Article

ക്രിസ്തുമസ് ആചാരങ്ങളും ആഘോഷ രീതികളും

 

 

ക്രിസ്തുമസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങള്‍ക്കും കാലഘട്ടങ്ങള്‍ക്കുമനുസരിച്ച് വ്യത്യസ്തമാണ്. തികച്ചും മതപരമായ ആഘോഷങ്ങളേക്കാള്‍ മതേതരമായ രീതികള്‍ക്കാണ് ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം കാണുന്നത്. ഏതായാലും ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജര്‍മ്മനിയില്‍ നിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ക്രിസ്തുമസ് മരം, പരസ്പരം സമ്മാനങ്ങള്‍ കൈമാറല്‍ എന്നിവ ഉദാഹരണം. ജര്‍മ്മനിയില്‍ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുന്‍പ് നിലവിലുണ്ടായിരുന്ന യൂല്‍ എന്ന ശൈത്യകാല വിശേഷദിനത്തിലെ ആചാരങ്ങളാണ് പിന്നീട് ക്രിസ്തുമസ്സിലേക്കും അനുരൂപണം ചെയ്തത്.

മതപരമായ ആചാരങ്ങള്‍

 

ഒട്ടുമിക്ക ക്രിസ്തുമത വിഭാഗങ്ങളും ഡിസംബര്‍ ആദ്യവാരത്തോടെ ക്രിസ്തുമസ്സിനുള്ള ഒരുക്കം തുടങ്ങും. കത്തോലിക്കാ വിശ്വാസികളുടെ ആരാധനക്രമത്തില്‍ ‘മംഗളവാര്‍ത്താക്കാളം’ എന്നാണിത് അറിയപ്പെടുന്നത്. യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള മംഗളവാര്‍ത്തയും പ്രവചനങ്ങളുമൊക്കെയാണ് ഈ കാലഘട്ടത്തില്‍ അനുസ്മരിക്കുന്നത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളില്‍ ഒരു വിഭാഗം 25 ദിവസം നോമ്പെടുത്താണ് ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്.മാംസം, മത്സ്യം, മുട്ട എന്നിവയില്‍ ചിലതോ എല്ലാമോ വര്‍ജ്ജിക്കുകയാണ് പതിവ്. ക്രിസ്തുമസ് തലേന്ന് (ഡിസംബര്‍ 24) അര്‍ദ്ധരാത്രിയിലാണ് ക്രിസ്തീയ ദേവാലയങ്ങളില്‍ യേശുവിന്റെ പിറവി അനുസ്മരണ കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. ചിലയിടങ്ങളില്‍ ഇതിനുപകരം ക്രിസ്തുമസ് ദിനത്തില്‍ തന്നെയാണ് കര്‍മ്മങ്ങള്‍.

മതേതര ആചാരങ്ങള്‍

മതേതരമായ ആഘോഷങ്ങള്‍ക്കാണ് ക്രിസ്തുമസ് നാളുകളില്‍ പ്രാമുഖ്യം. ക്രിസ്തുമത വിശ്വാസികള്‍ തുലോം കുറവായ ദേശങ്ങളില്‍പ്പോലും ക്രിസ്തുമസ് ആഘോഷങ്ങള്‍ നടക്കാറുണ്ട്.

സാന്റാക്ലോസ് അപ്പൂപ്പന്‍

 

ക്രിസ്തുമസ് നാളുകളില്‍ സാര്‍വ്വദേശീയമായി നിറഞ്ഞു നില്‍ക്കുന്ന രൂപമാണ് സാന്റാക്ലോസ്. നാലാം നൂറ്റാണ്ടില്‍ ഏഷ്യാമൈനറില്‍ ജീവിച്ചിരുന്ന സെന്റ് നിക്കോളസ് എന്ന പുണ്യചരിതനാണ് സാന്റാക്ലോസായി മാറിയത്. ക്രിസ്തുമസ് ഒരുക്കങ്ങളുടെ നാളുകള്‍ക്കിടയില്‍ ഡിസംബര്‍ ആറിനാണ് വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താല്‍ ഡച്ചുകാര്‍ സെന്റ് നിക്കോളസിനെ ക്രിസ്തുമസ് സമ്മാനങ്ങള്‍ വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാര്‍വദേശീയമാവുകയും ചെയ്തു. സെന്റ് നിക്കോളസ് എന്നത് ലോപിച്ച് സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ് അപ്പൂപ്പന്‍, ക്രിസ്തുമസ് പപ്പാ, അങ്കിള്‍ സാന്റാക്ലോസ് എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്നു.

ആംഗ്ലോ-അമേരിക്കന്‍ പാരമ്പര്യമുള്ള നാടുകളില്‍ സാന്റാക്ലോസിന്റെ വരവ് പ്രത്യേകരീതിയിലാണ്. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച് ക്രിസ്തുമസ് തലേന്ന് പാതിരാത്രിയില്‍ ശൈത്യകാല മാനുകള്‍ വലിക്കുന്ന വണ്ടിയിലാണ് സാന്റാക്ലോസ് എത്തുന്നത്. ഒരോവീടുകളുടെയും സിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങള്‍ വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യന്‍ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ക്രിസ്തുമസ് നാളുകളില്‍ വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികള്‍ പ്രചാരത്തിലുണ്ട്. സാന്റാക്ലോസ് അപ്പൂപ്പന്‍ ക്രിസ്തുമസ് തലേന്ന് ആരുമറിയാതെ വച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ് മതാപിതാക്കള്‍ കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനങ്ങള്‍ നല്‍കുന്നത്.

ക്രിസ്തുമസ് മരം

ദീപാലംകൃതമായ ക്രിസ്തുമസ് മരം

 

ക്രിസ്തുമസ് ആഘോഷത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത മറ്റൊരു ഘടകമാണ് ക്രിസ്തുമസ് മരം. ക്രിസ്തുമസിന്റെ ഈ സാര്‍വദേശീയ പ്രതീകം ജര്‍മ്മന്‍ പാരമ്പര്യത്തില്‍ നിന്നുള്ളതാണ്. സ്വര്‍ഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ് ജര്‍മ്മന്‍കാര്‍ ക്രിസ്തുമസ് മരത്തെ കണ്ടിരുന്നത്. ക്രിസ്തുമസ് നാളുകളില്‍ പിരമിഡ് ആകൃതിയുള്ള മരങ്ങള്‍ അലങ്കരിക്കുന്ന ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടര്‍ന്നു. മരങ്ങളോ അല്ലെങ്കില്‍ തൂപികാഗ്രികളോ ആണ് ക്രിസ്തുമസ് മരമൊരുക്കാന്‍ സാധാരണ ഉപയോഗിക്കുന്നത്. അലങ്കാരങ്ങള്‍ക്കൊപ്പം ക്രിസ്തുമസ് മരത്തില്‍ സമ്മാനപ്പൊതികള്‍ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്. ക്രിസ്തുമസ് മരത്തിന്റെ ആകൃതിയില്‍ മനുഷ്യര്‍ ഒത്തുചേര്‍ന്ന് മനുഷ്യ ക്രിസ്തുമസ് മരം രുപീകരിക്കുന്ന രീതി പുതിയതായി കണ്ടുവരുന്നു.

ക്രിസ്തുമസ് നക്ഷത്രം

ക്രിസ്തുമസ് നാളുകളില്‍ വീടുകളില്‍ നക്ഷത്ര വിളക്കുകളിടുന്ന രീതി ചില രാജ്യങ്ങളില്‍ നിലവിലുണ്ട്. കേരളത്തിലും ക്രിസ്തുമസ്സിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണിത്. യേശുവിന്റെ ജനനമറിഞ്ഞു ബെത്ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികള്‍ക്ക് വഴികാട്ടിയായ നക്ഷത്രത്തെയാണ് നക്ഷത്രവിളക്കുകള്‍ തൂക്കി അനുസ്മരിക്കുന്നത്._

shortlink

Related Articles

Post Your Comments

Related Articles


Back to top button