Latest NewsArticleNews

ലോക എയ്ഡ്സ് ദിനം : എയ്ഡ്സ് പകരുന്ന വഴികളും പ്രതിരോധ നടപടികളും

എന്താണ് എയ്ഡ്സ്?

എന്താണ് എയ്ഡ്സ്? എച്ച്.ഐ.വി. അഥവാ ഹ്യുമൻ ഇമ്മ്യൂണോ ഡിഫിഷ്യൻസി വൈറസ് ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണിത്.

രോഗലക്ഷണങ്ങൾ

എച്ച്ഐവി രോഗബാധയ്ക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്. അക്യൂട്ട് (രോഗാണുബാധ ഉണ്ടായതിനെത്തുടർന്ന് പെട്ടെന്നുണ്ടാകുന്ന അസുഖം) രോഗാണുബാധ, രോഗലക്ഷണങ്ങളില്ലാത്ത ക്ലിനിക്കൽ ലേറ്റൻസി (clinical latency) എന്ന ഘട്ടം, എയ്ഡ്സ് എന്നിവയാണ് മൂന്നു ഘട്ടങ്ങൾ.

അടിവയറ്റിൽ വേദന, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, യോനിയിലോ ലിംഗത്തിലോ ഉണ്ടാകുന്ന വ്രണം, കട്ടിയുള്ളതും നിറവ്യത്യാസം ഉള്ളതുമായ വെള്ളപ്പോക്ക്, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന, ഗുഹ്യഭാഗത്തു ചൊറിച്ചിലോ നീറ്റലോ ഉണ്ടാവുക എന്നിവയൊക്കെ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ(STDs) ലക്ഷണങ്ങൾ ആകാൻ സാധ്യതയുണ്ട്.

ലൈംഗിക രോഗമുള്ളവർക്ക് എച്ച്ഐവി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ലൈംഗിക രോഗമുള്ളവർ പങ്കാളിയോടൊപ്പം എച്ച്ഐവി പരിശോധന നടത്തി സുരക്ഷിതരാകുക.

രോഗം പകരുന്ന വഴികൾ

1. എയ്ഡ്സ് രോഗാണുബാധ ഉള്ളവരുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടുക.

2. ഗർഭനിരോധന ഉറ ഉപയോഗിക്കാതെയുള്ള ശാരീരിക ബന്ധം രോഗപകർച്ചയ്ക്ക് കാരണമാകുന്നു.

3. കുത്തിവയ്പ്പ് സൂചികൾ ശരിയായി അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുക.

4. വൈറസ് ഉള്ള രക്തം, രക്തത്തിൽ നിന്നും ഉണ്ടാക്കിയ വസ്തുക്കൾ, ലൈംഗികമായി ബന്ധപ്പെടുമ്പോൾ ഉണ്ടാകുന്ന സ്രവങ്ങൾ, ശുക്ലം, ഇവ മറ്റൊരാളിലേക്ക് പകരുക.

5. വൈറസ്ബാധ ഉള്ള സ്ത്രീയുടെ രക്തത്തിൽ കൂടിയോ, മുലപ്പാലിൽ കൂടിയോ ശിശുവിലേക്ക് രോഗാണുക്കൾ പകരാവുന്നതാണ്. ഇതിനു സാധ്യത 30 ശതമാനം മാത്രമാണ്.

6. ഗുഹ്യരോമങ്ങൾ ഷേവ് ചെയ്യുന്നത് നിമിത്തം ഉണ്ടാകുന്ന ചെറു മുറിവുകളിലൂടെ ഇത്തരം രോഗാണുബാധകൾ എളുപ്പം പകരുന്നു. ഗുഹ്യചർമങ്ങൾ തമ്മിലുള്ള ഘർഷണം ഇതിന് കാരണമാകാം.

എയ്‌ഡ്‌സ് രോഗാണുക്കൾ ശരീരത്തിലുള്ള എല്ലാവർക്കും ആദ്യമേ അല്ലെങ്കിൽ ഉടനെ രോഗലക്ഷണങ്ങൾ കാണില്ല. രോഗ ലക്ഷണങ്ങൾ ഇല്ലാത്തതും എന്നാൽ രോഗാണു ശരീരത്തിൽ ഉള്ളതുമായ അവസ്ഥക്ക് രോഗാണുബാധ (H.I.V.Infection) എന്നുപറയുന്നു. 50% രോഗാണു ബാധിതർ 10 വർഷത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുകയും രോഗിയായിത്തീരുകയും ചെയ്യുന്നു. 60% പേർ 12-13 വർഷത്തിനുള്ളിലും 90% പേർ 15-20 വർഷത്തിനുള്ളിലും രോഗികളാകുന്നു.

രോഗലക്ഷണം ഉള്ളവർ മാത്രമല്ല, എയ്‌ഡ്‌സ് രോഗാണുബാധിതർ എല്ലാവരും തന്നെ മറ്റുള്ളവരിലേക്ക് രോഗം പകർത്താൻ കഴിവുള്ളവരാണ്. പങ്കാളിയോടുള്ള അന്ധമായ വിശ്വാസത്തിന്റെ പേരിൽ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിനൊരുങ്ങുന്നത് വളരെയധികം അപകടകരമാണ്.

Read Also : ലോക എയ്ഡ്സ് ദിനം: ‘തുല്യമാക്കുക’ അവഗണിക്കാതെ ചേർത്തു നിർത്താം

പ്രതിരോധ നടപടികൾ

പ്രതിരോധരംഗത്ത് രോഗബാധിതർക്കും, രോഗബാധയില്ലാത്ത പൊതുജനങ്ങൾക്കും തുല്യപങ്കാണ് ഉള്ളത്. എച്ച്.ഐ.വി. രോഗാണുബാധയുള്ളവരും എയ്‌ഡ്‌സ് അവസ്ഥയിലുള്ളവരും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

രോഗാണുവാഹകരുമായി ലൈംഗികവേഴ്ച ഒഴിവാക്കുക. ആരോഗ്യകരമായ ലൈംഗിക ബന്ധത്തിൽ മാത്രം ഏർപ്പെടുക. പങ്കാളിയുടെ നിർബന്ധത്തിന് വഴങ്ങി സുരക്ഷാമാർഗങ്ങൾ ഒന്നുമില്ലാതെ സംഭോഗത്തിൽ ഏർപ്പെടുന്നത് ഏറെ അപകടകരമാണ്.

ഗർഭനിരോധന ഉറ അഥവാ കോണ്ടം നിർബന്ധമായും ഉപയോഗിക്കുക. ഉറകൾ ഉപയോഗിക്കുന്നതു കൊണ്ട് നല്ലൊരു പരിധിവരെ, രോഗം പകരാതിരിക്കുവാൻ സാധിക്കും. പക്ഷേ സമ്പൂർണ്ണ സുരക്ഷ ഇതു വാഗ്ദാനം ചെയ്യുന്നില്ല. സ്ത്രീകൾക്കുള്ള ഉറകളും ഫലപ്രദമാണ്. പുരുഷപങ്കാളിക്ക് ഉറ ഉപയോഗിക്കാൻ താൽപര്യമില്ലെങ്കിൽ സ്ത്രീക്ക് ഇത് ഉപയോഗിക്കാം. ആന്റിവൈറൽ ലൂബ്രിക്കന്റ് അടങ്ങിയ ഉറവരെ ഇന്ന് ലഭ്യമാണ്. ലൈംഗികനുഭൂതി തെല്ലും കുറയ്ക്കാത്ത നേർത്ത ഉറകൾ എക്സ്ട്രാ തിൻ, സ്കിൻ ടു സ്കിൻ തുടങ്ങിയ പല പേരുകളിൽ ഇന്ന് ലഭ്യമാണ്. ഉറ നല്ലതിന് എന്ന സന്ദേശവും ഉപയോഗിച്ച് വരുന്നു.

വദനസുരതം തുടങ്ങിയ ഏതുതരം ആസ്വാദനരീതികൾ അവലംബിച്ചാലും ഉറ, ദന്തമൂടികൾ തുടങ്ങി സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കുക. ഭക്ഷ്യവസ്തുക്കളുടെ രുചിയും ഗന്ധവുമുള്ള ചോക്ലേറ്റ്, ബനാന തുടങ്ങിയ ഉറകൾ വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ളതാണ്.

രോഗാണുബാധിതർ രക്തം, ശുക്ലം, വൃക്ക മുതലായവ ദാനം ചെയ്യാതിരിക്കുക. വിശ്വാസ്യതയുള്ള രക്തബാങ്കിൽ നിന്നുമാത്രം രക്തം സ്വീകരിക്കുക. സിറിഞ്ച്, സൂചി തുടങ്ങിയവ വീണ്ടും ഉപയോഗിക്കാൻ പാടില്ല.

പല്ലു തേക്കുന്ന ബ്രഷ്, ഷേവിംഗ് ബ്ലേഡ് ഇവ മറ്റുള്ളവർക്ക് ഉപയോഗിക്കാൻ കൊടുക്കരുത്. മറ്റുള്ളവരുടേത് ഉപയോഗിക്കുകയും ചെയ്യരുത്. ഇവ ഉപയോഗിക്കുമ്പോൾ രക്തം പൊടിക്കാൻ സാധ്യതയുള്ളതു കൊണ്ടാണ്, ഈ മുൻകരുതൽ എടുക്കെണ്ടത്.

എന്തെങ്കിലും ചികിത്സക്കായി ഡോക്ടറെ കാണുമ്പോൾ സ്വന്തം ആരോഗ്യസ്ഥിതി വെളിപ്പെടുത്തുക. കാരണം ആരോഗ്യപരിപാലകരായ ഇവർക്ക് വേണ്ടത്ര മുൻ കരുതൽ എടുക്കുവാൻ സാധിക്കും.

രോഗിയുടെ രക്തം നിലത്ത് വീഴാൻ ഇടയായാൽ ബ്ലീച്ചിംഗ് പൗഡർ വെള്ളത്തിൽ കലക്കി (1.10 എന്ന അനുപാതത്തിൽ)അവിടെ ഒഴിക്കുക. അര മണിക്കുറിനു ശേഷം കഴുകി കളയാം. വസ്ത്രത്തിൽ രക്തം പുരണ്ടാൽ തിളക്കുന്ന വെള്ളത്തിൽ മുക്കി അര മണിക്കൂർ വച്ച ശേഷം കഴുകി വൃത്തിയാക്കുക. അണുബാധിതരുടെ വസ്ത്രം ഇപ്രകാരം വൃത്തിയാക്കുമ്പോൾ കൈയുറകൾ ധരിക്കണം.

എയ്‌ഡ്‌സ് അവസ്ഥയിലുള്ള സ്ത്രീ ഗർഭിണിയാവാതിരിക്കാൻ ശ്രദ്ധിക്കണം.

ഗുഹ്യരോമങ്ങൾ ഷേവ് ചെയ്യുന്നത് ഒഴിവാക്കുക. അവ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ നീളം കുറച്ചു ട്രിം ചെയ്യുന്നതാവും ഉചിതം. ഷേവ് ചെയ്യുന്നത് മൂലം ഉണ്ടാകുന്ന സൂക്ഷ്മമായ മുറിവുകളിലൂടെ ഇത്തരം അണുബാധകൾ വേഗം പടരുന്നു എന്നതാണ് കാരണം. ഗുഹ്യരോമങ്ങൾ സംഭോഗവേളയിൽ ഉണ്ടാകുന്ന ഘർഷണം കുറക്കുകയും രോഗാണുബാധകളെ പ്രതിരോധിക്കുകയും ചെയ്യാറുണ്ട്.

രോഗാണുവാഹകരുമായി രോഗപ്പകർച്ച ഉണ്ടാകുന്ന രീതിയിൽ സമ്പർക്കം ഉണ്ടായാൽ എത്രയും വേഗം വൈദ്യസഹായം തേടുക. പ്രതിരോധ മരുന്നുകൾ സ്വീകരിക്കുക.

ശാസ്ത്രീയമായ മുൻകരുതൽ സ്വീകരിക്കുക വഴി എച്ച്ഐവി മാത്രമല്ല ഹെർപ്പിസ്, സിഫിലിസ്, ഗൊണേറിയ, പ്പറ്റെറ്റിസ് ബി, എച്ച്പിവി, പെൽവിക് ഇൻഫെക്ഷൻ തുടങ്ങിയ ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകളെ നല്ലൊരു ശതമാനം ഒഴിവാക്കാൻ സാധിക്കും.

ലൈംഗികബന്ധത്തിന് മുൻപും ശേഷവും ജനനേന്ദ്രിയഭാഗങ്ങൾ വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്ന ശീലം വ്യക്തി ശുചിത്വത്തിന്റെ ഭാഗമാക്കുക.

ഒന്നോർക്കുക. എയ്ഡ്‌സ് രോഗബാധിതരെ സ്പർശിച്ചാലോ കെട്ടിപ്പിടിച്ചാലോ രോ​ഗം പകരുമെന്ന ചിന്തയിൽ അവരിൽ നിന്ന് ഓടിയൊളിക്കേണ്ട കാര്യമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button