KeralaLatest NewsNews

ചെങ്കണ്ണ്: ആശങ്ക വേണ്ട ശ്രദ്ധ വേണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ ചെങ്കണ്ണ് റിപ്പോർട്ട് ചെയ്യുന്നതിനാൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചെങ്കണ്ണ് ഒരു പകർച്ചവ്യാധിയാണെങ്കിലും അൽപം ശ്രദ്ധിച്ചാൽ പകരുന്നത് തടയാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്ര രോഗങ്ങൾക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാൽ ചെങ്കണ്ണ് ഉണ്ടാകുമ്പോൾ സ്വയം ചികിത്സ പാടില്ലെന്ന് മന്ത്രി നിർദ്ദേശം നൽകി.

Read Also: കേന്ദ്രസേനയെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത് അദാനി ഗ്രൂപ്പ്, ഇതിനു പിന്നില്‍ തങ്ങളല്ല:പരസ്യനിലപാട് സ്വീകരിച്ച് സര്‍ക്കാര്‍

ചെങ്കണ്ണുണ്ടായാൽ നേത്ര രോഗ വിദഗ്ധന്റെ സേവനം തേടണം. സർക്കാർ ആശുപത്രികളിൽ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്. മാത്രമല്ല ആശാവർക്കർമാരുടേയും ജെപിഎച്ച്എൻമാരുടേയും സേവനവും ലഭ്യമാണ്. ഇവർ വീടുകളിൽ പോയി മറ്റ് രോഗങ്ങൾ അന്വേഷിക്കുന്നതോടൊപ്പം ചെങ്കണ്ണിന്റെ വിവരങ്ങളും ശേഖരിച്ചു വരുന്നു. രോഗലക്ഷണമുള്ളവർക്ക് ഉചിതമായ ചികിത്സ ലഭ്യമാക്കുന്നതാണ്. കൂടാതെ ഈ രോഗം മറ്റുള്ളവരിലേക്ക് പടരാതിരിക്കാൻ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധവും നൽകുന്നതുമാണെന്നും വീണാ ജോർജ് വ്യക്തമാക്കി.

എന്താണ് ചെങ്കണ്ണ്

കണ്ണിൽ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാൽ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.

രോഗ ലക്ഷണങ്ങൾ

കണ്ണ് ചുവപ്പ്, അമിത കണ്ണുനീർ, കൺപോളകളിൽ വീക്കം, ചൊറിച്ചിൽ, പഴുപ്പ്, രാവിലെ എഴുന്നേൽക്കുമ്പോൾ പഴുപ്പ് കാരണം കണ്ണ് തുറക്കാൻ പ്രയാസം എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണം.

എത്ര ദിവസം വിശ്രമിക്കണം

ചെങ്കണ്ണ് ബാധിച്ചാൽ സാധാരണ ഗതിയിൽ 5 മുതൽ 7 ദിവസം വരെ നീണ്ടു നിൽക്കാം. രോഗം സങ്കീർണമായാൽ 21 ദിവസംവരേയും നീണ്ടുനിൽക്കാം. ചെങ്കണ്ണ് ബാധിച്ചാൽ എത്രയും വേഗം നേത്രരോഗ വിദഗ്ധന്റെ നിർദേശ പ്രകാരം ചികിത്സ തേടണം. രോഗമുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്. കുട്ടികളുൾപ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടിൽ വിശ്രമിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെങ്കണ്ണ് വളരെപ്പെട്ടെന്ന് പടർന്നു പിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ ചെങ്കണ്ണ് ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തി ശുചിത്വം ഏറെ പ്രധാനമാണ്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാൻ സാധ്യതയുണ്ട്. ഈ പ്രതലങ്ങളിൽ രോഗമില്ലാത്തയാൾ സ്പർശിച്ചാൽ അതുവഴി രോഗാണുക്കൾ കണ്ണിലെത്താൻ സാധ്യതയുണ്ട്. രോഗം ബാധിച്ച വ്യക്തികളിൽ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പർ, പുസ്തകം, തൂവാല, സോപ്പ്, ടവ്വൽ മുതലയാവ മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കൈ വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. വീട്ടിൽ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കിൽ കുട്ടികൾക്ക് രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികൾ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താൽ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകുന്നതാണ്.

Read Also: ആശ്രമം കത്തിച്ച കേസ്, സാക്ഷിയെ ആര്‍എസ്എസ് സ്വാധീനിച്ചു: ആരോപണം ഉന്നയിച്ച് സന്ദീപാനന്ദ ഗിരി

shortlink

Related Articles

Post Your Comments

Related Articles


Back to top button