Latest NewsKeralaNews

‘കാറിൽ ചാരിനിന്നു എന്നതാണോ അവൻ ചെയ്ത കുറ്റം? അല്ല, ആ കുട്ടിയുടെ രൂപമാണ് അവനെ ചൊടിപ്പിച്ചത്’: വൈറൽ കുറിപ്പ്

കണ്ണൂർ: തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലന് ക്രൂരമർദ്ദനം ഏറ്റ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. കുട്ടിയെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗണേഷ് എന്ന രാജസ്ഥാനി ബാലന് ചവിട്ട് കൊണ്ടതിന്റെ കാരണം, ആ കുട്ടിയുടെ രൂപമാണെന്ന് സന്ദീപ് ദാസ്. കുട്ടിയുടെ രൂപമാണ് ചവിട്ടിയ ആളെ പ്രകോപിപ്പിച്ചതെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഇരുണ്ട നിറവും പാറിപ്പറക്കുന്ന ചെമ്പൻ തലമുടിയും ഉള്ള, മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു മനുഷ്യനെ കാണുമ്പോൾ പലർക്കും ചവിട്ടാനും ഇടിക്കാനും ഒക്കെ തോന്നുമെന്നും, ഗണേഷുമാർ ചവിട്ട് കൊള്ളേണ്ടവരാണ് എന്ന ധാരണയ്ക്ക് ചികിത്സ വേണമെന്നും സന്ദീപ് പറയുന്നു.

‘ആ ചവിട്ടിനോട് ഗണേഷ് പ്രതികരിച്ച രീതി ശ്രദ്ധിച്ചിരുന്നുവോ? തികച്ചും സ്വാഭാവികമായ ഒരു കാര്യം നടന്നു എന്ന മട്ടിലാണ് ആ കുഞ്ഞ് പെരുമാറിയത്! അവനും അവൻ്റെ കുടുംബവും ഇത്തരം ക്രൂരതകൾ നിരന്തരം നേരിടുന്നുണ്ടാവണം. പ്രിവിലേജ്ഡ് ആയ മനുഷ്യർക്കുമാത്രമേ സമൂഹത്തിൻ്റെ ആദരവ് ലഭിക്കുകയുള്ളൂ. നാടോടിയായ ഗണേഷിന് അങ്ങനെയൊരു ആനുകൂല്യമില്ല’, സന്ദീപ് കുറിച്ചു.

സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഗണേഷ് എന്ന രാജസ്ഥാനി ബാലന് ചവിട്ട് കൊണ്ടതിൻ്റെ കാരണം എന്താണ്? ഒരു കാറിൽ ചാരിനിന്നു എന്നതാണോ അവൻ ചെയ്ത കുറ്റം? ഒരിക്കലുമല്ല. ആ കുട്ടിയുടെ രൂപമാണ് ചവിട്ടിയ ആളെ പ്രകോപിപ്പിച്ചത്. ഇരുണ്ട നിറവും പാറിപ്പറക്കുന്ന ചെമ്പൻ തലമുടിയും ഉള്ള, മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു മനുഷ്യനെ കാണുമ്പോൾ പലർക്കും ചവിട്ടാനും ഇടിക്കാനും ഒക്കെ തോന്നും. ഗണേഷിനെ ഉപദ്രവിച്ച മുഹമ്മദ് ഷിഹാദിനെ ശിക്ഷിച്ചതുകൊണ്ട് മാത്രം പ്രശ്നം തീരില്ല. ഗണേഷുമാർ ചവിട്ട് കൊള്ളേണ്ടവരാണ് എന്ന ധാരണയ്ക്കാണ് ചികിത്സ വേണ്ടത്.

ആ ചവിട്ടിനോട് ഗണേഷ് പ്രതികരിച്ച രീതി ശ്രദ്ധിച്ചിരുന്നുവോ? തികച്ചും സ്വാഭാവികമായ ഒരു കാര്യം നടന്നു എന്ന മട്ടിലാണ് ആ കുഞ്ഞ് പെരുമാറിയത്! അവനും അവൻ്റെ കുടുംബവും ഇത്തരം ക്രൂരതകൾ നിരന്തരം നേരിടുന്നുണ്ടാവണം. പ്രിവിലേജ്ഡ് ആയ മനുഷ്യർക്കുമാത്രമേ സമൂഹത്തിൻ്റെ ആദരവ് ലഭിക്കുകയുള്ളൂ. നാടോടിയായ ഗണേഷിന് അങ്ങനെയൊരു ആനുകൂല്യമില്ല.

എന്താണ് പ്രിവിലേജ്?

സൽമാൻ ഖാൻ്റെ കേസ് ഓർമ്മയില്ലേ? അന്ന് റോഡരികിൽ കിടന്നുറങ്ങിയ പാവം മനുഷ്യരെയാണ് സല്ലുവിൻ്റെ സഹപ്രവർത്തകർ കുറ്റപ്പെടുത്തിയത്! ബോളിവുഡ് സൂപ്പർതാരത്തിൻ്റെ പണത്തിൻ്റെ കരുത്താണ് അവിടെ ദൃശ്യമായത്.

കാമുകനെ വിഷം കൊടുത്തുകൊന്ന ഒരു സ്ത്രീയുടെ മുഖം സമീപകാലത്ത് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ആ കുറ്റവാളിയോട് മാദ്ധ്യമങ്ങൾ മൃദുസമീപനം കാണിച്ചിരുന്നു. ”പ്രതിയായ പെൺകുട്ടി പഠനത്തിൽ മിടുക്കിയാണ് ” എന്ന മട്ടിലുള്ള വാഴ്ത്തുപാട്ടുകൾ നമ്മൾ കണ്ടു. സവർണ്ണതയോട് നാം വെച്ചുപുലർത്തുന്ന വിധേയത്വമാണ് ആ കേസിൽ പ്രകടമായത്.

പ്രിവിലേജ്ഡ് ആയവർ കുറ്റകൃത്യം ചെയ്താലും ന്യായീകരിക്കാൻ ആളുകളുണ്ടാവും. പാവം ഗണേഷുമാർ കാറിൽ സ്പർശിച്ചാൽ അവരുടെ നട്ടെല്ല് ചവിട്ടിയൊടിക്കും! ഇതാണ് അവസ്ഥ!

അട്ടപ്പാടിയിലെ മധുവിൻ്റെ കൊലപാതകം മറക്കാനാവുമോ? അയാളുടെ രൂപവും ആദിവാസി ഐഡൻ്റിറ്റിയും തല്ലിയവരെ സ്വാധീനിച്ചിരുന്നു. നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ എന്തെല്ലാം വിലാപങ്ങളാണ് ഉയർന്നുവന്നത്!

വെളുത്തുതുടുത്ത,ചുളിയാത്ത വസ്ത്രങ്ങൾ ധരിച്ച ഒരു മലയാളി ബാലനാണ് കാറിൽ ചാരിനിന്നതെങ്കിലോ? അവൻ മർദ്ദിക്കപ്പെടില്ലായിരുന്നു എന്ന് തറപ്പിച്ചുപറയാം.
ആർട്ടിക്കിൾ 15 എന്ന സിനിമയിൽ ഒരു ഡയലോഗുണ്ട്- ”ഈ രാജ്യത്തിൻ്റെ ജനസംഖ്യയുടെ എഴുപത് ശതമാനവും പിന്നോക്കക്കാരാണ്. അവർ നഗ്നരായി വരെ ജോലി ചെയ്യുന്നു. ഇതെല്ലാം അറിയുന്ന നമ്മൾ അവരെ സൗകര്യപൂർവ്വം അവഗണിക്കുന്നു…!”

അടിച്ചമർത്തപ്പെട്ട കോടിക്കണക്കിന് മനുഷ്യർ നമ്മുടെ ചുറ്റുമുണ്ട്. നൂറ്റാണ്ടുകളായി അവർ വിവേചനങ്ങളും അനീതികളും അനുഭവിക്കുകയാണ്. അവർക്കുവേണ്ടി സ്നേഹമാണ് കരുതിവെയ്ക്കേണ്ടത്. ചവിട്ടുകളല്ല!

ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ അംബേദ്കർ ജനിച്ചത് മഹർ സമുദായത്തിലാണ്. ജാതിയുടെ പേരിൽ അദ്ദേഹം ഒരുപാട് കഷ്ടതകൾ അനുഭവിച്ചിരുന്നു. അവർണ്ണർക്ക് കുടിവെള്ളം പോലും നിഷേധിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്! പക്ഷേ സ്നേഹസമ്പന്നനായ ഒരു ബ്രാഹ്മണ അദ്ധ്യാപകൻ അംബേദ്കറിനെ പഠിപ്പിച്ചിരുന്നു. അദ്ദേഹത്തിൻ്റെ പേര് മഹാദേവ് അംബേദ്കർ എന്നായിരുന്നു. പ്രിയ ശിഷ്യന് സ്വന്തം കുടുംബപ്പേര് നൽകാൻ വരെ ആ അദ്ധ്യാപകൻ തയ്യാറായി. പ്രിവിലേജുകളുടെ പേരിൽ അഹങ്കരിക്കുന്നവരോട് ഇത്രയേ പറയാനുള്ളൂ. ജീവിതം ഒരു അവസരം തരുമ്പോൾ അംബേദ്കറിൻ്റെ അദ്ധ്യാപകനെപ്പോലെ പെരുമാറണം. അത് നിങ്ങളുടെ ഔദാര്യമല്ല. മറുവശത്ത് നിൽക്കുന്നവരുടെ അവകാശമാണ്…!

shortlink

Related Articles

Post Your Comments

Related Articles


Back to top button