KeralaLatest News

വിവാഹത്തലേന്ന് സെൽഫിയ്ക്കിടെ വധു 50 അടിയിലേറെ താഴ്ചയുള്ള പാറക്കുളത്തിൽ വീണു, കൂടെച്ചാടി വരനും: വിവാഹം നീട്ടിവെച്ചു

കൊല്ലം: കൊല്ലത്ത് വിവാഹത്തലേന്ന് സെൽഫിയെടുക്കുന്നതിനിടെ വധു 50 അടിയിലേറെ താഴ്ചയിൽ ആഴമുള്ള പാറക്കുളത്തിൽ വീണു. പെൺകുട്ടിയെ രക്ഷിക്കാൻ പിന്നാലെ വരനും ചാടി. ഒടുവിൽ വസ്ത്രത്തിൽ പിടിച്ച് കുട്ടിയെ കരയ്ക്കടുപ്പിച്ചു. നിലവിളി കേട്ടെത്തിയ പ്രദേശവാസി നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം നടത്തി. വധുവിനെ കാലിന് പരിക്കേറ്റതിനാൽ വിവാഹം മൂന്ന് മാസത്തേക്ക് നീട്ടി വെച്ചിരിക്കുകയാണ്. പരവൂര്‍ കൂനയില്‍ അശ്വതികൃഷ്ണയില്‍ വിനു കൃഷ്ണന്‍, കല്ലുവാതുക്കല്‍ ശ്രീരാമപുരം അറപ്പുരവീട്ടില്‍ സാന്ദ്ര എസ്.കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പാരിപ്പള്ളി വേളമാനൂര്‍ കാട്ടുപുറം പാറക്വാറിയിലെ കുളത്തിലാണ് ഇരുവരും വീണത്. സെല്‍ഫിയെടുക്കുന്നതിനിടെ സാന്ദ്ര കാല്‍ വഴുതി ക്വാറിയില്‍ പതിക്കുകയായിരുന്നു. വ്യാഴാഴ്ച 11-നായിരുന്നു അപകടം. വെള്ളിയാഴ്ചയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും ദര്‍ശനത്തിനായി വിവിധ ക്ഷേത്രങ്ങളില്‍ പോയിരുന്നു. തുടര്‍ന്നാണ് വേളമാനൂര്‍ കാട്ടുപുറത്തെത്തിയത്. സാന്ദ്ര വീണതിനെത്തുടര്‍ന്ന് രക്ഷിക്കാനായി വിനു കൃഷ്ണന്‍ കൂടെച്ചാടി. വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന സാന്ദ്രയെ വിനു കൃഷ്ണന്‍ രക്ഷിച്ച് പാറയില്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു.

സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിനെത്തിയ യുവാവ് സംഭവം കണ്ട് പ്രദേശവാസികളെയും പോലീസിനെയും വിവരമറിയിച്ചു. പാരിപ്പള്ളി പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. പാറ പൊട്ടിച്ച് 120-ലധികം അടി താഴ്ചയുള്ളതാണ് ക്വാറി. പ്രദേശവാസികളായ രണ്ടുയുവാക്കളുടെ നേതൃത്വത്തില്‍ കുളത്തിലിറങ്ങി ചങ്ങാടത്തില്‍ ഇരുവരെയും രക്ഷിച്ച് കരയ്‌ക്കെത്തിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിശ്രുത വധൂവരന്മാര്‍ പരിക്കേറ്റ് ആശുപത്രിയിലായതിനാല്‍ വിവാഹം മൂന്നു മാസത്തേക്ക് മാറ്റിവെച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button