Latest NewsKeralaNews

സർക്കാർ സേവനങ്ങൾക്ക് മാനുഷിക മുഖം നൽകാൻ ജീവനക്കാർക്ക് കഴിയണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ സേവനങ്ങൾക്ക് മികച്ച മാനുഷിക മുഖം നൽകാൻ വകുപ്പുകൾക്കും ജീവനക്കാർക്കും കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് തടസം നിൽക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങൾ പരിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഇ-ഗവേണൻസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read Also: വിഴിഞ്ഞം സംഘര്‍ഷത്തിനും പോലീസ് സ്റ്റേഷന്‍ ആക്രമണത്തിനും കാരണം സര്‍ക്കാരിന്റെ പ്രകോപനം: ലത്തീന്‍ അതിരൂപത

സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യമായും വേഗത്തിലും അഴിമതിരഹിതമായും ലഭ്യമാക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു കേരളത്തിലെ സേവന മേഖലയെ കൂടുതൽ ജനോന്മുഖമാക്കും. ഇതു മുൻനിർത്തിയാണ് വിവിധ ഇ-സേവനങ്ങൾ നടപ്പാക്കുന്നത്. ഇ-ഗവേണൻസിന്റെ ഭാഗമായുള്ള സേവനങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കുന്നതിനു തടസമായി നിൽക്കുന്ന ഒരു ഘടകം കാലഹരണപ്പെട്ട ചട്ടങ്ങളാണ്. ഇവ പരിഷ്‌കരിക്കേണ്ടതുണ്ട്. ഇവ ഏതൊക്കെയാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നത് ജനങ്ങളുമായി ഇടപഴകുന്ന ഉദ്യോഗസ്ഥർക്കാണ്. ചട്ടങ്ങൾ ആളുകൾക്കു വിഷമമുണ്ടാക്കുന്നതാണെന്നു തിരിച്ചറിയുന്ന ഉദ്യോഗസ്ഥർ അതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതുവരെ 868 സേവനങ്ങൾ ഓൺലൈൻ പോർട്ടലിൽ ലഭ്യമാക്കാനായിട്ടുണ്ട്. സർക്കാർ ഓഫിസുകൾ കയറിയിറങ്ങാതെ പൊതുജനങ്ങൾക്ക് സേവനങ്ങൾ ഈ പോർട്ടലിലൂടെ പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ട്. മറ്റൊരു 668 സേവനങ്ങൾ ലഭ്യമാകുന്ന എം-സേവനം എന്ന മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്. ഇവ രണ്ടിലും കൂടുതൽ സേവനങ്ങൾ ഉൾച്ചേർക്കും. ജില്ലാതലത്തിലുള്ള ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇ-ഡിസ്ട്രിക്റ്റ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ ഓഫിസുകൾ പേപ്പർ രഹിതമാക്കുന്നതിന് ഇ-ഓഫിസ് നടപ്പാക്കി. 14 കളക്ടറേറ്റുകളിലും 120ലധികം സർക്കാർ സ്ഥാപനങ്ങളിലും ഇ-ഓഫിസ് നടപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന 47 താലൂക്ക് ഓഫിസുകൾ, 408 വില്ലേജ് ഓഫിസുകൾ, 24 ആർഡിഒ ഓഫിസുകൾ എന്നിവിടങ്ങളിലും ഇതു നടപ്പാക്കിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എല്ലാ വിഭാഗം ജനങ്ങൾക്കും ഇ-സേവനം ശരിയായി ലഭിക്കണമെങ്കിൽ സാർവത്രികമായി ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കണം. ഇതിനാണു കെ-ഫോൺ പദ്ധതി ആവിഷ്‌കരിച്ചത്. കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും കുറഞ്ഞ നിരക്കിലോ സൗജന്യമായോ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വരുന്ന സർക്കാർ ഓഫിസുകളും വിദ്യാലയങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. ഇതിനോടകം പല സർക്കാർ ഓഫിസുകൾക്കും കെ-ഫോൺ കണക്ഷൻ ലഭ്യമായിക്കഴിഞ്ഞു. കെ-ഫോൺ പദ്ധതിക്കൊപ്പംതന്നെ പബ്ലിക് വൈഫൈ സ്‌പോട്ടുകളും സ്ഥാപിക്കുന്നുണ്ട്. 2023 സൗജന്യ പബ്ലിക് വൈഫൈ സ്‌പോട്ടുകൾ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. 2000 ഹോട്ട് സ്‌പോട്ടുകൾ കൂടി സ്ഥാപിക്കുന്നതിന് നടപടി തുടങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം അറിയിച്ചു.

സർക്കാരിന്റെ സമീപനത്തിനും അടിസ്ഥാന സൗകര്യങ്ങളിലും മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ജീവനക്കാരുടെ സമീപനത്തിലും കാര്യമായ മാറ്റം ഉണ്ടാകണം. സർക്കാർ സർവ്വീസ് പൊതുജനങ്ങൾക്ക് സർവ്വീസ് നൽകാനുള്ള ഉപാധിയാണെന്ന നിലയ്ക്കുള്ള മാറ്റമുണ്ടാകണം. അതിന് സഹായകമാകുന്ന വിവിധ പരിശീലന പരിപാടികൾ നടപ്പാക്കുന്നുണ്ട്. അവയോടു മികച്ച രീതിയിൽ പ്രതികരിക്കുകയും അവയിൽ നിന്ന് ഊർജം ഉൾക്കൊണ്ടു മികച്ച മുന്നേറ്റം കൈവരിക്കുകയും ചെയ്യുന്ന നിരവധി ഓഫിസുകളം വകുപ്പുകളുമുണ്ട്. എല്ലാ ഓഫീസുകളും വകുപ്പുകളും ഈ തലത്തിലേക്കു വളരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ജന്മദിനമാണെന്ന് പറഞ്ഞ് കാറിലെത്തിയ അജ്ഞാതന്‍ ചോക്ലേറ്റ് വിതരണം ചെയ്തു: ഭക്ഷ്യവിഷബാധ, 17കുട്ടികൾ ആശുപത്രിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button