KeralaLatest NewsNews

പോക്സോ കേസിനെ മുസ്ലീം വ്യക്തിനിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: വ്യക്തിനിയമപ്രകാരം മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം പോക്സോ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹതിരായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണെങ്കിൽ പോക്സോ കുറ്റം ചുമത്താമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

പോക്സോ കേസിൽ ജാമ്യം തേടി തിരുവല്ല സ്വദേശിയായ മുസ്ലീം മതവിഭാഗത്തിൽപ്പെട്ട മുപ്പത്തിയൊന്നുകാരൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. പശ്ചിമബംഗാളിൽനിന്നുളള പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നതായിരുന്നു പ്രതിയ്ക്കെതിരായ കുറ്റം. പെൺകുട്ടി ചികിത്സക്കെത്തിയപ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ് ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്.

തുടർന്ന് ഹർജിക്കാരനെ  അറസ്റ്റ് ചെയ്ത് റിമാൻ‍‍ഡ് ചെയ്തു. എന്നാൽ പെൺകുട്ടിയെ താൻ വിവാഹം ചെയ്തതാണെന്നും മുസ്ലീം വ്യക്തിനിയമപ്രകാരം അതിന് നിയമ തടസമില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. മുസ്ലിം വ്യക്തിനിയമപ്രകാരം ഒരാളെ വിവാഹം കഴിക്കുന്നതിന് പതിനെട്ട് തികയേണ്ടതില്ലെന്നും പ്രതി കോടതിയിൽ നിലപാടെടുത്തു.

ചില സംസ്ഥാനങ്ങളിലെ ഹൈക്കോടതികൾ തന്നെ ഇക്കാര്യത്തിൽ പുറപ്പെടുവിച്ച ഉത്തരവും കോടതിയിൽ ഹാജരാക്കി. എന്നാൽ പ്രതിയുടെ വാദം തളളിയ കോടതി പോക്സോ നിയമം നിലനിൽക്കുമെന്ന് വ്യക്തമാക്കി. പോക്സോ കേസിനെ മുസ്ലീം വ്യക്തിനിയമിത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതിയുടെ ജാമ്യാപേക്ഷ തളളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button