KeralaLatest News

പാതാളത്തവള കേരളത്തിന്റെ ഔദ്യോഗിക തവള: പ്രഖ്യാപനം ഉടൻ

തൃശൂർ: പശ്ചമിഘട്ടത്തിൽ കാണപ്പെടുന്ന പാതാളത്തവള കേരളത്തിന്‍റെ ഔദ്യോഗിക തവളയാകും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. വനം വന്യജീവി ഉപദേശക ബോർഡിന്റെ വാർഷികയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. വനംവകുപ്പ് ഇതുസംബന്ധിച്ച്‌ നേരത്തേ ശുപാർശ നൽകിയിരുന്നു.

‘നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണ് പാതാളത്തവളയുടെ ശാസ്ത്രീയനാമം. ‘പർപ്പിൾ ഫ്രോഗ്’ എന്നറിയപ്പെടുന്ന ഇവയ്ക്ക് മാവേലിത്തവള, പാതാളത്തവള, പന്നിമൂക്കൻ തവള എന്നിങ്ങനെയും പേരുകളുണ്ട്. മിക്കപ്പോഴും ഭൂമിക്കടിയിലാണ് ഇവ കഴിയുന്നത്. വർഷത്തിൽ ഒരിക്കൽ പ്രജനനത്തിനായി മാത്രമാണ് ഇവ പുറത്തേക്കുവരുന്നത്. ഐ.യു.സി.എൻ. (ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) ചുവപ്പുപട്ടികപ്രകാരം വംശനാശഭീഷണി നേരിടുന്നവയാണിവ.

ഇരിഞ്ഞാലക്കുട സെയ്‌ന്റ് ജോസഫ് കോളേജിലെ സുവോളജി വിഭാഗം അധ്യാപകൻ ഡോ. സന്ദീപ് ദാസാണ് പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ്. ഈസയും ഒപ്പമുണ്ടായിരുന്നു.

പരിണാമപരമായി പ്രത്യേകതയുള്ളവയാണ് പാതാളത്തവളകൾ. 80 മുതൽ 120 ദശലക്ഷം വർഷങ്ങൾക്കുമുമ്പേ ഇവ പരിണമിച്ചിട്ടുണ്ടായെന്ന് കണക്കാക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ സീഷെൽസിൽമാത്രം കാണപ്പെടുന്ന ‘സൂഗ്ലോസിഡോ’ എന്ന കുടുംബത്തിലെ തവളകളുമായി ഇവയ്ക്ക് ബന്ധമുണ്ടെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.

shortlink

Post Your Comments


Back to top button