Life Style

കഫത്തില്‍ രക്തം കാണുന്നത് നിസാരമാക്കരുത്, ശ്വാസകോശ അര്‍ബുദമാകാം

 

നിത്യജീവിതത്തില്‍ നാം പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും നേരിടാറുണ്ട്. ഇവയില്‍ ചിലതെങ്കിലും ഗൗരവമുള്ള അസുഖങ്ങളുടെ ലക്ഷണമായി വരുന്നതാകാം. എന്നാല്‍ മിക്കപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം അധികപേരും നിസാരമായി തള്ളിക്കളയാറാണ് പതിവ്.

ഇങ്ങനെ പലതും അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ഒരുപക്ഷെ ഭാവിയില്‍ വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിക്കാം. സമാനമായ രീതിയില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് കഫത്തില്‍ രക്തത്തിന്റെ അംശം കാണുന്നത്.

തുപ്പുമ്പോള്‍ അതില്‍ രക്തം കാണുന്നത് ചില സന്ദര്‍ഭങ്ങളില്‍ വായിലെ മുറിവുകള്‍ (പുണ്ണുകള്‍) കാരണമോ, മോണരോഗം കാരണമോ എല്ലാമാകാം. എന്നാല്‍ കഫത്തിനുള്ളിലാണ് രക്തം കാണുന്നതെങ്കില്‍ തീര്‍ച്ചയായും ഇത് പരിശോധിക്കേണ്ടതാണ്.

ശ്വാസകോശാര്‍ബുദം, ന്യുമോണിയ, ശ്വാസകോശത്തെ ബാധിച്ചിരിക്കുന്ന ഗുരുതരമായ അണുബാധ എന്നിവയുടെയെല്ലാം ലക്ഷണമായാകാം ഇതുണ്ടാകുന്നത്. ഇവയെല്ലാം തന്നെ വളരെയധികം ശ്രദ്ധ നല്‍കേണ്ട, സമയബന്ധിതമായി ചികിത്സ നല്‍കേണ്ട അസുഖങ്ങളാണ്.

ഇക്കൂട്ടത്തില്‍ ശ്വാസകോശാര്‍ബുദ സാധ്യതക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. കാരണം ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യഘട്ടങ്ങളിലൊന്നും ഇത്തരത്തില്‍ കഫത്തില്‍ രക്തം കാണണമെന്നില്ല. രോഗം അല്‍പം കൂടി മുന്നോട്ട് നീങ്ങുമ്പോള്‍ ശ്വാസകോശത്തിലെ എയര്‍വേകളില്‍ രക്തസ്രാവമുണ്ടാവുന്നു. ഇങ്ങനെയാണ് കഫത്തിലും രക്തം കാണുന്നത്.

ഇതിനൊപ്പം തന്നെ എപ്പോഴും ചുമ, തൊണ്ടയടപ്പ്, ശബ്ദത്തില്‍ വ്യത്യാസം എന്നീ പ്രശ്‌നങ്ങളും കാണുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തേണ്ടതാണ്. ചുമയാണെങ്കില്‍ അത് മൂന്നാഴ്ചയിലധികം പേകുന്നുവെങ്കില്‍ നിര്‍ബന്ധമായും പരിശോധന നടത്തുക.

ശ്വാസകോശാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍…

1) വിട്ടുമാറാത്ത ചുമ
2) നെഞ്ചുവേദന
3) ശ്വാസതടസം
4) കിതപ്പ്
5) കഫത്തില്‍ രക്തം
6) എപ്പോഴും തളര്‍ച്ച
7) പെട്ടെന്ന് ശരീരഭാരം കുറയുന്ന അവസ്ഥ
8) ശബ്ദത്തില് വരുന്ന വ്യത്യാസം
9) തലവേദന
10) ശരീരവേദന

സാധാരണഗതിയില്‍ ഈ പ്രശ്‌നങ്ങളെല്ലാം തീര്‍ത്തും നിസാരമായ ആരോഗ്യപ്രശ്‌നങ്ങളുടെയോ അല്ലെങ്കില്‍ അത്ര ഗൗരവമില്ലാത്ത രോഗങ്ങളുടെയോ ലക്ഷണമായി വരുന്നവ കൂടിയാണ്. അതിനാല്‍ ഇവ കാണുന്നപക്ഷം തന്നെ സ്വയം രോഗം നിര്‍ണയിക്കാന്‍ ശ്രമിക്കരുത്. നിര്‍ബന്ധമായും ഡോക്ടറെ കണ്ട ശേഷം പരിശോധനയിലേക്ക് കടക്കുക

 

shortlink

Related Articles

Post Your Comments

Related Articles


Back to top button