Latest NewsIndia

കെജിഎഫ് ബാബു എന്ന യൂസുഫ് ഷെരീഫിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കോൺഗ്രസ്

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് കെജിഎഫ് ബാബു എന്ന യൂസുഫ് ഷെരീഫിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 80ലധികം സീറ്റുകള്‍ ലഭിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി. ചിക്‌പേട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന നേതാവാണ് കെജിഎഫ് ബാബു.

‘ചിലര്‍ പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചന നടത്തുന്നു. കോണ്‍ഗ്രസ് 80 സീറ്റിനപ്പുറത്തേക്ക് പോവില്ല. നമ്മള്‍ അമിത ആത്മവിശ്വാസത്തിലാണ്’, എന്നാണ് കെജിഎഫ് ബാബു പറഞ്ഞത്. പാര്‍ട്ടി പ്രതിച്ഛായ നശിപ്പിച്ചതിനാണ് നടപടിയെന്നാണ് കര്‍ണാടക കോണ്‍ഗ്രസ് അച്ചടക്ക സമിതി അദ്ധ്യക്ഷന്‍ കെ റഹ്മാന്‍ ഖാന്റെ നിലപാട്. കെജിഎഫ് ബാബുവിന്റെ പ്രസ്താവനക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്ത് വെച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ കെജിഎഫ് ബാബുവിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി.

ചിക്‌പേട്ട് മണ്ഡലത്തെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കെജിഎഫ് ബാബു സജീവമാക്കിയിരുന്നു. ബാബുവിനെ കൂടാതെ മറ്റ് നാല് പേരും സീറ്റിന് വേണ്ടി ശ്രമിച്ചിരുന്നു. മുന്‍ എംഎല്‍എ ആര്‍വി ദേവരാജാണ് ഇതില്‍ പ്രമുഖന്‍. ‘ചിക്‌പേട്ടില്‍, കഴിഞ്ഞ ആറ് മാസങ്ങളായി ഞാന്‍ പ്രവര്‍ത്തിക്കുന്നു. ഒരു വീടിന് 500 രൂപ വെച്ച് 30 കോടി രൂപ ചെലവഴിച്ചു. പക്ഷെ കോണ്‍ഗ്രസിലൊരാളും തന്നെ പിന്തുണക്കുന്നില്ല’, ബാബു പറഞ്ഞു. ദേവരാജ് തന്റെ സാധ്യതയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.

ഈ നേതാക്കള്‍ ഒരു പണിയെടുക്കുകയുമില്ല. എടുക്കുന്നവരെ അതിന് സമ്മതിക്കുകയില്ലെന്നും ബാബു പറഞ്ഞു. 2021ലെ എംഎല്‍സി തെരഞ്ഞെടുപ്പില്‍ ബാബു തന്റെ ആസ്തി വെളിപ്പെടുത്തിയിരുന്നു. 1744 കോടി രൂപയുടെ സ്വത്തുക്കളാണ് ഉള്ളത്. ചിക്ക്‌പേട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി 350 കോടി രൂപ ചെലവഴിക്കാന്‍ തയ്യാറാണെന്ന് ബാബു പറഞ്ഞു. അവര്‍ ചേരികളിലെ വീടുകളില്‍ നിന്ന് ഒഴിഞ്ഞാല്‍, താന്‍ മാസങ്ങള്‍ക്കുള്ളില്‍ 500-550 പുതിയ വീടുകള്‍ താന്‍ നിര്‍മ്മിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button