തിരുവനന്തപുരം: കേരളത്തിലെ സിപിഎം സർക്കാർ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ബിജെപി കേരളപ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. ഭരണഘടനയെ വെല്ലുവിളിക്കുകയാണ് സംസ്ഥാന സർക്കാരെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഗവർണർ ഒരു ഭരണഘടനാ പദവിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മനസിലാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയിൽ ഗവർണറുടെ പദവിയെ പറ്റി കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സിപിഎം അത് എല്ലാം നിഷേധിക്കുകയാണ്. ഗവർണറുടെ അധികാരത്തെ പറ്റി സിപിഎം തിരിച്ചറിയുന്നില്ല. മുഖ്യമന്ത്രി ഗവർണറെ പേര് വിളിച്ച് അഭിസംബോധന ചെയ്യുകയാണ്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഗവർണറെ വധഭീഷണി മുഴക്കി ഭീഷണിപ്പെടുത്തുകയാണ്. 1947ൽ സാർ സിപി രാമസ്വാമിയെ വധിക്കാൻ ശ്രമിച്ചത് ഗവർണർ ഓർമ്മിക്കണമെന്നാണ് ശിവൻകുട്ടി പറയുന്നത്. ജനാധിപത്യ സ്‌നേഹികൾക്ക് അംഗീകരിക്കാനാവാത്ത വാക്കുകളാണിത്. ഗവർണറെ രാജ്ഭവൻ വളഞ്ഞ് ഘരാവൊ ചെയ്യുമെന്നാണ് എം വി ഗോവിന്ദൻ പറയുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണ്. കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി കോൺഗ്രസ് ഉദ്ഘാടന സഭയിൽ ഗവർണറെ അപായപ്പെടുത്താൻ ശ്രമമുണ്ടായി. അന്ന് ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചവരെ രക്ഷപ്പെടുത്തിയത് രാജ്യസഭാംഗമായ കെ കെ രാഗേഷാണ്. അദ്ദേഹത്തെ പേഴ്‌സണൽ സെക്രട്ടറിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെുന്നും പ്രകാശ് ജാവഡേക്കർ ചൂണ്ടിക്കാണിച്ചു.
യുജിസി റൂൾ അറിയാത്തതാണ് കേരള സർക്കാരിനെ നയിക്കുന്നവരുടെ പ്രശ്‌നം. ഡിവൈഎഫ്‌ഐ നേതാക്കൻമാരുടെ ഭാര്യമാർക്ക് അനധികൃതമായി ജോലി നൽകുകയാണ് സിപിഎം സർക്കാർ ചെയ്യുന്നത്. ഇത്തരം സ്വജനപക്ഷപാത സമീപനം മറയ്ക്കാനാണ് ഗവർണറെ ഘരാവൊ ചെയ്യാൻ പോകുന്നത്. ഇതിന് ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കരാർ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് മേയർ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് ഗൗരവതരമാണ്. നഗരസഭയിലെ കരാർ ജോലി സിപിഎമ്മുകാർക്ക് മാത്രം നൽകുന്നത് ലക്ഷക്കണക്കിന് യുവാക്കളോടുള്ള വെല്ലുവിളിയാണ്. ഈ സംഭവത്തെ പറ്റിയുള്ള ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്. സിറ്റിംഗ് ഹൈക്കോടതി ജഡ്ജി ഈ കേസ് അന്വേഷിക്കണം. അഴിമതിയുടെ മറ്റൊരു പേരായി സിപിഎം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പോലിസിനെ ഉപയോഗിച്ച് ബിജെപിയുടെ സമാധാനപരമായ മാർച്ചിനെ ആക്രമിക്കുകയാണ് സർക്കാർ ചെയ്യുന്നത്. രാസവസ്തുക്കൾ നിറച്ച ടിയർ ഗ്യാസുകളും ഗ്രനേഡുകളും ഉപയോഗിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. സംസ്ഥാന അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് അക്രമിച്ചത് നിന്ദ്യമായ രീതിയിലാണ്. ഈ അക്രമത്തിന് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെ നടപടിയെടുക്കണം. മേയറെ സംരക്ഷിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് അവർ നിശബ്ദരായി ഇരിക്കുന്നതെന്നും പ്രകാശ് ജാവഡേക്കർ എംപി പറഞ്ഞു.
Post Your Comments