KeralaLatest News

മുഖലക്ഷണം നോക്കാനെത്തിയ ആൾക്കാർ ജോത്സ്യനെ ബോധംകെടുത്തി ആഭരണങ്ങളും മൊബൈലും തട്ടിയെടുത്തു

കൊച്ചി: മുഖലക്ഷണം നോക്കാനെന്നു പറഞ്ഞെത്തിയവർ മഷിനോട്ടക്കാരനെ ബോധംകെടുത്തിയശേഷം കെട്ടിയിട്ട് 7.25 പവൻ സ്വർണവും മൊബൈൽ ഫോണും തട്ടിയെടുത്തു. ചൊവ്വാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണു സംഭവം. മഷിനോട്ടക്കാരനായ തൈക്കൂട്ടത്തിൽ വിജയൻ (62) എന്നയാളെയാണ് മോഷ്ടാക്കൾ ആക്രമിച്ച് കവർച്ച നടത്തിയത്. മാല, ബ്രേസ്‌ലറ്റ്, 2 മോതിരം എന്നീ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും മോഷ്ടാക്കൾ തട്ടിയെടുത്തു.

കൊടുങ്ങല്ലൂർ സ്വദേശിയായ വിജയൻ മൂന്നു വർഷമായി പെരുവാരത്തു വീടു വാടകയ്ക്കെടുത്ത് മഷിനോട്ടം നടത്തി വരികയായിരുന്നു. ധാരാളം പേർ മഷിനോട്ടം നടത്തുന്നതിനായി ഇവിടേക്ക് എത്തിയിരുന്നു. ഇന്നലെ വീട്ടിലേക്കു കയറി വന്ന രണ്ടു പേർ മഷി നോക്കണമെന്ന് ആവശ്യപ്പെട്ടു. മുഖലക്ഷണം നോക്കി പറയാമോ എന്നു ചോദിച്ചുകൊണ്ടാണ് ഇതിൽ ഒരാൾ വിജയനോട് സംസാരിച്ചത്.

പ്രശ്നങ്ങളുണ്ടെന്നു വിജയൻ പറഞ്ഞപ്പോൾ ഭാര്യയും കൂട്ടി വരാമെന്നും വിസിറ്റിങ് കാർഡ് വേണമെന്നും വന്നയാൾ ആവശ്യപ്പെട്ടു. വിസിറ്റിങ് കാർഡ് എടുക്കാൻ തിരിഞ്ഞപ്പോൾ വന്നവരിൽ ഒരാൾ തോർത്ത് ഉപയോഗിച്ചു വിജയന്റെ വായ് മൂടിക്കെട്ടിയ ശേഷം എന്തോ ദ്രാവകം മണപ്പിച്ചു ബോധം കെടുത്തുകയായിരുന്നു.

ഒരു മണിക്കൂറിനു ശേഷം ബോധം തിരിച്ചുകിട്ടിയ വിജയൻ പുറത്തിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കേസരി ബസ് സ്റ്റോപ്പ് വരെ പൊലീസ് നായ ഓടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button