KeralaLatest NewsNews

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം

തൃശ്ശൂര്‍: ലഹരി വിരുദ്ധ ബോധവൽക്കരണത്തോടെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം. ഡോൺ ബോസ്കോ കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങ് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സർഗാത്മക ബോധത്തിന്റെ അടിത്തറയിലൂടെ വേണം പുതുതലമുറ വളരേണ്ടതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലുണ്ടായ നവോത്ഥാന മുന്നേറ്റങ്ങൾക്കെല്ലാം മലയാളിയെ മനുഷ്യനാക്കി മാറ്റിയതിൽ സുപ്രധാന പങ്കുണ്ട്. ആരോഗ്യ -വിദ്യാഭ്യാസ – ഭൂപരിഷ്കരണ മേഖലകളിൽ സംസ്ഥാനം നേടിയ സമാനതകളില്ലാത്ത നേട്ടവും ഇതിന് വഴി തെളിച്ചു. യുക്തിചിന്തയിലും പുരോഗമനാശയത്തിലും ശാസ്ത്രാവബോധത്തിലും അധിഷ്ഠിതമാണ് കേരളീയ സമൂഹമെന്നും മന്ത്രി പറഞ്ഞു.

ലഹരിക്കും മയക്കുമരുന്നിനും അടിമയാകാത്ത തലമുറയെ വളർത്തിയെടുക്കാൻ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. നമ്മുടെ കുട്ടികളെ ലഹരിക്കടിമപ്പെടുത്താൻ ആസൂത്രിതമായ നീക്കം സമൂഹത്തിൽ നടക്കുന്നുണ്ട്. ഇതിനെതിരെ പ്രതിരോധം തീർക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പുതുതലമുറയ്ക്ക് നേരിന്റെയും നൻമയുടെയും പാത പകരാനാകുക കലയിലൂടെയും സർഗാത്മകതയിലൂടെയുമാണെന്നും മന്ത്രി പറഞ്ഞു.

ഒല്ലൂക്കര ബ്ലോക്കിന് കീഴിലുള്ള പഞ്ചായത്തുകളിലായി 29 വരെയാണ് കേരളോത്സവം. പരിപാടിക്ക് തുടക്കം കുറിച്ചും ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായും ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഡോൺബോസ്കോ കോളേജിലേയ്ക്ക് ഘോഷയാത്ര നടത്തി. ഒല്ലുക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ രവി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജൂബിലി മിഷൻ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും സ്കിറ്റും അവതരിപ്പിച്ചു. ഡോൺ ബോസ്കോ വിദ്യാർത്ഥികളുടെ നൃത്താവിഷ്ക്കാരം നടന്നു.

ബോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ് ബാബു, ബി.ഡി.ഒ എം ബൈജു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയപേഴ്സൺ സിനി പ്രദീപ് കുമാർ, ഒല്ലൂക്കര ബ്ലോക്ക് അംഗങ്ങൾ ഐ എസ് ഉമാദേവി, വെള്ളാനിക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.കെ എസ് ജയന്തി, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, ഐ.സി.ഡി.എസ് അംഗങ്ങൾ, മഹിളാപ്രധാൻ ഏജന്റുമാർ, യുവജനക്ഷേമ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

shortlink

Post Your Comments


Back to top button