KeralaLatest NewsNews

ന്യൂ ഇന്‍ഡ്യ ലിറ്ററസി പ്രോഗ്രാം മൂന്നാറില്‍ അധ്യാപക പരിശീലനം തുടങ്ങി

ഇടുക്കി: ന്യൂ ഇന്‍ഡ്യ ലിറ്ററസി പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്ത ജില്ലാ റിസോഴ്സ് പേഴ്‌സന്‍മാര്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കും മൂന്നാറില്‍ മേഖല അധ്യാപക പരിശീലനം ആരംഭിച്ചു. മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ അഡ്വ.എം. ഭവ്യ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍ അധ്യക്ഷയായിരുന്നു. ജില്ലയില്‍ അവശേഷിക്കുന്ന നിരക്ഷരരെയും സാക്ഷരരാക്കുക എന്നതാണ് ന്യൂ ഇന്‍ഡ്യ ലിറ്ററസി പ്രോഗ്രാമിന്റെ ലക്ഷ്യം. കാന്തല്ലൂര്‍, മറയൂര്‍, മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍, അടിമാലി പഞ്ചായത്തുകളിലെ റിസോഴ്സ് പേഴ്‌സന്‍മാരും ഇന്‍സ്ട്രക്ടര്‍മാരുമാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ഇടുക്കി ജില്ലയില്‍ കാന്തല്ലൂര്‍, മറയൂര്‍, മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍, അടിമാലി, കുമളി, ഏലപ്പാറ പഞ്ചായത്തുകളിലാണ് സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജില്ലയിലെ 5000 നിരക്ഷരരെ കൂടി സാക്ഷരരാക്കുവാനാണ് ലക്ഷ്യമിട്ടിരുന്ന്. എന്നാല്‍ 6000 ഓളം നിരക്ഷരരെയാണ് സര്‍വ്വേയില്‍ കണ്ടെത്താനായത്. പ്രത്യേകം തയ്യാറാക്കിയ സാക്ഷരതാ പാഠാവലിയുടെ സഹായത്തോടെ എല്ലാവര്‍ക്കും 120 മണിക്കൂര്‍ സാക്ഷരതാ ക്ലാസുകള്‍ നല്‍കും.

സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍ കരീം, റിസോഴ്‌സ് പേഴ്സന്‍ ബെന്നി ഇലവുംമൂട്ടില്‍, അസി.കോര്‍ഡിനേറ്റര്‍ ജെമിനി ജോസഫ്, വിനു പി. ആന്റണി, ഡെയ്സി ചാക്കോ, വാസന്തി ശക്തി, ഏലിയാമ്മ ജോയി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments


Back to top button