KeralaLatest NewsNews

ചാൻസലർ പദവി ഗവർണർ ദുരുപയോഗം ചെയ്യുന്നു: ശക്തമായ പ്രതിഷേധത്തിന് സിപിഎം

തിരുവനന്തപുരം: ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധം നടത്താൻ സിപിഎം. കേരള ഗവർണർ സംസ്ഥാനത്ത് സംഘപരിവാർ അജണ്ട നടപ്പിലാക്കുകയാണെന്ന് സിപിഎം വിമർശിച്ചു. ചാൻസലർ പദവി ഗവർണർ ദുരുപയോഗം ചെയ്യുകയാണ്. ഗവർണറുടെ ഇത്തരം വഴിവിട്ട നീക്കങ്ങൾക്കെതിരെ എൽഡിഎഫ് സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്. നവംബർ 2 ന് തിരുപുരം എകെജി ഹാളിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിക്കും. നവംബർ 3 മുതൽ 12 വരെ ക്യാമ്പസുകളിൽ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. നവംബർ 15ന് രാജ്ഭവന്റെ മുന്നിൽ ചുരുങ്ങിയത് ഒരുലക്ഷം പേര് പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മയും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധവും എൽഡിഎഫ് സംഘടിപ്പിക്കും. മുഖ്യമന്ത്രിയടക്കമുള്ള മുതിർന്ന എൽഡിഎഫ് നേതാക്കൾ രാജ്ഭവന് മുന്നിലെ പ്രതിഷേധ ധർണയിൽ പങ്കെടുക്കുമെന്നും സിപിഎം അറിയിച്ചു.

Read Also: ശബരിമല മഹോത്സവം: ദക്ഷിണേന്ത്യൻ മന്ത്രിമാരുടെ യോഗം നവംബർ 2ന്

ഗവർണർ സംസ്ഥാനത്തെ സർവകലാശാലകളുടെ സ്വയംഭരണം തകർക്കുകയാണ്. വിസിമാരെ ഗവർണർ നിരന്തരം ഭീഷണിപ്പെടുത്തുന്നു. സെനറ്റുകളിൽ ആർഎസ്എസുകാരെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഇത്തരം നീക്കങ്ങളെ എൽഡിഎഫ് ശക്തമായി തന്നെ ചെറുക്കും.സർവകലാശാല രംഗത്ത് എൽഡിഎഫ് സർക്കാർ വിപ്ലവാത്മകരമായ പദ്ധതികളാണ് നടപ്പിലാക്കിയതും നടപ്പിലാക്കുന്നതും. കേരള യൂണിവേഴ്സിറ്റി നാകിന്റെ എ ++ ഗ്രേഡും മഹാത്മാഗാന്ധി, കോഴിക്കോട് സർവകലാശാലകൾ എ ഗ്രേഡോഡെയും ദേശീയതലത്തിൽ ശ്രദ്ധനേടിക്കഴിഞ്ഞു. നേരത്തെ കാലടി സർവകലാശാലയും ഈ നേട്ടം കൈവരിച്ചിരുന്നു. ജനാധിപത്യ രീതിയിലൂടെ അധികാരത്തിൽ വരാൻ കഴിയില്ല എന്ന് മനസിലാക്കിയ സംഘപരിവാർ ശക്തികൾ ചാൻസലർ പദവിയിലൂടെ വഴിവിട്ട നീക്കങ്ങൾ നടത്തുകയാണ്. ആർഎസ്എസ് അനുഭാവിയെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഗവർണർ മുന്നോട്ടുപോകുന്നത്. സർവകലാശാല വിഷയത്തിൽ ഗവർണറുടേത് സ്വേച്ഛാധിപത്യ ഇടപെടലാണ്.? സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് ആർഎസ്എസുകാരെ തിരുകി കയറ്റാൻ വേണ്ടിയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് ഗവർണറുടെ ശ്രമമെന്ന് സിപിഎം ആരോപിച്ചു.

കേരളത്തിൽ സംഘപരിവാർ ഗവർണറെ ഉപയോഗിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കാനുള്ള ശ്രമം തുടരുമ്പോൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഗവർണറുടെ അസാധാരണ നീക്കങ്ങൾക്ക് പോലും പിന്തുണ പ്രഖ്യാപിക്കുകയാണ്. സംഘപരിവാർ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്ന ഗവർണർക്കും അതിനെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നേതൃത്വത്തിനുമെതിരെ ജനാധിപത്യ വിശ്വാസികളുടെ ശക്തമായ ചെറുത്തുനിൽപ്പ് ഉയരണം. അന്ധവിശ്വാസവും അനാചാരങ്ങളും മുഖമുദ്രയാക്കിയവർ അമിതാധികാര പ്രയോഗത്തിലൂടെ നാടിന്റെ അഭിമാനമായ സർവകലാശാലകളെയും തകർക്കാനാണ് നീക്കം. ഗവർണറുടെ ഇത്തരം നീക്കങ്ങൾക്കെതിരെ എൽഡിഎഫ് ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും പാർട്ടി വ്യക്തമാക്കി.

Read Also: സിപിഎം നേതാക്കളുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും വേണ്ടി മാത്രമാണ് പിണറായി വിജയന്‍റെ ഭരണം: വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button