Latest NewsIndia

‘മസാജ് ചെയ്യുന്നത് ഫിസിയോതെറാപ്പിസ്റ്റല്ല, ബലാത്സംഗക്കേസ് തടവുകാരൻ’ : ജയില്‍ അധികൃതര്‍

ന്യൂഡൽഹി: കളളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ആംആദ്മി നേതാവ് സത്യേന്ദർ ജെയിന് തീഹാർ ജയിലിൽ മസാജ് ചെയ്ത് കൊടുത്തത് ബലാത്സം​ഗക്കേസിലെ തടവുകാരനാണെന്ന് തിഹാർ ജയിൽ അധികൃതർ. ബലാത്സം​ഗക്കേസിലെ തടവുകാരനായ റിങ്കു എന്നയാളാണ് സത്യേന്ദർ ജെയിനിനെ പരിചരിച്ചതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി. ഇയാൾ ഫിസിയോതെറാപ്പിസ്റ്റല്ല. റിങ്കുവിനെതിരെ പോക്സോ നിയമ പ്രകാരവും ഐപിസി സെക്ഷൻ 376, 506, 509 എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്നും ജയിൽ അധികൃതരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

സത്യേന്ദർ ജെയിനിന് ജയിലിൽ വിഐപി പരി​ഗണ ലഭിക്കുന്നുവെന്ന ആരോപണമുയർന്നിരുന്നു. എന്നാൽ ചികിത്സയുടെ ഭാ​ഗമായാണ് ജയിലിൽ സത്യേന്ദർ ജെയിനിന്റെ കാല് മസാജ് ചെയ്തുകൊടുത്തത് എന്നായിരുന്നു എഎപിയുടെ വിശദീകരണം. ഓക്‌സിജൻ കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന് ഉറങ്ങാൻ കഴി‍ഞ്ഞിരുന്നില്ല. മരുന്നിനൊപ്പം ചികിത്സയുടെ ഭാഗമായി അക്യുപ്രഷർ മസാജും നടത്തിയിരുന്നു എന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിരുന്നു. സത്യേന്ദർ ജെയിനിന്റെ കാല് മസാജ് ചെയ്തുകൊടുക്കുന്ന വീഡിയോ പ്രതിപക്ഷ കക്ഷികള്‍ പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു ആം ആദ്മിയുടെ പ്രതികരണം.

ജയിലിൽ ജെയ്‌ന് വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ച് ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്തു വന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടതി ജെയിന് കഴിഞ്ഞ ആറു മാസത്തിനിടെ രണ്ട് തവണയായി ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ മന്ത്രിക്ക് പങ്കുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് ജാമ്യം നിഷേധിച്ചിരിക്കുന്നതെന്ന് കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button