KeralaLatest NewsNews

ലഹരിക്കെതിരെ പ്രതിരോധത്തിന്റെ പരിചയാകണം വിദ്യാർത്ഥികളുടെ കർമസേന: മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: ലഹരിക്കെതിരെ പ്രതിരോധത്തിന്റെ പരിചയായി പ്രവർത്തിക്കാൻ ക്യാമ്പസുകളിലെ ലഹരിവിരുദ്ധ കർമസേനയ്ക്ക് കഴിയണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. എൻ.എസ്.എസ് വൊളന്റിയർമാരെയും എൻ.സി.സി കേഡറ്റുമാരെയും ചേർത്ത് രൂപവത്ക്കരിക്കുന്ന ലഹരിവിരുദ്ധ കർമ്മസേനയുടെ പ്രഖ്യാപനവും നാമകരണവും തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

‘ആസാദ്'( A.S.A.A.D – Agents for Social Awareness Against Drugs) എന്ന പേരിലാണ് ക്യാമ്പസുകളിൽ ലഹരിവിരുദ്ധ കർമസേന പ്രവർത്തിക്കുക. കോളജ് ക്യാമ്പസുകൾ ലഹരിമുക്തമാക്കാനുള്ള ബോധപൂർണിമ ക്യാമ്പയിനിന്റെ ഭാഗമായാണ് സേനയ്ക്ക് രൂപം നൽകുന്നത്. ഓരോ കലാലയത്തിലെയും എൻഎസ്എസ് – എൻ.സി.സി വിഭാഗം വിദ്യാർത്ഥികളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഇരുപത് പേർ വീതമുള്ള വൊളന്റിയർമാർ ഉൾപ്പെടുന്ന ആസാദ് സേന വഴി മുഴുവൻ വിദ്യാർത്ഥികളെയും ലഹരിവിരുദ്ധ പാതയിലേക്ക് നയിക്കാൻ സാധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് മാർഗനിർദേശവും പരിശീലനവും നൽകിയാണ് കർമസേനയുടെ പ്രവർത്തനങ്ങൾ സജീവമാക്കുക. കൗൺസലിംഗ്, നിയമാവബോധം, ആശയവിനിമയം എന്നിവയിലാണ് പരിശീലനം. ലഹരി ഉപഭോഗം നിരുത്സാഹപ്പെടുത്തുക, കൗൺസലിംഗ് നടപടികൾക്ക് ശുപാർശ ചെയ്യുക, ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദപ്പെട്ടവർക്ക് വിവരം നൽകുക തുടങ്ങിയവയാവും ഇവർ ചെയ്യുക. ലഹരി വിപത്തിനെതിരെ നിരന്തര ബോധവത്കരണത്തിനും നേതൃത്വം നൽകും.

എൻ.സി.സി അഡിഷണൽ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ പി.കെ സുനിൽകുമാർ, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വിഘ്‌നേശ്വരി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ടി.പി ബൈജു ഭായ്, ഐ.എച്ച്.ആർ.ഡി ഡയറക്ടർ പി. സുരേഷ്‌കുമാർ, സ്റ്റേറ്റ് എൻ.എസ്.എസ് ഓഫിസർ അൻസാർ ആർ.എൻ തുടങ്ങിയവർ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button