എംപിയും ഇല്ല,’ തരൂർ പറഞ്ഞു. ഒരു രാജ്യത്തിന്റെ തലപ്പത്തേക്ക് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരു വ്യക്തി എത്തുക എന്നത് വളരെ അപൂർവ്വമാണെന്ന ശശി തരൂരിന്റെ ട്വീറ്റ് ആയിരുന്നു വിവാദത്തിന് ഇടയാക്കിയത്. ഋഷി സുനക്കിനെ അഭിനന്ദിക്കുന്നതിനിടെ ശശി തരൂർ ഉന്നയിച്ച ചോദ്യമാണ് വിമർശനത്തിന് വഴിവെച്ചത്.

ട്വീറ്റിന്റെ ഉളളടക്കത്തിൽ വസ്തുത പരിശോധന നടത്തി ട്വിറ്റർ ഉപയോക്താക്കൾ രംഗത്തെത്തി. തൊട്ടുപിന്നാലെ, നിരവധി ട്വിറ്ററാറ്റികൾ തരൂരിന്റെ പ്രസ്താവനയെ വസ്തുതാപരമായി പരിശോധിച്ചുകൊണ്ട് രംഗത്തെത്തി. സിഖുകാരനായ ഡോ മൻമോഹൻ സിംഗ് ഇന്ത്യൻ പ്രധാനമന്ത്രിയായിട്ടുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി. നിലവിൽ ഗോത്രവർഗക്കാരിയായ ദ്രൗപതി മുർമു രാഷ്ട്രപതിയാണെന്നതും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ചിലർ തരൂരിന്റെ അക്കാദമിക് പശ്ചാത്തലത്തെ പരിഹസിച്ചും രംഗത്തെത്തി.

അദ്ദേഹം മുഗൾ ചരിത്രം പഠിച്ചിട്ടുണ്ടെന്നും എന്നാൽ കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളുടെ ചരിത്രം അദ്ദേഹം മറന്നുവെന്നുമാണ് പരിഹാസം. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായി സേവനമനുഷ്ഠിച്ച മുൻ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജുവിന്റെ വിഷയത്തിലെ പ്രതികരണവും ശ്രദ്ധേയമാണ്. ഋഷി സുനക്ക് ഇന്ത്യൻ വംശജനാണെന്നത് തീർത്തും അപ്രസക്തമാണെന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റിനോടുളള അദ്ദേഹത്തിന്റെ പ്രതികരണം. യുകെയുടെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനുളള ഋഷി സുനക്കിന്റെ പദ്ധതി എന്താകുമെന്നതാണ് ഇവിടെ പ്രസക്തമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button