Latest NewsNewsLife Style

മുഖക്കുരുവും മുടി കട്ടി കുറയലും, കൊഴിച്ചിലും; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍…

സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് നിത്യജീവിതത്തില്‍ കുറെക്കൂടി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണ്. ആര്‍ത്തവസംബന്ധമായ പ്രയാസങ്ങള്‍, കായികക്ഷമതയുടെ കുറവ് മൂലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്നതിനാല്‍ നിത്യജീവിതത്തില്‍ പലവിധത്തിലുമുള്ള പ്രശ്നങ്ങള്‍ സ്ത്രീകള്‍ അധികമായി നേരിടാം.

ഇതില്‍ ആര്‍ത്തവസംബന്ധമായി നേരിടുന്നൊരു പ്രശ്നമാണ് ‘പോളിസിസ്റ്റിക് ഓവറി സിൻഡ്രോം’ അഥവാ പിസിഒഎസ്. മോശം ജീവിതശൈലികളെ തുടര്‍ന്നാണ് അധികവും സ്ത്രീകളില്‍ പിസിഒഎസ് കാണപ്പെടുന്നത്. ഹോര്‍മോണ്‍ അളവില്‍ വരുന്ന വ്യതിയാനമാണ് പിസിഒഎസ്.

ഒരുപിടി പ്രശ്നങ്ങള്‍ പിസിഒഎസ് അനുബന്ധമായി സ്ത്രീകളിലുണ്ടാക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത് സമയത്തിന് തിരിച്ചറിയപ്പെടാതിരിക്കുന്നതും പരിഹരിക്കാൻ ശ്രമങ്ങള്‍ നടത്താതിരിക്കുന്നതും മൂലം ഇത് കൂടുതല്‍ സങ്കീര്‍ണതകള്‍ തീര്‍ക്കാം.

പ്രധാനമായും വന്ധ്യത പോലുള്ള ഗൗരവമുള്ള പ്രയാസങ്ങളാണ് പിസിഒഎസ് ഉണ്ടാക്കുക. അതിനാല്‍ തന്നെ സമയബന്ധിതമായി ഇത് കണ്ടെത്തപ്പെടേണ്ടത് അത്യാവശ്യമാണ്. പുറമേക്ക് കാണുന്ന ചില ലക്ഷണങ്ങളില്‍ കൂടി തന്നെ പിസിഒഎസ് മനസിലാക്കാവുന്നതാണ്. അത്തരത്തില്‍ കാണുന്ന ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

പിസിഒഎസ് എന്നാല്‍ ഹോര്‍മോണ്‍ വ്യതിയാനമാണ് കാര്യമായും സംഭവിക്കുന്നതെന്ന് പറഞ്ഞുവല്ലോ. ഇതിന്‍റെ ഭാഗമായാണ് ആര്‍ത്തവത്തിലും ക്രമക്കേടുണ്ടാകുന്നത്. ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ വളരെ പ്രത്യക്ഷമായി തന്നെ പ്രതിഫലിക്കും.

അമിതമായ മുഖക്കുരുവാണ് ഇതില്‍ ഒരു ലക്ഷണം. കീഴ്ത്താടി, കവിള്‍, കഴുത്തിന്‍റെ മുകള്‍ഭാഗം എന്നിവിടങ്ങളിലെ മുഖക്കുരുവാണ് ശ്രദ്ധിക്കേണ്ടത്. മുഖത്തെ എണ്ണമയം വര്‍ധിക്കുകയും ചെയ്യാം.

ആര്‍ത്തവത്തില്‍ ക്രമക്കേടുണ്ടാകുകയോ അതല്ലെങ്കില്‍ ആര്‍ത്തവമില്ലാതിരിക്കുകയോ ചെയ്യുന്ന അവസ്ഥ പിസിഒഎസിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമായി കണക്കാക്കപ്പെടുന്നു. ആര്‍ത്തവസമയത്തെ അമിതവേദന, രക്തസ്രാവം എന്നിവയും പ്രത്യേകം ശ്രദ്ധിക്കുക. കാരണം പിസിഒഎസ് ഉള്ള സ്ത്രീകളില്‍ അണ്ഡാശയത്തില്‍ ചെറിയ മുഴകള്‍ കാണാം. ഇതോടെയാണ് വേദനയും അമിത രക്തസ്രാവവുമെല്ലാം ഉണ്ടാകുന്നത്.

മുഖത്തും ശരീരത്തില്‍ ചിലയിടങ്ങളിലും അമിത രോമവളര്‍ച്ചയുണ്ടാകുന്നുവെങ്കില്‍ അതും ശ്രദ്ധിക്കുക. മുഖത്തിന് പുറമെ, പുറംഭാഗം, പിൻഭാഗം എന്നിവിടങ്ങളിലാണ് രോമവളര്‍ച്ച കൂടുതല്‍ കാണുക.

ശരീരഭാരം കൂടുക, മുടി കട്ടി കുറയുക, മുടി കൊഴിച്ചില്‍ എന്നിവയാണ് ഇതിന്‍റെ പ്രകടമായ മറ്റ് ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങളെല്ലാം കാണുന്നപക്ഷം ഉടൻ തന്നെ ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തുകയും ആവശ്യമായ നിര്‍ദേശങ്ങളും തേടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button