KeralaLatest NewsNews

ചികിത്സാ പിഴവിനെ തുടർന്ന് ഭാര്യ മരിച്ച സംഭവത്തിൽ ഭർത്താവിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

മലപ്പുറം: ചികിത്സാ പിഴവിനെ തുടർന്ന് ഭാര്യ മരിച്ച സംഭവത്തിൽ ഭർത്താവിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷൻ.

വയറിലെ മുഴ നീക്കം ചെയ്യുന്നതിനാണ് ഭാര്യയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഓപ്പറേഷനിലൂടെ നീക്കം ചെയ്ത ഭാഗങ്ങൾ വിശദമായ പരിശോധനകൾക്കായി പെരിന്തൽമണ്ണയിലെ ലാബിലേക്ക് അയച്ചു. എന്നാല്‍, പരിശോധനയിൽ ക്യാൻസർ രോഗത്തിന്റെ ലക്ഷണങ്ങൾ ഒന്നുമില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. എന്നാൽ തുടർന്നും രോഗശമനം ഇല്ലാത്തതിനാൽ പത്ത് മാസത്തോളം ചികിത്സ തുടർന്നു. ഒടുവിൽ ക്യാൻസറിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം ആർ.സി.സി.യിലേക്ക് യുവതിയെ റഫർ ചെയ്യുകയായിരുന്നു.

അവിടെ നടത്തിയ പരിശോധനയിൽ ക്യാൻസർ രോഗം മൂർദ്ധന്യാവസ്ഥയിലെത്തിയതായി കണ്ടെത്തി. കൂടുതൽ ചികിത്സകൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിനെ സമീപിക്കാൻ നിർദ്ദേശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടാനിരിക്കെ യുവതി മരിക്കുകയായിരുന്നു.

ആർ.സി.സിയിൽവച്ച് പെരിന്തൽമണ്ണ ലബോറട്ടറിയിൽ പരിശോധിച്ച കാര്യങ്ങൾ വീണ്ടും പരിശോധിച്ചതിൽ നേരത്തെ തന്നെ ക്യാൻസർ രോഗം ഉണ്ടായിരുന്നുവെന്ന് കണ്ടതിനെ തുടർന്നാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മീഷനെ പരാതിയുമായി സമീപിച്ചത്. ആർ.സി.സിയിലെ പരിശോധനാ ഫലത്തിന് പെരിന്തൽമണ്ണയിലെ ലബോറട്ടറിയേക്കാൾ ആധികാരികതയില്ലെന്നും മെഡിക്കൽ വിദഗ്ദന്റെ തെളിവില്ലാത്തതിനാൽ ഹർജി തള്ളണമെന്നുള്ള വാദം കമ്മീഷൻ അംഗീകരിച്ചില്ല. ആർ.സി.സിയിൽ നിന്നുള്ള റിപ്പോർട്ട് വിദഗ്ധാഭിപ്രായത്തിന് തുല്യമാണെന്ന് കണ്ടാണ് ഉപഭോക്തൃ കമ്മീഷന്റെ വിധി. പരാതിക്കാരന്റെ ഭാര്യക്ക് യഥാസമയം ചികിൽസ നൽകാൻ കഴിയാതെ വന്നതിന് കാരണം ഡോക്ടർ നൽകിയ തെറ്റായ ലാബ് റിപ്പോർട്ടാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

പരാതിക്കാരന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നതിന് പുറമേ 20,000 രൂപ കോടതി ചെലവും ഉത്തരവ് കിട്ടി ഒരു മാസത്തിനകം നൽകണമെന്നും അല്ലാത്തപക്ഷം വിധി തിയതി മുതൽ 12 ശതമാനം പലിശ നൽകണമെന്നും ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധിയിൽ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button