Latest NewsIndia

ഭാരത് ജോഡോ യാത്ര തടയുമെന്ന ഭീഷണിയുമായി രാജസ്ഥാൻ കോൺഗ്രസിലെ ഒരു വിഭാഗം

ജയ്പൂര്‍: രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി,സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ഭാരത് ജോഡോ യാത്ര തടയുമെന്ന് ഒരു വിഭാഗം നേതാക്കൾ മുന്നറിയിപ്പ് നല്‍കി..അവശേഷിക്കുന്ന ഒരു വർഷം സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യം. അതേസമയം , വിവാദത്തില്‍ സച്ചിൻ പൈലറ്റ് മൗനം പാലിക്കുകയാണ്. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് തീരുമാനം അട്ടിമറിച്ച ഗലോട്ട് പക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെ നടപടി വൈകുന്നതിലും സച്ചിന്‍ അനുകൂലികള്‍ക്ക് അതൃപ്തിയുണ്ട്.

മുഖ്യമന്ത്രി പദമടക്കം സംഘടന വിഷയങ്ങളില്‍ ഉന്നയിച്ച പരാതികളില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിയുന്ന ഉടന്‍ പരിഹാരമുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അനക്കമില്ല. ഇതോടെയാണ് ഗലോട്ടിനെതിരെ സച്ചിന്‍ പക്ഷം വീണ്ടും തിരിഞ്ഞത്. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന എഐസിസി നിര്‍ദ്ദേശം ഓര്‍മ്മപ്പെടുത്തി പാര്‍ട്ടി അച്ചടക്കം ആരും ലംഘിക്കാന്‍ പാടില്ലെന്നാണ് സച്ചിനുള്ള ഗലോട്ടിന്‍റെ മറുപടി.

രാജസ്ഥാനിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന ഗലോട്ടിന്‍റെ ആവശ്യം രാഹുല്‍ ഗാന്ധി തള്ളിയിരുന്നു. പുതിയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അകലം പാലിക്കുകയാണ്. മധ്യപ്രദേശിലെത്തുന്ന യാത്രയിൽ വൈകുന്നേരം പ്രിയങ്ക ഭാഗമാകും. നാല് ദിവസം ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഇതാദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച പ്രിയങ്കയുടെ വാർത്താ സമ്മേളനവുമുണ്ടാകും.

ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്തുമെന്ന വിവരം പുറത്തുവന്നിരുന്നു. ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോൺഗ്രസിന്‍റെ ആലോചന. കോണ്‍ഗ്രസ് സ്ഥാപകദിനമായ ഡിസംബർ 28ന് അസം, ഒഡീഷ, ത്രിപുര സംസ്ഥാനങ്ങളിൽ പ്രത്യേകം യാത്ര സംഘടിപ്പിക്കാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്. രാഹുൽ ഗാന്ധി ഇപ്പോൾ നയിക്കുന്ന യാത്ര വിജയകരമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button