Life Style

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാം

ഭക്ഷണകാര്യങ്ങളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പട്ടിണി കിടക്കാതെ തന്നെ പ്രമേഹത്തെ വരുതിയിലാക്കാം. പ്രാതലിനു പുട്ട്, ഉപ്പുമാവ്, ഇഡ്ഡലി, ദോശ മുതലായവ കഴിക്കാം. പക്ഷേ ശ്രദ്ധിക്കേണ്ടത് പുട്ടിനൊപ്പം പഴമോ പഞ്ചസാരയോ ഉപയോഗിക്കാന്‍ പാടില്ല എന്നുള്ളതാണ്. പകരം പുട്ടിനൊപ്പം കടലക്കറിയോ ചെറുപയര്‍ കറിയോ കഴിക്കാം അതും പുട്ടിന്റെ അതേ അളവില്‍ തന്നെ കറികളും കഴിക്കണം. ഉപ്പുമാവാണെങ്കില്‍ പച്ചക്കറികള്‍ ധാരാളം ചേര്‍ത്ത് തയാറാക്കി കഴിക്കണം. ഒരു കപ്പ് ഉപ്പുമാവില്‍ കൂടുതല്‍ കഴിക്കരുത്. പൂരി കഴിക്കാം പക്ഷേ പൂരി ബാജി കഴിക്കരുത്. പകരം പൂരിക്കൊപ്പം മിക്‌സ്ഡ് വെജിറ്റബിള്‍ കറി കഴിക്കാം. ഇഡ്ഡലിയോ ദോശയോ ആണെങ്കില്‍ മൂന്നോ നാലോ എണ്ണം കഴിക്കാം. ഒപ്പം ചട്ണിയോ സാമ്പാറോ ആകാം. ഇടസമയത്ത് ഒരു സ്‌നാക്ക് കഴിക്കാം. അതു സാലഡോ ഫൈബര്‍ അടങ്ങിയ ബിസ്‌കറ്റോ ആകാം. ഒരു മുട്ട പുഴുങ്ങി കഴിക്കുന്നതും നല്ലതാണ്.

 

ഉച്ച ഭക്ഷണത്തില്‍ തവിടുള്ള അരി ഉപയോഗിക്കണം. പച്ചക്കറികള്‍ ധാരാളം കഴിക്കുക. മീന്‍, ഇറച്ചി എന്നിവ കറി വച്ചു കഴിക്കാം. വറുത്തു കഴിക്കുന്നത് ആരോഗ്യപ്രദമല്ല. ഭക്ഷണത്തോടൊപ്പമോ ഭക്ഷണത്തിനു മുന്‍പോ സാലഡ് കഴിക്കുന്നത് നല്ലതാണ്.

നാലുമണിക്ക് ചായയ്‌ക്കൊപ്പം സ്‌നാക്ക് കഴിക്കാം, പക്ഷേ എണ്ണയില്‍ വറുത്തവ കഴിക്കരുത്. ഫൈബര്‍ അടങ്ങിയ ബിസ്‌ക്കറ്റുകളോ റസ്‌ക്കോ കഴിക്കാം. ഒരു ദിവസം രണ്ടോ മൂന്നോ ചായ(കാപ്പി) കുടിക്കാം, പാലൊഴിച്ച് പക്ഷേ പഞ്ചസാര പാടില്ല.

അത്താഴത്തിനു ചപ്പാത്തിയോ ഓട്‌സോ കഴിക്കാം. ചപ്പാത്തി കഴിക്കുമ്പോള്‍ ഹോള്‍ വീറ്റ് ആട്ട കൊണ്ടുണ്ടാക്കിയ ചപ്പാത്തി കഴിക്കാന്‍ ശ്രദ്ധിക്കുക. ഗോതമ്പു ദോശയും മറ്റും കഴിക്കാവുന്നതാണ്.

പഴങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. ദിവസവും ഒരു പഴം കഴിക്കാവുന്നതാണ്. ചെറുപഴമാണെങ്കില്‍ ദിവസവും രണ്ടെണ്ണം കഴിക്കാം. മാങ്ങയുടെ സീസണ്‍ ആണെങ്കില്‍ ഒരു വലിയ കഷ്ണം കഴിക്കാവുന്നതാണ്. സിട്രസ് ഫ്രൂട്ട് ഒരെണ്ണം കഴിക്കാം. ഇവ ഫ്രൂട്ട് ആയി തന്നെ കഴിക്കാന്‍ ശ്രദ്ധിക്കണം. സീസണല്‍ ഫ്രൂട്ടുകള്‍ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. ഒഴിവാക്കേണ്ടത് പഞ്ചസാര, തേന്‍, ശര്‍ക്കര പോലുള്ള മധുരങ്ങളാണ്.

ഇങ്ങനെ കഴിക്കുന്നതു കൊണ്ടു മാത്രമായില്ല, കൃത്യസമയത്തു ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. പ്രാതല്‍ ഒന്‍പതു മണിക്കുമുന്‍പു കഴിക്കണം. ഉച്ചയ്ക്ക് ഒരു മണിക്കും അത്താഴം കിടക്കുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പും കഴിക്കണം.

ഇവയൊക്കെ ശ്രദ്ധിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും. പക്ഷേ മരുന്നു കഴിക്കാന്‍ മടി കാണിക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മരുന്നിന്റെ അളവു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുവാന്‍ പാടില്ല.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button